Thursday, October 2, 2014

ചാണ്ടിജയന്തി

മലയാളീസ് - സ്വാതന്ത്ര്യം മേടിച്ച് തന്ന ഗാന്ധിജി ജനിച്ച ദിവസം സ്വാതന്ത്ര്യം ഇല്ലാതെ ജീവികേണ്ടി വന്ന സമൂഹം!!

പറയുമ്പോലെ ഇപ്പൊ എന്നും ഗാന്ധിജയന്തി ആണല്ലോ, സോറി ഗാന്ധിജയന്തി അല്ല ചാണ്ടിജയന്തി!!

ഗാന്ധി സ്വപ്നത്തിൽ പോലും ഓർത്ത് കാണില്ല അങ്ങോർക്ക് ഇങ്ങനൊരു കൊമ്പറ്റീറ്റർ ഉണ്ടാകുമെന്ന്!!

#dryday #alcoholban #drykerala #kudivellaprashnam

Sunday, September 28, 2014

ഗദ്യം - സ്വാതന്ത്ര്യം ജനാധിപത്യം - മാതൃസ്നേഹം!!

സ്ഥിരമായി നമ്മുടെ വീട്ടിൽ കള്ളന്മാർ കേറുന്നു
മോഷണം കാരണം നമ്മൾ പട്ടിണിയിൽ ആകുന്നു

ഭാഗ്യവശാൽ ഒരു ദിവസം അതിൽ ഒരു കള്ളൻ പിടിക്കപ്പെടുന്നു
വർഷങ്ങൾക്ക് ശേഷം അയാളെ കോടതി ശിക്ഷിക്കാൻ വിധിക്കുന്നു
അത് കേട്ടപാടെ, നമ്മുടെ വീട്ടുകാർ തന്നെ അതിനെതിരെ ബഹളം ഉണ്ടാക്കുന്നു
ബസ്സ്‌ കത്തിക്കുന്നു കടകൾ തകര്ക്കുന്നു ആത്മഹത്യ വരെ ചെയ്യുന്നു
വീട്ടിലെങ്ങും കരച്ചിലും പിഴിച്ചിലും

ഇതൊക്കെ കണ്ട് വീട്ടിലെ ഏറ്റവും ഇളയവൻ വണ്ടർ അടിച്ചിരിക്കുന്നു
രണ്ടാമത്തവൻ ഫേസ്ബുക്കിൽ ഇത് എഴുതി ഇടുന്നു
മൂന്നാമത്തവൻ അത് വായിക്കുന്നു
നാലമത്തവൻ അത് മറ്റുള്ളവരോട് പറയുന്നു
പക്ഷെ അമ്മക്ക് ഏറ്റവും വേണ്ടപെട്ട അന്ജാമൻ,
മറ്റൊരു അമ്മക്ക് വേണ്ടി ബസ്സ്‌ കത്തിക്കാൻ ഇറങ്ങി പോകുന്നു!!

by
പ്രവാസി ശശി
ഡാം പോയ നഗർ
തേഞ്ഞൊട്ടി പഞ്ചായത്ത്
തിരുവനന്തപുരം W

Saturday, September 20, 2014

മാറുന്ന മനുഷ്യസ്നേഹം!!

അവൻ: അളിയാ അറിഞ്ഞാ ക്രിസ് കെയിൻസ് ജീവിക്കാൻ വക ഇല്ലാതെ ബസ് സ്റ്റോപ്പ്‌ കഴുവുന്നത്രേ. പാവം അല്ലെ? എന്ത് നല്ല കളിക്കാരാൻ ആയിരുന്നു!! ദൈവം ഇത്ര ക്രൂരനാണോ?

ഞാൻ പത്രം ഉറക്കെ വായിച്ചു "കാശ്മീരിൽ മരണം 280 കഴിഞ്ഞു, കുടുംബങ്ങൾ ചിന്ന ഭിന്നമായി"

അവൻ: കാശ്മീരിൽ എന്താ പ്രശ്നം? വെടിവെപ്പാണോ? ഇവരെ കൊണ്ട് വലിയ ശല്യം തന്നെ!!

ഞാൻ: മനുഷ്യൻ എത്ര ക്രൂരനാണെന്ന് നീ ആലോചിച്ചിട്ടുണ്ടോ?

അവൻ: ഞാൻ പോകുന്നു, എനിക്ക് ഐസ് ബക്കറ്റ് ചാലെഞ്ചിന്റെ വീഡിയോ ഫേസ്ബുക്കിൽ അപലോഡ് ചെയ്യണം.

ഞാൻ: :)

സിറിയയിൽ ബോംബ്‌ പോട്ടുന്ന വാർത്തയെക്കാളും വായനക്കാർ വായിക്കുന്നത് ഐഫോണ്‍ 6 താഴെ വീണു പൊട്ടിയ വാർത്തയാണല്ലോ!!

Sunday, September 14, 2014

അച്ചടി ഭാഷ

കഥ നടക്കുന്നത് കുറച്ച് കാലം മുൻപ്‌

സ് ഥലം കേരള തമിഴ്‌നാട് ബോർടർ

അവസ്ഥ ആന റോഡിൽ ഇറങ്ങി വണ്ടി മുന്നോട്ട് പോകാൻ വയ്യാണ്ട് സ്റ്റക്ക് ആയി നില്ക്കുന്നു

കഥാപാത്രങ്ങൾ:
കോട്ടയം ലിജോ (കോലി)
ചെറിയ വിഷ്ണു (ചെവി)
വലിയ വിഷ്ണു (വാവ)
ലഹരി സാബു (ലിസ)
ഞാൻ (ഞാൻ)

വണ്ടിക്കകത്ത് പൊരിഞ്ഞ തർക്കം

കോലി: എടാ എന്തൊക്കെ പറഞ്ഞാലും കോട്ടയത്തെ ഫാഷ ഉണ്ടല്ലോ, അതാണ്‌ അച്ചടി ഫാഷ.

ഞാൻ: എന്ത് വെച്ചടി ഭാഷയാ?

കോലി: പ്ഫ!! വെച്ചടി അല്ല, അച്ചടി, അച്ചടി

ചെവി: അളിയാ, അച്ചാറിന്റെ "അച്ച"നും, വെടിയുടെ "ടി"യും

ഞാൻ: അതന്നല്ലേ ഞാനും പറഞ്ഞത്, എനിവേസ് അച്ചാറിന് അച്ഛനുള്ള കാര്യം ഇപ്പഴാണ് ഞാൻ അറിഞ്ഞത്. "I am the sorry"

വാവ: തിരോന്തോരത്തെ ഭാഷക്ക് യെന്തെരെടെയ്‌ ഒരു കുഴപ്പം?

കോലി: ഹോ, എന്തൊരു കൂറ ഫാഷ ആണത്. കേൾക്കുംബോൾ തന്നെ അറപ്പ് തോന്നും. "എന്തര് മൊട?", "അടിച്ച് റൊട്ടി ആക്കും", "കലിപ്പ് തന്നെ?", "വേഷാ കിട്ടിയാ?", "അഴുക്ക പയല്", അസഹനീയം.

ഞാൻ: ബെസ്റ്റ്, അതൊക്കെ മാറ്റി, "എന്തുവാ അഹങ്കാരം", "അടി തന്ന് പത്തിരി പോലെ ആക്കും", "കുഴപ്പം ഉണ്ടാക്കാനാണോ ഫാവം", "നന്നായി അനുഭവിച്ചു അല്ലെ?", "കൊള്ളരുതാത്ത യുവാവ്" എന്നൊക്കെ പറഞ്ഞാൽ നല്ല എഫ്ഫക്റ്റ്‌ ആയിരിക്കും. എണീറ്റ് പോടേയ്.

കീരിക്കാടാൻ ജോസ് അടിക്കാൻ വരുമ്പോ ലാലേട്ടൻ "Hey gunda, Don't fight with me, I am a paavam" എന്ന് പറഞ്ഞാൽ എങ്ങനിരിക്കും, അത് പോലെ ആണ് നിന്റെ അച്ചടി ഫാഷ. അത് ബുക്കിൽ അച്ചടിച്ച്‌ വെക്കാനെ കൊള്ളതുള്ളു, പറഞ്ഞ് തരാൻ വേറെ ആള് വേണം.

കോലി: ഒന്ന് പോടോ, ഇവിടുത്തെ ആള്കാരെ പോലെ തന്നെ ഫാഷയും.

വാവ: പയലേ മിണ്ടാതിരുന്നില്ലേ ഇപ്പൊ പിടിച്ച് ആനക്ക് ഇട്ടു കൊടുക്കും.

ലിസ: അയ്യോ ആന ഇറങ്ങിയോ, ഒരു ഫുൾ ഇനീം ബാക്കി ഇരിപ്പുണ്ട്, ഞാൻ അപ്പഴേ പറഞ്ഞതാ തീർക്കാന്ന്. ഇപ്പൊ എന്തായി. അതടിക്കും മുന്നേ വെല്ലോം ആന എന്ന്നെ തട്ടിയാൽ ഒരുത്തനേം ഞാൻ വെറുതെ വിടില്ല.

ചെവി: അത്രക്ക് ദണ്ണമാണേ നീ പോയി ആ ആനയോട് പറ നിന്നെ മാത്രം കൊല്ലരുതേ എന്ന്.

ലിസ: അയ്യട എന്നിട്ട് വേണം ആ ഗ്യാപ്പിൽ നിനക്കൊക്കെ അതടിച്ച് തീർക്കാൻ.

ഞാൻ തിരിഞ്ഞ് കോലിയെ നോക്കി, അവൻ ടെസ്പ് ആണ്.

ഡാൻസ്‌ കളിക്കാൻ ആവേശത്തോടെ പോയാ ഡാൻസ് കാരീടെ ചെറുവിരൽ മേശയുടെ കാലിൽ തട്ടിയ പോലെ ആയിരുന്നു എന്റെ മറുപടി അവനിൽ പതിച്ചത്.

കൊളപുള്ളി അപ്പന് ജഗന്നാതനോട് തോന്നിയ അതെ വികാരം അവന് എന്നോട് തോന്നിയിട്ടുണ്ടാകാം.

പെട്ടെന്നാണ് ഔര് ജീപ്പ് നമ്മളെ ഒവർട്ടേക്ക് ചെയ്ത് പോയത്

ആൾ-റെടി, കൂനിൻമേൽ കുരുപോട്ടിയിരുന്ന കോലി അത് കണ്ടതും ഒരൊറ്റ തെറി

"നിന്റെ അപ്പന്റെ വകയാണോടാ "മലരേ" (അച്ചടി ഫാഷ?), ഈ റോഡ്‌?" എന്ന്

ജീപ്പിൽ ഉണ്ടായിരുന്ന പയ്യന്മാർ ഒന്നും പറയാണ്ട് പോയി, ജസ്റ്റ്‌ ഒന്ന് ചെറഞ്ഞു. (ഇനീപ്പോ ഇവന്മാരും കോട്ടയം അച്ചടി ഫാഷ ടീംസ് ആണോ?)

കുറച്ച് കഴിഞ്ഞാണ് മനസിലായത് അവർ അവിടുത്തെ ലോകല്സ് ആണെന്നും, ആനയെ റോഡിൽ നിന്ന് ഓടിക്കാൻ വേണ്ടിയാണ് നമ്മളെ ഒവർട്ടേക്ക് ചെയ്ത് പോയതെന്നും!!

തൃപ്തി ആയി ഗോഫിയെട്ടാ തൃപ്തി ആയി

അവന്മാര് നീറ്റ് ആയിട്ട് ആ ആനയെ ഓടിച്ച് വിട്ടു, വണ്ടികൾ പതുക്കെ നീങ്ങി തുടങ്ങി.

പെട്ടെന്നാണ് നമ്മൾ അത് ശ്രദ്ധിച്ചത്, അടുത്ത ജങ്ക്ഷനിൽ ഒരു കൂട്ടം നല്ല ആരോഗ്യമുള്ള യുവാക്കൾ (ഏതായാലും കോട്ടയം ടീംസ് അല്ല) ഓരോ വണ്ടിയും ചെക്ക് ചെയ്ത് കടത്തി വിട്ടോണ്ടിരിക്കുന്നു.

അടുത്തപ്പോ കാര്യം മനസിലായി, ആ കൂട്ടം വേറെ ആരുമല്ല, നേരത്തെ ജീപ്പിൽ പോയ അതെ ടീംസ്.

കാര്യങ്ങൾ എന്താണ്ട് തീരുമാനമായി. എന്റെ ബാഗൊക്കെ സൂക്ഷിച്ച് വെച്ച്, ഞാൻ റെഡി ആയിരുന്നു. എന്ത് കൊണ്ടോ വീട്ടുകാരെ പെട്ടെന്ന് മിസ്സ്‌ ചെയ്യാൻ തുടങ്ങി. അഛാ അമ്മെ എന്നോട് ക്ഷമിക്കു, വെറും ഷോ മാത്രേ ഉള്ളു ഞാൻ ഒരു പാവമാണ്. നെഞ്ചിടി കാരണം ഷർട്ടിന്റെ ബട്ടൻസ് പൊട്ടുമെന്നാ തോന്നുന്നേ.

വണ്ടി അവന്മാരുടെ അടുത്തെത്തി. ഇതിലും ഭേദം ആനയുടെ അടുത്ത് നിറുത്തുന്നതായിരുന്നു.

വളരെ മര്യാദയോടെ ആ കൂട്ടത്തിൽ നിന്ന് ഒരു പയ്യന് വന്ന് ചോദിച്ചു "ചേട്ടാ, തന്തക്ക് വിളിച്ച ആ "പോണ്ടിച്ചേരി" മോനെ (ഹൊ കടുത്തു) മാത്രം ഇങ്ങ് ഇറക്കി വിട്ടാൽ മതി, എന്നിട്ട് നിങ്ങൾ പൊയ്ക്കോ"

അച്ചടി ഭാഷയെ കുറിച്ചു വാദിച്ചോണ്ടിരുന്ന കോലിയുടെ മുട്ടടി ഭാഷ നമ്മൾ കേള്ക്കാൻ തുടങ്ങി. ചാകും മുന്നേ ഫുൾ അടിച്ച് തീർക്കാൻ ശ്രമിക്കുന്ന ലിസയുടെ ഗുളുഗുളു ശബ്ദവും.

പെട്ടെന്നാണ് അത് സംഭവിച്ചത്, രാവണനുമായി എറ്റുമുട്ടിക്കൊണ്ടിരുന്ന അർജുനന്റെ അമ്പുകൾ തീർന്നപ്പോൾ ഭഗവാൻ ശിവൻ ഒരു ലോഡ് അമ്പുകൾ കൊടുത്ത പോലെ (എന്ത്, ഇതെപ്പാ? ഹേ ഭക്താ!! കഥയിൽ ചോദ്യമില്ല, ഏതായാലും ഏഷ്യാനെറ്റിൽ കാണിക്കുന്നേനെക്കാളും  കൊള്ളാം.) അതുവരെ ആന ഇറങ്ങിയത്‌ പോലും അറിയാതെ (വക വെയ്കാതെ) കിടന്നു ഉറങ്ങിക്കൊണ്ടിരുന്ന അനീഷേട്ടൻ (നമ്മുടെ കത്തനാർ, എന്നും നമ്മുടെ രക്ഷകൻ) ഡൈവ് ചെയ്ത് എണീറ്റ് ഒരു ടയലോഗ്

"അയ്യോ, ക്ഷമിക്കണേ, അവൻ അറിയാതെ വിളിച്ച് പോയതാണ്, ടെൻഷൻ കൊണ്ടാണ് അങ്ങനെ പറ്റി പോയത്, അവനു വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു"

ടീംസ്: അല്ല ചേട്ടാ, ടെൻഷൻ ആയാൽ ചുമ്മാ പോകുന്നവരെ തന്തക്ക്‌ വിളിക്കുകയാണോ വേണ്ടത്? ഇവനൊക്കെ എവിടുന്ന് വരുന്നു? (കോട്ടയം കോട്ടയം)

അനീഷേട്ടൻ പിന്നെയും അതേ ടയലോഗ്
"അയ്യോ, ക്ഷമിക്കണേ, അവൻ അറിയാതെ വിളിച്ച് പോയതാണ്, ടെൻഷൻ കൊണ്ടാണ് അങ്ങനെ പറ്റി പോയത്, അവനു വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു"

വെച്ചടി ഭാഷയിൽ രണ്ട് തെറി കൂടെ വിളിച്ചിട്ട് അവന്മാര് പോയി.

അനീഷേട്ടൻ ഉറക്കം കണ്ടിന്യു ചെയ്തു

എനിക്ക് ശ്വാസം തിരിച്ച് കിട്ടി

കിണറിന്റെ മുകളിൽ ഊഞ്ഞാൽ ആടിക്കൊണ്ടിരുന്നപ്പോൾ കയർ പൊട്ടി വീണ് സ്റ്റിക്കർ ആകാൻ ഇരുന്നവൻ, കപ്പിയിൽ കുടുങ്ങി തൂങ്ങി കിടന്ന ഒരു ഫീലിംഗ് ആയിരുന്നു കോലിയുടെ  മുഖത്ത്.

നിറഞ്ഞ്‌ ഉന്തി തള്ളിയ കണ്ണുകളുമായി "ഹവ" ആയിരുന്ന കോലിയോടു ഞാൻ ചോദിച്ചു
"ഈ അച്ചടി ഭാഷ എന്ന് പറഞ്ഞാൽ, അച്ചന് വിളിച്ച് അടി വാങ്ങാനുള്ള ഭാഷ ആണോ അളിയാ?"

ശുഭം!!

Tuesday, September 9, 2014

ഷാരുഖ് ഖാന്റെ 10 പാക്ക്!!


ഇവിടെ: ഹലോ!!
അവിടെ: നമസ്കാരം സിൽക്ക്  എയർ, തിരുവനന്തപുരം.
ഇവിടെ: നമസ്കാരം, ഒരു സംശയം ചോദിക്കാനാ വിളിച്ചത്!!
അവിടെ: എന്താണ് സർ സംശയം? ചോദിചോളു
ഇവിടെ: ഈ ഷാരൂഖ്‌ ഖാന് നിങ്ങടെ വിമാനത്തിൽ യാത്ര ചെയ്യാൻ, അധികം കാശ് കൊടുക്കണോ?
അവിടെ: അതിന്റെ അവിശ്യമെന്താ സർ? അദ്ദേഹം നമ്മുടെ വിമാനത്തിൽ പോകുന്നതിൽ നമുക്ക് സന്തോഷമേ ഉള്ളു!!
ഇവിടെ: അത് പറ, അപ്പൊ നമ്മളെ പോലത്തെ പാവങ്ങൾക്കെ, നിങ്ങടെ നിയമവും കോപ്പുമൊക്കെ ബാധകമുള്ളു അല്ലേ?
അവിടെ: അങ്ങനെ തോന്നാൻ കാരണം?
ഇവിടെ: കഴിഞ്ഞ പ്രാവിശ്യം എന്റെ ലഗ്ഗേജിൽ രണ്ടു പാക്ക് കൂടുതൽ ആണെന്ന് പറഞ്ഞ് എന്നെ എന്ത് മാത്രം ഓടിച്ചു. ഈ ഷാരുഖ് ഖാന് 10 പാക്ക് ഉണ്ടെന്ന് ഇന്ന് പേപ്പറിൽ വായിച്ചല്ലോ, അതൊന്നും നിങ്ങൾക്ക് കുഴപ്പമില്ല അല്ലേ?
അവിടെ: ഹഹ, സർ അത് വയറ്റിലെ പാക്കാ!
ഇവിടെ: വെറ്റയും പാക്കും എന്ന് കേട്ടിട്ടുണ്ട്, ഇതെന്താ വയറ്റിലെ പാക്ക്?
അവിടെ: സർ അത് അദ്ധേഹത്തിന്റെ വയറിനുള്ളിലെ പാക്കാ!
ഇവിടെ: കഴിഞ്ഞ ആഴ്ച്ച അല്ലെ ഒരുത്തനെ നിങ്ങൾ വയറ്റിൽ എന്തോ പാക്ക് ചെയ്ത്‌ കൊണ്ട് വന്നതിന് അറസ്റ്റ് ചെയ്തത്, ഇങ്ങൊർക്ക് ഇതൊന്നും ബാധകമല്ലേ?
അവിടെ: ഹോ! സർ അത് ഷാരൂഖ്‌ ഖാന്റെ വയറ്റിലെ മസിൽ ആണെന്ന്!!
ഇവിടെ: മസിലോ? ഒരുത്തന് മസിൽ വന്നാലോക്കെ പത്രത്തിൽ ഇപ്പൊ വാർത്ത വരുമോ?
അവിടെ: അതിപ്പോ പത്രകാരോട് ചോദിക്കണം!!
ഇവിടെ: ഇവിടെ മിസൈൽ വിട്ട് ഓരോരുത്തർ ചാകുമ്പൊളാ അവന്റെ ഒരു മസിൽ!!അപ്പൊ ശെരി, ഹാപ്പി ഓണം!!
അവിടെ: ഹാപ്പി ഓണം സർ!
ഇവിടെ: ആ പിന്നെ, നാട്ടിൽ ബാറോക്കെ പൂട്ടുവാ, നിങ്ങടെ പിള്ളേരോട് ഇനിയെങ്കിലും മലയാളികളുടെ അവസ്ഥ കണക്കാക്കി മുഖം ചുളുക്കാണ്ട് സ്മാൾ ഒഴിച്ച് തരാൻ പറയണം  കേട്ടോ!!

-കട്ട്- ബീപ്  ബീപ്....

ഹ്മ്, അവള്ക്ക് പിടിചില്ലാന്ന് തോന്നുന്നു!! ഹോ, ഒരു ഫാമിലി പാക്ക് കൊണ്ട് നടക്കാൻ കഷ്ട്ട പെടുന്ന കാര്യം നമുക്കെ അറിയൂ, അപ്പോഴാ അവന്റെ ഒക്കെ ഒരു 10 പാക്ക്!! ബ്ലഡി ഇടിയറ്റ്, മൊത്തം ഗ്രാഫിക്സ് ആയിരിക്കും!! പിന്നല്ല!!

Thursday, May 23, 2013

ഞാനൊരു മുട്ടൻ മലയാളീ, അയാമെ ട്ടിപ്പിക്കൽ മലയാളീ

ഞാനൊരു മുട്ടൻ മലയാളീ
അയാമെ ട്ടിപ്പിക്കൽ മലയാളീ
ദത്തിനെ പൊക്കിയാൽ നില വിളി
ശാന്തനെ പൊക്കിയാൽ പള്ള് വിളി
ഞാനൊരു മുട്ടൻ മലയാളീ
അയാമെ ട്ടിപ്പിക്കൽ മലയാളീ
ഒബാമ ജയിക്കാൻ നേര്ച്ച തിരി
അച്യുതൻ തോറ്റാൽ പൊട്ടിച്ചിരി
ഞാനൊരു മുട്ടൻ മലയാളീ
അയാമെ ട്ടിപ്പിക്കൽ മലയാളീ


കാശ് കിട്ടുമ്പോൾ കെട്ടിപിടി കാര്യം കഴിഞ്ഞാൽ പാർട്ടി കൊടി
ഞാനൊരു മുട്ടൻ മലയാളീ അയാമെ ട്ടിപ്പിക്കൽ മലയാളീ
പുറത്തു വന്നാൽ  Mr ക്ലീൻ
അകത്തു മൊത്തം തുണ്ട് സീൻ
ഞാനൊരു മുട്ടൻ മലയാളീ
അയാമെ ട്ടിപ്പിക്കൽ മലയാളീ
പീഡനം കേട്ടാൽ മെഴുകുതിരി
നാട്ടിലെ പെണ്ണുങ്ങളെ പച്ച തെറി
ഞാനൊരു മുട്ടൻ മലയാളീ
അയാമെ ട്ടിപ്പിക്കൽ മലയാളീ
നോക്കി ചിരിച്ചാൽ അവൾ എന്റെ സഖി
പുഛിച്ചു പോയാൽ  അവൾ പൂര വെടി
ഞാനൊരു മുട്ടൻ മലയാളീ
അയാമെ ട്ടിപ്പിക്കൽ മലയാളീ
കഷ്ടപെട്ടാൽ പാവം ഗെടി
രക്ഷപെട്ടാൽ ഓടിച്ചിട്ട് ഇടി
ഞാനൊരു മുട്ടൻ മലയാളീ
അയാമെ ട്ടിപ്പിക്കൽ മലയാളീ
രാവിലെ മൊത്തം കള്ളുകുടി
രാത്രി ആയാൽ വെള്ളമടി
ഞാനൊരു മുട്ടൻ മലയാളീ
അയാമെ ട്ടിപ്പിക്കൽ മലയാളീ

അതെ ഞാനൊരു മലയാളീ ആണ് ലോകത്തിലെ ഏറ്റവും മുട്ടൻ സമൂഹത്തിൽ പെട്ടവൻ. എനിക്ക് ഒരുത്തനും രക്ഷപെടുന്നത് പിടിക്കില്ല, പ്രത്യേകിച്ച് അത് മലയാളീ ആണെങ്കിൽ. ഒരു പെണ്ണുങ്ങളുംധൈര്യത്തോടെ സംസാരിച്ചാൽ പിടിക്കില്ല, തെറി വിളിച്ചു അടക്കും ഞാൻ, ഒരു മലയാളീ എന്തേലും സാധിച്ചാൽ ഞാൻ മൈൻഡ് ചെയ്യില്ല, പക്ഷെ എന്തേലും അലംബ് കാണിച്ചെന്നു കേട്ടാൽ മതി പിന്നെ അവന്റെ ടൈം, ജീവിതത്തിൽ ക്യൂ നിന്നിട്ടില്ലെങ്കിലും രഞ്ജിനി ക്യൂ നിന്നില്ലേൽ ഞാൻ കലിപ്പുണ്ടാക്കും, പോലീസിനെ ഫുൾ ടൈം തെറി വിളിക്കുമെങ്കിലും മണി അടിച്ചാൽ മണിയെ തെറി വിളിക്കും, ശ്രീ ശാന്ത് കോഴ വാങ്ങിച്ചാലും ഇല്ലെങ്കിലും ഡെയിലി അവനെ പറ്റി തെറി എഴുതി പോസ്റ്റ്‌ ഇടും, പ്രിത്വിരാജിനെ ഹിന്ദികാർ പൊക്കി പറഞ്ഞാലും എനിക്ക് അവൻ ഒരു അഹങ്കാരി ആയിരിക്കും, ഉമ്മൻ ചാണ്ടി 100 നല്ല കാര്യം ചെയ്താലും ഒരു മന്ത്രി അലംപുണ്ടാക്കിയാൽ ഞാൻ സർക്കാറിനെ തെറി പറയും, എന്റെ വീട്ടിലെ ഒഴിച്ച് ബാക്കി പെണ്ണുങ്ങളെല്ലാം പോക്കാണെന്ന് ഒരു ഉളുപ്പുമില്ലാതെ ഞാൻ പറയും, അത് ചോദ്യം ചെയ്യാം വന്ന വന്നവനെ കുറിച്ചും ഞാൻ പറയും, because ഞാനൊരു മുട്ടൻ മലയാളീ അയാമെ ട്ടിപ്പിക്കൽ മലയാളീ  

എന്നെ ചൊറിയാണ്ട് പോയാൽ നിങ്ങൾക്ക് കൊള്ളാം ഇല്ലേൽ സുരേഷ് ഗോപി പറയുന്നത് പോലെ "ഒരു ഒറ്റ പോസ്റ്റ്‌ മതി ജീവിതം മാറ്റാൻ"

ഒന്നൂടെ ഓർത്തോ "ഞാനൊരു മുട്ടൻ മലയാളീ,  അയാമെ ട്ടിപ്പിക്കൽ മലയാളീ"

Just Remember That!!

എന്താടോ വാര്യരെ ഞാൻ നന്നാവാത്തേ!!

Thursday, April 4, 2013

സുല്ല്

ടെസ്റ്റിംഗ് ടെസ്റ്റിംഗ്

എല്ലാര്ക്കും സുഖമെന്ന് വിശ്വസിക്കുന്നു !!

മൂന്നര വര്ഷമായി ഈ വഴി വന്നിട്ട് , തെറി വിളിക്കരുത് , ജീവിതം കെട്ടി പെടുത്തുന്ന തത്രപാടിൽ ആണ് 

ജീവിതം കെട്ടി പെടുത്തുന്നതിന്റെ കൂടെ ഞാനും കെട്ടി :D രണ്ടു വര്ഷം ആകാൻ പോകുന്നു, കളിയിക്ക അടുത്ത മാസം കെട്ടും, സ്വാമിക്ക് കോച്ചായി , ബെന്നി പഴയ പോലെ വായി നോക്കി നടക്കുന്നു, US ൽ പോകാനുള്ള ഒരുക്കങ്ങളിലാണ് ഒബാമയെ അത്ര ഇഷ്ടമല്ലാത്തത്‌ കാരണം യാത്ര സ്വല്പം നേരത്തേക്ക് മാറ്റി വെച്ചിരിക്കുന്നു 

അടുത്ത മാസം മുതൽ കളിയിക്ക എന്റെ കൂടെ ഒത്തുചേരുന്നു വെൽ എന്ന് വെച്ചാൽ പുതിയ (വാടക) വീട്ടില് വാടക പങ്കിടാൻ ലവനും ഉണ്ട്, അഞ്ചാറു ബ്ലോഗ്‌ എഴുതാനുള്ള വകുപ്പ് ആ വഴി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു 

ചൈന മുതലാളി ചാക്കിട്ടു പിടികുന്നതിനു മുന്നേ നിര്ത്തുന്നു !!

നിങ്ങളെ എല്ലാരെയും ഒത്തിരി മിസ്സ്‌ ചെയ്യുന്നുണ്ട് എന്റെ എഴുത്തിനെയും :) ശുശ്രൂഷ എടുതോള് (take care) 

Friday, August 21, 2009

സ്ഥിതി വിവരണ ഉന്മോലനം

ഞാന്‍: അളിയാ .. ആ ഞാന്‍ 22 നു എത്തും .. അതെ .. പറ വേറെ എന്തുണ്ട് വിശേഷം ??
അവന്‍: അളിയാ കിടിലം , സുഖം, നീ വെറുതെ ISD വിളിച്ചു കാശ് കളയണ്ട ...
ഞാന്‍: ഹോ, നിന്റെ ഒരു സ്നേഹം , അത് കുഴപ്പമില്ലെടാ നീ പറ..
അവന്‍: ആര്‍ക്ക്‌ കുഴപ്പമില്ലെന്ന് ? ഡാ കാപറക്കി, ഇവിടെ വന്നിട്ട് ചെലവ് ചെയ്യാനുള്ളതാണ് , അതോണ്ട് വെറുതെ ഫോണ്‍ വിളിച്ചു കാശ് കളയണ്ട എന്നാണു ഉദ്ദേശിച്ചത് ...
ഞാന്‍: നന്ദി ഉണ്ട്രാ പന്നി ..

:) അതെ നാട്ടില്‍ പോകുവാ .. നാളെ .. 8 മണിക്കുള്ള പട്ടു വായു വിമാനത്തില്‍ പട്ട അടിച്ചു ഒരു യാത്ര :)

സ്ഥിതി വിവരണ ഉന്മോലനം (എന്ന് വെച്ചാ status update )

ചുള്ളന്‍ :
പഴേത് പോലെ തന്നെ , ഇച്ചരെ ധനനഷ്ടം, മാനഹാനി, തേപ്പുകള്‍ ഇവയൊക്കെ ഒഴിവാക്കിയാല്‍ വലിയ മാറ്റമോന്നുമില്ലാണ്ട് ജീവിച്ചു പോകുന്നു, നല്ല പണി ഉണ്ട് അതോണ്ടാണ് ബ്ലോഗ്‌ പോസ്റ്റ്‌ ഇടാന്‍ പറ്റാത്തത് , ക്ഷമിക്കുക

ബെന്നി:
പഴേത് പോലെ തന്നെ വായി നോക്കിയും, വെള്ളമിറക്കിയും, മണ്ടത്തരങ്ങള്‍ കാണിച്ചും , അന്യന്റെ പെണ്ണിനെ മോഹിച്ചും ജീവിച്ചു പോകുന്നു. ബെന്നി ഇപ്പൊ നാട്ടിലോട്ടില്ല , അവിടെ കെറ്റുകേല എന്ന് പറയുന്നതാവും ശെരി

കളിയിക്ക:
പരീക്ഷണങ്ങള്‍ നടത്തിയും , വലിച്ചും, വലിപ്പിച്ചും, കൊഴുപ്പിച്ചും, നശിപ്പിച്ചും ജീവിച്ചു പോകുന്നു (പലപ്പോഴും ബാക്കി ഉള്ളവരുടെ ജീവന് ഭീഷണി ആകുമെങ്കിലും), നാട്ടില്‍ എന്റെ കൂടെ വരുന്നുണ്ട്, ചില ലെറ്റസ്റ്റ് ഡയലോഗുകള്‍ പരാമര്ശിച്ചോട്ടെ

"What is the program for the weekend?" (Ladies special, അടി special എന്നും പറയാം)
"വിലയോ , അതിപ്പോ ഇന്ത്യന്‍ മണി ഒരു പത്ത്‌ - അഞ്ഞൂറ് രൂപ വരും"
"ആ അവളെന്നോട് I love you എന്ന് പറഞ്ഞു, പിന്നെ (പുച്ഛത്തോടെ) ഞാന്‍ അങ്ങ് ok പറഞ്ഞു"

ഈ ഡയലോഗുകളുടെ പിന്നിലുള്ള ചേതോവിഹാരങ്ങളെ പറ്റി ഉടനെ എഴുതാം

സ്വാമി:
വൃതം മുടക്കി , കെട്ടാന്‍ തീരുമാനിച്ചു , അണയാന്‍ പോകുന്ന തീ ആളി കതുമെന്നു പണ്ട് ശശി അണ്ണന്‍ പറഞ്ഞ പോലെ , വലിയ സന്തോഷത്തിലാണ് ഇപ്പൊ, കല്യാണത്തിന് മുന്നേ മാക്സിമം വായി നോക്കി തീര്‍ക്കുക എന്ന ലക്ഷ്യവുമായാണ് നടപ്പ് , പിന്നെ നമ്മള് മാക്സിമം സപ്പോര്‍ട്ട് ചെയ്യും, അതൊക്കെ അത്രേ ഉള്ളു.

ഇവിടെ നടക്കുന്ന സംഭവങ്ങള്‍ പലപ്പോഴും , ഇന്‍ ഹരിഹര്‍ നഗര്‍ , വന്ദനം , പട്ടണ പ്രവേശം എന്ന് തുടങ്ങിയ പഴയ കോമഡി ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നു , എല്ലാം ഉടനെ പങ്ക് വെക്കുന്നതായിരിക്കും , അത് വരേയ്ക്കും വണക്കം ..

എന്നാ പിന്നെ ഞങ്ങടെ എല്ലാര്‍ടേം വക ഹാപ്പി മുന്‍‌കൂര്‍ ഓണം ..

Sunday, January 25, 2009

സിങ്കപ്പൂരം - ഭാഗം 2

ഏന്തൊക്കെ ആയിരുന്നു.. നാടന്‍ ബൊംബ്‌.. മലപ്പുറം കത്തി.. തേങ്ങേടെ അരി...
അവസാനം പവനായി ശവമായി...

എന്ന് പറഞ്ഞ പോലായിരുന്നു ഞങ്ങള്‍ടെ അവസ്ഥ.. സിങ്കപൂര്‍ വരുന്നു സിങ്കപൂര്‍ വരുന്നു എന്ന് നാട്ടില്‍ കിടന്നു അന്യായ മൊട അല്ലായിരുന്നോ..ഉണ്ടായിരുന്ന ജോലിയും പോയി.. എന്നിട്ടിപ്പൊ എന്തായി...

ബടോക്ക്‌ പാര്‍ക്കില്‍ കിടന്ന് ഞാന്‍ അലോചിച്ചു... ഫ്ലാഷ്‌ ബാക്ക്‌...

പ്രിന്‍സ്‌ ബാറില്‍ ഒരു ഹാഫ്‌ വാങ്ങി അത്‌ തീര്‍ത്തിട്ട്‌ മുഖത്തോട്‌ മുഖം നോക്കി ഇരിക്കുവാണ്‌ ഞങ്ങള്‍.. പെട്ടെന്നൊരു മോഹം.. ഒരു പെഗ്‌ കൂടെ ആകാം.. വിഷ്ണുവര്‍ധനനെ നോക്കി.. കാശ്‌ നിന്റെ ഗ്രാന്‍ഡ്‌ ഫാദര്‍ കൊണ്ട്‌ വരുമൊ എന്നുള്ള മുഖഭാവം.. മനോഹരനെ നോക്കി .. അച്ചാര്‍ ആണെന്നും വിചാരിച്ച്‌ തീപ്പെട്ടി നക്കി ഇരിക്കുന്ന അവനെ കണ്ട്‌ സഹതാപം തോന്നി.. ഇല്ലെങ്കിലും കാശ്‌ ചോദിക്കാന്‍ നേരം അവന്‍ പെട്ടെന്ന് ഫിറ്റ്‌ ആകും.. അങ്ങനെ ഞാന്‍ സത്യം മനസ്സിലാക്കി.. എന്ത്‌ ?? ഇവന്മാരേം കൊണ്ട്‌ വെള്ളമടിക്കാന്‍ വന്നിട്ട്‌ ഒരു കാര്യവുമില്ല.. വേറൊരു സത്യം കൂടെ മനസ്സിലാക്കി .. പണ്ടാരം എന്തായിരുന്നു അത്‌.. മറന്ന് പൊയല്ലോ.. എന്തായാലും അന്ന് ഞാന്‍ ഒരു കാര്യം തീരുമാനിച്ചു.. ഒന്നുകില്‍ ഇവന്മാര്‍ടെ കമ്പനി വിടണം ഇല്ലെങ്കില്‍ കുറച്ചു കാശുണ്ടാക്കണം.. കമ്പനി വിടുന്ന കര്യം കോപ്പ്‌ തന്നെ നടക്കും.. കാരണം നമ്മുടേത്‌ ഒരു മരപ്പട്ടി കസ്തൂരിമാന്‍ റിലേഷന്‍ ഷിപ്പ്‌ ആയിരുന്നു (കസ്തൂരിമാന്‍ ഞാന്‍ ഞാന്‍).. അങ്ങനെ കാശുണ്ടാക്കണമെന്ന മൊഹവുമായി വന്ന് പെട്ടത്‌ സിങ്കപ്പൂരില്‍.. അങ്ങനെ ഒടുവില്‍.. ബാര്‍മേറ്റ്‌ സിന്റെയെല്ലാം ലാര്‍ജില്‍ പാറ്റ വാരിയിട്ട്‌ ഞാന്‍ യാത്ര തുടര്‍ന്നു.. ഇന്നും തുടരുന്ന യാത്ര.. ഡാബറോം കെ സിന്തഗി കഭി പതം നഹി ഹൊ ജാതാ ഹെയ്‌... സ്വാമിയേ സര്‍ണയ്യപ്പാാാ...

BG മൂസിക്ക്‌.. ഹാര്‍മോണിയം... (മഞ്ചു വാര്യര്‍ തൊഴുതു നില്‍ക്കുന്നു..)

ഹരി മുരളി.. അളിയാാ... അളിയാാ...
ഹരിത വൃന്ദാളിയ അളിയാ...

ഛെ പുല്ല്‌ ഇതെവിടുന്ന് അളിയന്‍ കേറി വരുന്നത്‌...

അളിയാ അളിയാ... ഞാന്‍ ഞെട്ടി ഉണര്‍ന്നു.. അത്‌ മറ്റൊന്നുമല്ല.. നമ്മുടെ ബെന്നീടെ കൊല വിളി ആയിരുന്നു...

ഞാന്‍: പുല്ല്‌.. നി എന്നെ സ്വപ്നം കാണാനും സമ്മതിക്കില്ലേടെയ്‌ ??

ബെന്നി: അയ്യട... ഇല്ലെങ്കിലും പണ്ട്‌ തൊട്ടേ അനവസരത്തില്‍ സ്വപ്നം കാണുന്നത്‌ നിനക്ക്‌ പതിവാണല്ലൊ.. ഇപ്പൊ ഏതവളെ കുറിച്ചാണ്‌ കണ്ടത്‌ ?

ഞാന്‍: വാര്യര്‍.. മഞ്ചു വാര്യര്‍ (ജെയിംസ്‌ ബോണ്ട്‌ സ്റ്റൈല്‍) ഞാന്‍ ആറാന്‍ തമ്പുരാനായി ഇങ്ങനെ പാടാന്‍ തുടങ്ങുവായിരുന്നു..

ബെന്നി: കഞ്ഞി കുടിക്കാന്‍ വകയില്ല അപ്പളാ അവന്റെ ഒരു തമ്പുരാന്‍.. ടേയ്‌.. അവിടെ ടിങ്കിരി അമ്മച്ചി എന്തൊ അന്യായമായി ഉണ്ടാക്കുന്നുണ്ട്‌.. ഇപ്പൊ പോയി സോപ്പിട്ടാല്‍ എന്തേലും കഴിക്കാം..

*ടിങ്കിരി അമ്മച്ചി: ബെന്നീടെ ലാന്‍ഡ്‌ ലേടി, ഒരു പാവം തമിഴ്‌ സീരിയല്‍ അഡിക്റ്റ്‌ സ്ത്രീ ജന്മം.. അവരുള്ളോണ്ട്‌ വല്ലപ്പോഴും വായ്ക്ക്‌ രുചിയായി വല്ലതും കഴിക്കാന്‍ കിട്ടുന്നു

ഞാന്‍: ഛെ.. എപ്പൊ നോക്കിയാലും ഫുഡ്‌ ഫുഡ്‌ എന്നൊരു വിചാരമെ ഉള്ളു.. നിനക്കൊരു മിസ്സ്‌ കാള്‍ അടിച്ചാല്‍ പോരായിരുന്നൊ ഞാനങ്ങെത്തുമായിരുന്നില്ലേ.. വെറുതെ ഇതുവരെ വന്നു സമയം കളഞ്ഞു.. കമൊണ്‍ ബേബി.. വരില്ല.. വരില്ല നി...

അങ്ങനെ ഞാനും ബെന്നിയും ഒരു ഹാര്‍പ്പിക്ക്‌ അനുഭൂതിയുള്ള ക്ലോസറ്റ്‌ പുഞ്ചിരിയുമായി ടിങ്കിരി അമ്മച്ചീടെ വീട്ടില്‍ എത്തി... ആന്റി ആന്റി.. ആാന്റീീ.. തള്ളേ കൊള്ളാം.... അവിടെ അപ്പൊ കണ്ട കാഴ്ച്ച കണ്ട്‌ ഞാന്‍ ഞെട്ടി... ദേ ഇരിക്കുന്നു .. ഫയല്‍മാന്‍ ധര്‍മേന്ദ്ര റാവു. ഫയല്‍മാന്‍ അല്ല വയര്‍മാന്‍.. ചിത്രത്തിലെ ലലേട്ടന്റെ അനിയന്‍ ഒരുത്തനുണ്ടല്ലൊ ടൈപ്പ്‌ ഒരു സാധനം.. അവന്‍ അവിടെ ഇരുക്കുന്നത്‌ കണ്ടതോടെ എന്റേം ബെന്നീടേം കമ്പ്ലീറ്റ്‌ പ്രതീക്ഷയും പോയി.. കാരണം അവന്‍ അടുക്കളയില്‍ കയറി കഴിഞ്ഞാല്‍ പിന്നെ കേരളാ പോലീസ്‌ പിരിക്കാനിറങ്ങുന്ന പോലാ.. "പൊടിപോലുമില്ല കണ്ടു പിടിക്കാന്‍"

പണ്ടാരക്കാലന്‍ ധര്മേന്ദ്ര റാവു എന്റെ റൂം മേറ്റ്‌ ആണ്‌.. അവനൊരു ദീനപ്രാവാണ്‌.. ദീനം പിടിച്ച പ്രാവല്ല.. ദിനോസറിന്റെ ശരീരവും പ്രാവിന്റെ മനസ്സും.. ആള്‌ കാണാന്‍ ഇങ്ങനൊക്കെ ആണെങ്കിലും. മുഖസ്തുതി പറയുകയാണെന്ന് വിചാരിക്കരുത്‌.. ആള്‍ക്കാരെ വെറുപ്പിക്കാന്‍.. ഇവന്‍ കഴിഞ്ഞിട്ടെ ഉള്ളു മറ്റാരും..

ധര്‍മേന്ദ്ര: hai maaa..aa..n... (തൊണ്ടയില്‍ ചോറ്‌ കുത്തി കേറ്റി വെച്ചേക്കുന്ന കാരണം അവന്‌ ശബ്ദം വരുന്നില്ല പാവം) had food ??

ഞാന്‍: നോ.. നായിന്റെ മോനെ...

ധര്മേന്ദ്ര: naayinte mOne.. what does that mean now ??

ഞാന്‍: it is what we malayalees call our frends you know..

ധര്മേന്ദ്ര: ho is it.. then sit nayinte mone.. benni you too sit nayinte mone..

സന്തോഷമായി ഗോപിയേട്ടാ.. സന്തോഷമായി... ലവന്‍ പണ്ട്‌ കേരളത്തില്‍ വന്നിട്ടുണ്ടെന്നാണ്‌ തോന്നുന്നത്‌...

ഞാന്‍ ബെന്നിയെ നോക്കി... ത്രിപ്തി ആയാ ?? എന്നൊരു മുഖഭാവം..

DA(ടിങ്കിരി ആമ്മച്ചി): നീങ്ക സാപ്പിട്ടാച്ചാ ??

ബെന്നി: അയ്യൊ.. ഇല്ല അമ്മച്ചി.. ഛെ ആന്റി.. ഞങ്ങല്‍ സോപ്‌ ഇടാനൊന്നും വന്നതല്ല ചുമ്മ ഇത്‌ വഴി പോയപ്പോ കേറിയെന്നെ ഉള്ളു...

ഞാന്‍: ടേയ്‌.. നി കൊളമാക്കാതെ.. നമ്മല്‍ ഫുഡ്‌ കഴിച്ചോ എന്നാണ്‌ അവര്‍ ചൊദിച്ചത്‌...

ബെന്നി: അയ്യൊ ആന്റി.. ആന്റി നൊ സാപ്പിട്ടു... i am benni hungry from kerala..

പെട്ടെന്നാണ്‌ ഞാന്‍ അമ്മച്ചീടെ ഫാമിലി ഫോട്ടൊ കണ്ടത്‌..

ഞാന്‍:ആന്റി.. ഇത്‌ യാര്‍ ആന്റി ?? ഇന്ത ഫോട്ടോവിലെ ഉങ്കെ കൂടെ ??(സോപ്പ്‌ തുടങ്ങി)

DA: അത്‌ നാനും എന്നൊട്‌ തങ്കച്ചിയും..

ബെന്നി: അളിയാ.. തങ്കച്ചി എന്ന് പറഞ്ഞാല്‍ എന്നതാ ?? തങ്കപെട്ട അമ്മച്ചീടെ ഷോര്‍ട്ട്‌ ഫോര്‍മ്‌ ആന്നൊ ?

ഞാന്‍: അല്ലടേയ്‌.. തങ്കച്ചി എന്ന് വെച്ചാ അനിയത്തി..

പെട്ടന്ന് ബെന്നി:ആന്റി അപ്പൊ ഒങ്കുളുക്കു തങ്കച്ചന്‍ ഇല്ലയാ ??

അമ്മച്ചി ഇവനിതെവിടുന്നെടാ എന്ന ഭാവത്തില്‍ ബെന്നിയെ നോക്കി.. കൂടെ ഞാനും..

ഞാന്‍: നി എന്താണ്‌ ഉദ്ധേശിച്ചത്‌??...

ബെന്നി: ടേയ്‌.. തങ്കച്ചി എന്ന് പറഞ്ഞാല്‍ എന്നതാ ?? അനിയത്തി.. അപ്പൊ തങ്കച്ചന്‍ എന്ന് പറഞ്ഞാല്‍ അനിയന്‍.. സിംബിള്‍..

ഞാന്‍: കഷ്ടം..

ബെന്നി ഇങ്ങനെയാണ്‌.. ഒരു ഭാഷയും വിട്ട്‌ കൊടുക്കാറില്ല.. തനിയെ അര്‍ത്ഥങ്ങള്‍ കണ്ടു പിടിക്കും... എല്ലാ ഭാഷയും അവന്‌ ഇംഗ്ലീഷ്‌ പോലെയാണെന്ന് അവന്‍ എപ്പോഴും പറയും.. കാരണം അവന്‌ ഇംഗ്ലീഷ്‌ അറിയത്തില്ലല്ലൊ..

പെട്ടെന്നു പണ്ടു ബെന്നി രമണന്‌ ഹിന്ദി പഠിപ്പിച്ച്‌ കൊടുത്തത്‌ എനിക്ക്‌ ഓര്‍മ വന്നു...

രമണന്‍: അളിയാ.. അച്ഛ അച്ഛ എന്ന് അവള്‍ ഇടക്കിടക്ക്‌ പറയാറുണ്ട്‌ എന്ന് വെച്ചാ എന്നതാ ??

ബെന്നി: ടേയ്‌.. അത്‌ വേറൊന്നുമല്ല.. ഹിന്ദിയിലും അച്ഛ എന്ന് വെച്ചാല്‍ അച്ഛന്‍ തന്നാ.. നി പഞ്ചാരയടിച്ചോണ്ടിരിക്കുമ്പൊ അവള്‍ടെ അപ്പന്‍ വഴി വന്നുകാണും.. അപ്പൊ അവള്‍.. "അയ്യോ അച്ഛന്‍ വന്നു" എന്നു പറയുന്നതാവും... അച്ഛ അച്ഛ എന്ന്.. മനസ്സിലായാ ??

രമണന്‍: ഓഹൊ.. അപ്പൊ ബഹുത്ത്‌ അച്ഛ എന്ന് പറയുന്നതൊ ??...

ബെന്നി: സിംബിള്‍.. അച്ഛ എന്ന് വെച്ചാല്‍ അച്ഛന്‍.. അപ്പൊ ബഹുത്ത്‌ അച്ഛ ?? വലിയച്ഛന്‍... മനസിലായാ.. ഇത്തരം ബാലിഷമായ സംശയങ്ങള്‍ ചൊദിക്കാനാണൊ എന്നെ നി വിളിച്ചു വരുത്തിയത്‌ ഛെ.. See Mr.Ramanan.. This is too much of democracy.. shit

രമണന്‍ ഡെസ്പ്‌.. ഇംഗ്ലീഷ്‌ കേട്ടാല്‍ അവന്‍ അപ്പൊ ഡെസ്പാകും..

രമണന്‍: സോറി അളിയാ.. ഒരു സംശയം കൂടെ... അവളെന്നോട്‌ "ആപ്‌ കൊ ഹിന്ദി ആത്താ ഹെയ്‌ ക്യാ ??" എന്നു ചൊദിച്ചു... ഞാന്‍ നി അന്നു പടിപ്പിച്ചു തന്ന "ഹാഞ്ചി ഹാഞ്ചി" പറഞ്ഞു.. .കെ അല്ലെ ?

ബെന്നി:"ആപ്‌ കൊ ഹിന്ദി ആത്താ ഹെയ്‌ ക്യാ ??" : കൂടുതല്‍ കളിച്ചാല്‍ അവള്‍ടെ ഹിന്ദിക്കാരന്‍ അപ്പന്‍ നിന്റെ നെഞ്ചത്ത്‌ അത്തം ഇടും എന്ന്...

രമണന്‍: തള്ളേ.. ആണാ.. "ക്യാ ഹം ഹിന്ദി മേം ബാത്‌ ചീത്ത്‌ കരേങ്കെ ?" എന്ന് പറഞ്ഞാലൊ ??

ബെന്നി: ഹിന്ദിയില്‍ മാത്രം ചീത്ത വിളിക്കരുത്‌ എന്ന്..

മറ്റൊരവസരത്തില്‍ ബെന്നീടെ ഹിന്ദി കോച്ചിംഗ്‌ കിട്ടിയ രമണന്‍ എല്ലാര്‍ടേം മുന്നെ വെച്ച്‌ ഹിന്ദിക്കാരിയൊട്‌.. "മേരാ അച്ഛ ബിസ്സിനെസ്സ്‌ മാന്‍ ഹേയ്‌.. ആന്‍ഡ്‌ മേരാ ബഹുത്ത്‌ അച്ഛ പോലീസ്‌ മേം ഹേയ്‌" എന്നു പറഞ്ഞതും.. എല്ലാരും ചിരിച്ചതും.. ചതിക്കപെട്ടെന്ന നഗ്ന സത്യം മനസിലാക്കിയ രമണന്‍.. അച്ഛ പഠിപ്പിച്ച ബെന്നീനെ അച്ചാര്‍ ആക്കിയതും ഞാന്‍ ഓര്‍ക്കുന്നു...

ഓര്‍മകളില്‍ നിന്നും തിരിച്ച്‌ വന്നപ്പോ.. ധര്‍മേന്ദ്ര ഒരു പുതിയ പ്ലേറ്റും മുന്നെ വെച്ച്‌ ഇരിക്കുന്നതാണ്‌ കണ്ടത്‌.. പിന്നെ നോക്കിയപ്പൊ മനസ്സിലായി.. അത്‌ പുതിയ പ്ലേറ്റ്‌ അല്ല.. പഴേത്‌ തന്നാ.. ഹൊ എന്തൊരു അത്മാര്ത്ഥത.. ഭക്ഷണത്തിനോട്‌ മാത്രം...

ഇനി പ്ലേറ്റ്‌ കഴുവണ്ടല്ലൊ അല്ലേ.. ധര്‍മേന്ദ്ര ജി..ഹൊ സമ്മതിക്കണം...

ധര്‍മേന്ദ്രക്കു ഒരു കുഴപ്പമുണ്ട്‌... ഞാന്‍ ഇടക്കിടക്ക്‌.. ലോകനാര്‍ കാവിലമ്മേ.. മുടിപ്പുര അമ്മച്ചി.. അറ്റുകാല്‍ അമ്മേ.. ശബരിമല മുരുഗാ മുരുഗാ മുരുഗാ (സോറി ഇത്‌ എപ്പൊ വിളിച്ചാലും എനിക്ക്‌ എക്കോ വരും, dont mind) എന്നൊക്കെ വിളിക്കുമ്പൊ... ധര്മേന്ദ്ര ഇച്ചിരി സ്റ്റൈല്‍ ആയി "ഓഹ്‌ ബേബി" എന്ന് വിളിക്കും.. ഒരു വശ പിശക്‌ വിളി.. അസ്ത്ഥാനത്തുള്ള അവന്റെ "ഓഹ്‌ ബേബി" വിളി കാരണം പലപ്പോഴും ഞാന്‍ ചിരിച്ച്‌ പണ്ടാരടങ്ങീട്ടുണ്ട്‌..മാത്രമല്ല ഇതിന്റെ പേരില്‍ അവന്‌ പണിയും കിട്ടീട്ടുണ്ട്‌ ..

ഒരീസം ഒരു ചൈനീസ്‌ അമ്മച്ചീടെ അടുത്ത്‌ സുകുമാരന്‍ ലുക്കില്‍ പോയി നിന്ന്... ഒരു നെടുവീര്‍പ്പ്‌... എന്നിട്ടു അവന്റെ സ്ഥിരം... ohhh baby എന്നൊരു വിളിയും.. അമ്മച്ചി ചൈനീസ്‌ ഭാഷയില്‍ പത്തു തെറി.. എനിക്കതങ്ങട്‌ സുഖിച്ചു.. കൂടെ നിന്ന ബെന്നി അപ്പഴും വിട്ടു കൊടുത്തില്ല.. അവന്‌ ചൈനീസ്‌ ഭാഷ അല്‍പസ്വല്‍പ്പം അറിയാമെന്നും.. അവരു പറഞ്ഞത്‌ മനസിലായെന്നും തള്ളി.. പറഞ്ഞത്‌ എന്താണെന്ന് ചോദിച്ചപ്പൊ...

ബെന്നി: "അവരു നിന്റെ വീട്ടുകാരെ തെറി വിളിച്ചതാടാ.. അമ്മയേം പെങ്ങളേം തിരിച്ചറിഞ്ഞൂടാത്ത തെണ്ടി.. നിന്നെയൊക്കെ ഒണ്ടാക്കിയ സമയത്ത്‌ വല്ല വാഴയും വച്ചാല്‍ പോരായിരുന്നൊ.. പഴമെങ്കിലും കഴിക്കാമായിരുന്നു എന്ന്"

ഞാന്‍: അതിനു ഇവിടെ വാഴ ഉണ്ടോടെയ്‌ ?

ബെന്നി: ഇവിടെ വാഴ എന്നു പറഞ്ഞാല്‍ പനയാണ്‌.. നി പോയെ പോയെ...

DR: what do you mean by that ??

ബെന്നി: I mean she called.. you,your dad, your mom, your sister, your brother..(വീട്ടുകാരുടെ ഇംഗ്ലീഷ്‌) you are a beggar who does not know find out the difference between a mother and sister.. instead of making you at the same time not only but also he should have planted a banana trees.. atleast bananas will be eatable ഹഹഹഹ

(ജഗതി തന്നെ ഭേതം)

ധര്‍മേന്ദ്ര ഡെസ്പ്‌...

എന്തായാലും.. ജൊലിയില്ലാതെ അര്‍മാദിച്ചു നടന്ന ദിവസങ്ങള്‍ അവസാനിച്ചു.. എന്റെ അമ്മേടെ വക വെടി വഴിപാടുകളും.. ബെന്നീടെ അമ്മേടെ വക മെഴുകുതിരി വഴിപാടുകളും.. ധര്‍മേന്ദ്ര റാവുവിന്റെ അമ്മേടെ വക രങ്ക്‌ ദെ ബസന്തി വഴിപാടും (അങ്ങനെ എന്തോ ആണ്‌) കാരണം എല്ലാര്‍ക്കും ജോലി കിട്ടി.. ബെന്നിയുടെ ആകസ്മിക പ്രകടനം കാരണം അവനെ ജോലിയില്‍ നിന്നും ആദ്യത്തെ ആഴ്ച തന്നെ പുറത്താക്കിയെങ്കിലും മറ്റൊരു ജോലി അവന്‍ ഒപ്പിച്ചു.. അവനാരാ മോന്‍.. ആള്‍ക്കാരെ പറ്റിക്കന്‍് പണ്ടെ മിടുക്കനാ.. ധര്‍മേന്ദ്രയുടെ അപ്പന്‍ പണ്ടു ടച്ചിങ്ങ്സ്‌ ഓഫ്‌ അച്ചാര്‍ ആന്‍ഡ്‌ പിക്കിള്‍സ്‌ ഷെയര്‍ ചെയ്ത ഒരു ബന്ധത്തിന്റെ പേരും പറഞ്ഞ്‌ ധര്‍മേന്ദ്രയും ഒരു ജോലി ഒപ്പിച്ചു.. അയാം സംഭവം എന്നു പിന്നെയും പിന്നെയും തെളിയിച്ച്‌ കൊണ്ടു ഞാനും ജോലിയില്‍ പ്രവേശിച്ചു...

പിന്നൊരു നാള്‍ ഞങ്ങളെല്ലാരും കൂടി.. എല്ലാരും സന്തുഷ്ട്ടരാണ്...

ഞാന്‍: ഞാന്‍ പറഞ്ഞിട്ടില്ലെ .. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെടാ ദാസാ.....

എന്റെ സബരിമല മുരുഗാ... മുരുഗാ... മുരുഗാ...

ബെന്നി: എന്റെ അന്തോളീസ്‌ പുണ്ണ്യാളാ....

ധര്‍മേന്ദ്ര: OH BABY !!

:)

വേറൊരുത്തന്‍ വന്നിട്ടുണ്ട്‌.. ചെണ്ട കോല്‍.. നാട്ടില്‍ നിന്നും വീട്ടുകാര്‍ കൊടുത്തു വിട്ട പാര്‍സലുമായി വന്നിറങ്ങി.. സത്യം പറയാമല്ലൊ.. നല്ല എരണം.. വന്നു കേറിയതിന്റെ അടുത്ത ദിവസം ഞാന്‍ കിടപ്പിലായി..

അവന്റെ എന്ട്രി എനിക്ക്‌ വന്ദനം സിനിമയിലെ ഒരു സീന്‍ ആണ്‌ ഓര്‍മ വരുത്തിയത്‌...

കളിയിക്കാ.. ടേയ്‌ കളിയിക്കാ.... നി സിങ്കപൂരിലാ ??

പുല്ല്‌ .. നിനെക്കെന്നെ മനസിലായൊടേയ്‌.. നി എന്നെ ഇവിടേം ജീവിക്കാന്‍ സമ്മതിക്കൂല അല്ലെ ??

വിശേഷങ്ങളുമായി ഉടനെ തിരിച്ച്‌ വരാം :)

Saturday, December 13, 2008

സിങ്കപ്പൂരം - ഭാഗം ഒന്ന്

കുറച്ചു കാലം ബ്ലോഗ്‌ ലോകത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു, (അതിനിപ്പോ ഞങ്ങള്‍ എന്നാ വേണം എന്നായിരിക്കും നിങ്ങള്‍ ആലോചിക്കുന്നത്‌, ചുമ്മ പറഞ്ഞെന്നേയുള്ളു ഷെമി), അതിനു കാരണം എനിക്ക്‌ കേരളം വിടേണ്ടി വന്നതോണ്ടാട്ടാ, (അവിടുന്നു പറഞ്ഞ്‌ വിട്ടതല്ലേടാ? സ്സ്സ്‌ പതുക്കെ ആരേലും കേള്‍ക്കും) ഞാനിപ്പൊ "മദ്യ"തിരുവിതാങ്കൂറിന്റെ ഇങ്ങേ സൈഡില്‍ ഉള്ള സിങ്കപ്പൂര്‍ എന്ന മഹാനഗരത്തിലാണ്‌ :) അമ്മച്ചിയാണെ തള്ളിയതല്ല.. ശെരിക്കും.. നിങ്ങളുടേയൊക്കെ കാത്തിരിപ്പിന്‌ വിരാമമിട്ടുകൊണ്ട്‌.. ഇതാ എന്റെ ഏറ്റവും ലേറ്റസ്റ്റ്‌ പോസ്റ്റ്‌

സിങ്കപ്പൂരം - ഭാഗം ഒന്ന്

സിങ്കപ്പൂര്‍ , നല്ല വൃത്തിയും വെടിപ്പുമുള്ള സ്ഥലം, നമ്മളെ പോലുള്ളവര്‍ക്ക്‌ അഡ്ജസ്റ്റ്‌ ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാ, എന്തായാലും വന്നെത്തിയില്ലെ, സോപ്പ്‌ തേച്ച സ്ഥിതിക്ക്‌ കുളിച്ചേച്ചും കേറാം, ഞാനും എന്റെ സുഹൃത്ത്‌ പന്നിയും.. ഛെ സോറി ബെന്നിയും ഈ സുന്ദരമായ സിങ്കപ്പൂരില്‍ പോകാന്‍ തീരുമാനിച്ചു, ബെന്നി അവനെ പറ്റി പറയുകയാണെങ്കില്‍.. well.. അവന്‍.. ആക്ച്വലി അവനെ പറ്റി ഒന്നും പറയാനില്ല.. US'ലുള്ള അവന്റെ മാമനെ സോപ്പിട്ട്‌ എറണാകുളത്ത്‌ ഒരു കമ്പനി നടത്തി പോരുവായിരുന്നു, കമ്പനി ഇനിയും തുടര്‍ന്ന്‌ നടത്തിയാല്‍ അവന്റെ മാമന്‍ അവനെ എണീച്ച്‌ നടത്തിക്കില്ല എന്ന സ്ഥിതി ആയപ്പൊ ഒരു "മാമാങ്കം" (മാമനെ അങ്കുലപ്പെടുത്തുക (വലിപ്പിക്കുക)) നടത്തി അവന്‍ സ്കൂട്ട്‌ ആയി.. പുതിയൊരു ജീവിതമാണ്‌ അവന്റെ ലക്ഷ്യം (കാത്തിരുന്നോണ്ടാ മതി ഇപ്പ കിട്ടും), എന്തായലും കൊച്ചീകാര്‍ക്ക്‌ അവന്‍ പോയതോടെ പുതിയൊരു ജീവിതം കിട്ടികാണണം. പക്ഷെ എന്റെ കാര്യം വളരെ വ്യത്യസ്തമാണ്‌ (തള്ള്‌ തുടങ്ങി), എന്റെ നാട്ടുകാര്‍ എന്നെ വല്ലാണ്ടു മിസ്സ്‌ ചെയ്യുന്നുണ്ടാവും (ഓ പിന്നേ), വരുന്നതിനു മുന്നെ എന്റെ പഴയ ആപ്പീസിലെ സുഹൃത്തുക്കള്‍ ഒരു മാസമാണ്‌ എന്റെ സീ ഓഫ്‌ (ഓഫ്‌ ആകും വരെ അടിക്കുക) അഘോഷിച്ചത്‌, ആദ്യമാദ്യം വലിയ സ്നേഹമായിരുന്നെങ്കിലും, അവസാനം ഇത്‌ നിന്റെ മുപ്പത്തി നാലാമത്തെ സീ ഓഫ്‌ ആണ്‌ ഇനി ഇവിടെ കണ്ട്‌ പോകരുത്‌ എന്ന്‌ പറഞ്ഞ്‌ വിടുകയായിരുന്നു. ഞാന്‍ പോയതിന്‌ ശേഷവും എന്നും എന്നെ ഓര്‍ത്ത്‌ (പിന്നെ ഇല്ലെങ്കില്‍ അടിക്കില്ലായിരിക്കും, ഒന്നു പോടെയ്‌) കൂടാറുണ്ടെന്ന്‌ കേട്ടപ്പൊ എന്റെ കണ്ണ്‌ നിറഞ്ഞ്‌ കവിഞ്ഞ്‌ പണ്ടാറടങ്ങിപ്പോയി (ഇവിടെ പുല്ല്‌ ഭയങ്കര വിലയാണ്‌ അവിടെ അവന്മാര്‍ ഡെയ്‌ലി അടി, ഇവനൊക്കെ സോഡ കിട്ടാണ്ടു ചാവും)

എന്തായാലും പലരുടേയും നൊമ്പരങ്ങള്‍ പിന്നിലാക്കി, കുറ്റവാളികളെ തേടി ഇറങ്ങിയ CID ദാസനേം വിജയനേം (ഞാന്‍ ദാസന്‍) പോലെ ജോലി തേടി(തെണ്ടി) പോകാന്‍ തീരുമാനിച്ചു, ഗഫൂര്‍ക്ക ഐര്‍പോര്‍ട്ടില്‍ വെയിറ്റ്‌ ചെയ്യാമെന്നു പറഞ്ഞിട്ടുണ്ട്‌, ഇനി എങ്ങാനും ഗഫൂര്‍ക വലിപ്പിക്കോ ?? ഉള്ള ജോലിയും കളഞ്ഞു പൊകുവാ.. ചോദിക്കുമ്പൊ സിങ്കപ്പൂരു പൊകുവാണെന്ന് പറയാന്‍ ഒരു ആഡംഭരമാണേലും.. വല്ല ചൈനീസുകാരന്റെ ഇടിയും കൊള്ളേണ്ടി വരുമൊ ഭഗവതി... ബെന്നി ആണെ എന്നും കാലത്ത്‌ വീടിന്റെ മുന്നില്‍ ഇറങ്ങി നിന്ന്, അമ്മേ എനിക്കു ചിലപ്പൊ സിങ്കപ്പൂരില്‍ നിന്നും ഒരു കാള്‍ വരും ഇനി കുറച്ച്‌ ദിവസം കൂടി അല്ലെ ഉള്ളു പോകാന്‍.. എന്ന് ഉറക്കെ വിളിച്ച്‌ പറയും.. അവനൊട്‌ ചോദിക്കുമ്പൊ..

"പ്രശ്നമൊന്നുമ്മില്ലെടാ, ഗഫൂര്‍ക്ക എത്രയൊ ആള്‍കാരെ രക്ഷിച്ചിരിക്കുന്നു, അദ്ധേഹം നല്ലൊരു മനുഷ്യനാണ്‌" എന്ന ഒരു ഡയലോഗ്‌ മാത്രം.

ചെന്നയില്‍ നിന്നാണ്‌ ഫ്ലൈറ്റ്‌, രണ്ടീസം മുന്നെ ആണ്‌ ഗഫൂര്‍ക്ക ഡേറ്റ്‌ ഫിക്സ്‌ ചെയ്തത്‌, അതോണ്ട്‌ ടിക്കറ്റ്‌ തത്കാലില്‍ എടുക്കേണ്ടി വന്നു, റയില്‍ വെ സ്റ്റേഷനില്‍ എത്തിയ ഞാന്‍ ബെന്നീനെ വിളിച്ചു,

ഞാന്‍: "അളിയ തത്കാലെ ഉള്ളു, അതും വളരെ കുറച്ച്‌ ടിക്കറ്റുകള്‍, നീ പെട്ടെന്ന് ബുക്ക്‌ ചെയ്യ്‌"

ബെന്നി: "തത്കാലത്തേക്കൊന്നും ശെരിയാവില്ല, പെര്‍മനന്റ്‌ ഉണ്ടോന്ന് നോക്ക്‌"

ഞാന്‍: "!@#@!#!@#"

ബെന്നി: (കാര്യം മനസിലായി) "ഡാ നി ഏതായാലും സ്റ്റേഷനില്‍ നില്‍കുവല്ലെ, ഞങ്ങള്‍ക്കും കൂടെ അങ്ങു എടുത്തേര്‌"

ഞാന്‍: "ശെരി, പേരും ഡീറ്റയില്‍സും sms ചെയ്താല്‍ മതി"

"ശെരി ഡണ്‍"

കുറച്ച്‌ കഴിഞ്ഞപ്പോ, sms വന്നു, രണ്ടെണ്ണം ഒന്നിച്ച്‌, message memory full എന്ന് കാണിക്കുന്നു, ഇതു ഹാരപ്പാ മൊഹഞ്ചിധാരൊ ഇത്രോം sms ഒന്നിച്ചയക്കുന്നെ, നൊക്കീപ്പൊ, എല്ലാം from: Benny തുറന്ന്‌ നൊക്കീപ്പൊ, passenger list ആണ്‌, ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വരുന്ന ഭര്‍ത്താവിന്‌ ഭാര്യ മേടിച്ചോണ്ട്‌ വരേണ്ട സാധനങ്ങളുടെ ലിസ്റ്റ്‌ ഉണ്ടാക്കിയപോലെ ഒരു നീണ്ട ലിസ്റ്റ്‌,

ബെന്നി
അപ്പന്‍
അമ്മ
അനിയത്തി
അപ്പന്റെ മാമന്‍
അപ്പന്റെ മാമി
അമ്മേടെ മാമന്‍
അമ്മേടെ മാമി
മാമന്റെ മാമന്‍
അപ്പുറത്തെ വീട്ടിലെ ചേച്ചി
ചേച്ചീടെ ജോലിക്കാരി
........ (തീര്‍ന്നിട്ടില്ല കൈ കഴച്ചതോണ്ട്‌ നിര്‍ത്തീതാ)

ഞാന്‍ അവനെ വിളിച്ചു

ഞാന്‍: "ഏന്തോന്നെടേയ്‌ ഇത്‌, ഞാന്‍ നിന്റെ കുടുമ്പക്കാരുടെ ലിസ്റ്റ്‌ അല്ല ചോദിച്ചെ, ചെന്നൈക്ക്‌ ആരൊക്കെ വരുന്നെന്നാ"

"ഏല്ലാരും ഉണ്ടളിയാ, ഇതൊക്കെ ജീവിതത്തില്‍ ഒരിക്കലല്ലെ നടക്കു"

"ഏത്‌ ? ഒരു കുടുമ്പം ഒന്നിച്ച്‌ ട്രെയിനില്‍ പോകുന്നതാ?"

"പോടേയ്‌ അവന്റെ ഒരു തമാശ"

എന്തായാലും ടിക്കറ്റ്‌ അവനോട്‌ സ്വയം എടുക്കാന്‍ പറഞ്ഞു, ഞാനും അച്ഛനും അമ്മയും യാത്ര തിരിച്ചു, ഒത്തിരി പേര്‍ യാത്ര അയക്കാന്‍ വന്നിരുന്നു, സാബുവിന്റേയും നടേശന്റേയും കണ്ണുകളില്‍ ഞാന്‍ ഒരു തിളക്കം കണ്ടു, ആദ്യം ഞാനോര്‍ത്തു എന്നെ പിരിയുന്നതിന്റെ വിഷമം കൊണ്ടു കണ്ണ്‌ നിറഞ്ഞു തിളങ്ങുന്നതായിരിക്കുമെന്ന്‌, പക്ഷെ ട്രെയിന്‍ എടുത്തതും സംഭവം മനസ്സിലായി, പണ്ടു കോളേജില്‍ സുമലതയെ അവള്‍ടെ അപ്പന്‍ (പട്ടാളക്കാരന്‍ മീശക്കാരന്‍ ജിമ്മന്‍ തെണ്ടി, മനുഷ്യനെ പേടിപ്പിക്കാന്‍)കൊണ്ടു ഇറക്കിയേച്ചും പോകുമ്പോ നമ്മള്‍ അനുഭവിച്ചിരുന്ന ആഹ്ലാദവും ആശ്വാസവും, റ്റാറ്റ കാണിച്ച്‌ നിന്ന നടേശന്റെയും സാബുവിന്റേയും മുഖത്ത്‌ ഞാന്‍ കണ്ടു, ഒരു മത്സരാര്‍ദ്ധി കുറഞ്ഞല്ലൊ. എടാ പഹയന്മാരെ, I will be back (ഞാന്‍ നിങ്ങടെ പുറകേ ഉണ്ട്‌)

അങ്ങനെ കൊച്ചി എത്തി, അതുവരെ ഷക്കീല പടം (കമ്പ്ലീറ്റ്‌ സയിലന്‍സ്‌) ഓടുന്ന തിയേറ്റര്‍ പോലെ ഇരുന്ന ട്രെയിന്‍ പെട്ടെന്നു ഷാജി കൈലാസ്‌ പടമായി മാറി, ബെന്നിയും നാട്ടുകാരും.. സോറി വീട്ടുകാരും എത്തി, ബോഗിയുടെ രണ്ട്‌ സൈഡില്‍ നിന്നും കേറുന്നുണ്ട്‌ എന്നിട്ടും തീരുന്നില്ല, രണ്ട്‌ കമ്പാര്‍ട്ട്‌മന്റ്‌ മുഴുവന്‍ അവരെ കൊണ്ട്‌ നിറഞ്ഞു.. അപ്പളേക്കും സമയം 11 മണി ആയിരുന്നു, എന്റെ അച്ഛനും അമ്മയും നല്ല ഉറക്കം, ബെന്നിയുടെ അപ്പന്റെ മാമീടെ മാമന്‌ എന്റെ അപ്പനെ കണ്ടേ പറ്റു, എത്ര പറഞ്ഞിട്ടും കേള്‍ക്കുന്നില്ല, അവസാനം ഞാന്‍ കാണിച്ച്‌ കൊടുത്തു, അപ്പളേക്കും പുള്ളി അപ്പനെ തോണ്ടി വിളിച്ച്‌ ഉണര്‍ത്തി, എന്നിട്ടൊരു ചോദ്യം

BAMM(ബ്ബെന്ന്യുടെ അപ്പന്റെ മാമീടെ മാമന്‍): "ഉറങ്ങിയായിരുന്നു അല്ലെ ?"

അച്ഛന്‍: "ഏയ്‌.. ഇല്ല ഞാന്‍ പത്രം വായികുകയായിരുന്നു, എന്തേ ?"

BAMM: "ശൊ സോറി, ബുദ്ധിമുട്ടായൊ ?"

അച്ഛന്‍: "ആയെങ്കില്‍ ?"

കലിപ്പ്‌.. ഞാന്‍ ഇടപെട്ടു

ഞാന്‍: "ആച്ഛാ ഇത്‌ ബെന്നിയുടെ അങ്കിള്‍ ആണ്‌"

അച്ഛന്‍: (അങ്കിള്‍ കുങ്കിള്‍) "അതുകൊണ്ട്‌ ?"

ഞാന്‍: "ഒന്നുമില്ല അച്ഛന്‍ ഉറങ്ങിക്കൊ ഗുഡ്‌ നൈറ്റ്‌"

BAMM ശശി ആയി, ഞാന്‍ അങ്ങേരെ നോക്കി ഒരു ഭീഭല്‍സ ചിരി പാസ്സാക്കി, എല്ലാം വിധിയാണ്‌, ആരും അറിയണ്ടാട്ടാ..

അന്ന് രാത്രി അവിടെ പൊങ്കാല ആയിരുന്നു, ആക്ച്വലി എല്ലാരെയും പരിചയപ്പെട്ട്‌ വന്നപ്പോള്‍ തന്നെ നേരം വെളുത്തു, ചെന്നൈ എത്തി, ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ ഒരു ഓട്ടോയിലും, അവര്‍ രണ്ട്‌ ബസ്സിലുമായി പോയി, രാത്രി എയര്‍ പോര്‍ട്ടിലും അവസ്ഥ അതായിരുന്നു, ഷാ രുഖ്‌ ഖാന്‍ ഫാന്‍സിനെ നോക്കി കൈ കാണിക്കും പോലെ ബെന്നി ഇടക്കിടക്ക്‌ വീട്ടുകാരെ നോക്കി കൈ കാണിക്കും, തിരിച്ച്‌ അവരും, ഞാന്‍ കൈ കാണിക്കുമ്പൊ പാവം എന്റെ അപ്പനും അമ്മയും മാത്രം, എനിക്ക്‌ കോമ്പ്ലെക്സ്‌ അടിക്കാണ്ടിരിക്കനാണെന്ന് തോന്നുന്നു, അച്ചനും അമ്മയും രണ്ടു കയ്യും പൊക്കി റ്റാറ്റ കാണിക്കാന്‍ തുടങ്ങി, ഡബ്ബിള്‍ ധമാക്ക, മാത്രമല്ല അവിടെ ഉണ്ടായിരുന്ന ആരാണ്ടെയൊക്കെയൊ ഭീഷണിപ്പെടുത്തി, അവരെ കൊണ്ടും റ്റാറ്റ കാണിപ്പിച്ചു, അങ്ങനെ നമ്മുടെ കുടുമ്പത്തിന്റെ മാനം എയറില്‍ പറത്താതെ അച്ഛന്‍ രക്ഷിച്ചു. അപ്പോഴാണ്‌ അത്‌ ഞാന്‍ ശ്രദ്ധിച്ചത്‌ ബെന്നിയുടെ പെട്ടി, വളരെ ചെറിയ പെട്ടി, ഒരു നാലുപേര്‍ക്ക്‌ സുഖമായി കിടന്നുറങ്ങാം, അതില്‍ ഒരു ഓറഞ്ച്‌ റിബ്ബണ്‍, അതും പോരാഞ്ഞിട്ട്‌, അതിന്റെ മുകളില്‍, അവന്റെ പേരും, പേര്‌ വായിച്ച്‌ ഞാന്‍ പൊട്ടിച്ചിരിച്ചു

ബെന്നി: "എന്താടാ കിണിക്കുന്നെ?"

ഞാന്‍: "എന്തോന്നെടേയ് ഇതില്‍ എഴുതി വെച്ചിരിക്കുന്നെ?"

ബെന്നി: "എന്റെ പേര്‌.."

ഞാന്‍: "ബെന്നി ആല്‍ബര്‍ട്ട്‌ ചവറാ, ഹ ഹ, നി ചവറാണെന്ന് നാട്ടുകാരെ മുഴുവന്‍ അറിയിക്കണൊ?"

ബെന്നി: "ഡേയ്‌ അതെന്റെ സ്ഥലപ്പെരാണ്‌, ഇനി എങ്ങാനും ആ പെട്ടി മിസ്സ്‌ ആയി പോയാലൊ, ഒരു ഉറപ്പിന്‌ ഇരിക്കട്ടെ"

ഞാന്‍: "ആ പെട്ടിയാ ?? അതു ആരേലും എടുത്തോണ്ട്‌ പോകാനാ ? ഉത്സവം കാണാന്‍ വരുന്ന ആരെങ്കിലും ഇതുവരെ ആനയെ അടിച്ചോണ്ട്‌ പോയ ചരിത്രം ഉണ്ടോ അളിയാ ?"

ബെന്നി ഒരു മ്ലേച്ച ചിരി പാസ്സാക്കി..

ഞങ്ങള്‍ ഫ്ലൈറ്റില്‍ കയറി, ഇന്ത്യന്‍ എയര്‍ലൈന്‍സ്‌, അര മണിക്കൂര്‍ ലേറ്റ്‌, കേറിയപ്പൊ സ്വീകരിക്കന്‍ ഒരു ചേച്ചി നില്‍പ്പുണ്ടായിരുന്നു, എന്തൊരു സ്ട്ട്രക്ചറെന്റമ്മച്ചീ.. അമ്മച്ചീ അമ്മച്ചീ അമ്മച്ചീ.. എക്കൊ അല്ല, അകത്ത്‌ നോക്കിയപ്പൊ മൊത്തം അമ്മച്ചിമാര്‌, റിട്ടയര്‍ ആകുന്നതിന്‌ മുന്നത്തെ അവസാന ആഗ്രഹമായി ഹൊസ്റ്റസ്സ്‌ ആകി അയച്ചതാണെന്ന് തോന്നുന്നു.. പറഞ്ഞിട്ടെന്ത്‌ കാര്യം പാപി ചെല്ലുന്നിടം പാതാളം, അപ്പളാണ്‌ അത്‌ സംഭവിച്ചത്‌, ബെന്നി കേരി ഒരു അമ്മച്ചിയോട്‌ ചോദിച്ചു, "ഈ ഫ്ലൈറ്റ്‌ സിങ്കപൂരിനു പോകില്ലെ ?" നല്ല ബെസ്റ്റ്‌ കരം, അമ്മച്ചി ഒരു പുച്ഛ ഭാവത്തോട്‌ കൂടി അവനെ നോക്കി, ഇവനിതെവിടുന്നെടാ...

ഞാന്‍: "നി എന്തോന്നാടെയ്‌ ഈ കാണിക്കുന്നെ, വില കളയോ"

ബെന്നി: "അളിയാ ഞാന്‍ ആദ്യമായാണ്‌ ഫ്ലൈറ്റില്‍ കേറിയതെന്ന് അവര്‍ക്ക്‌ തോന്നാന്‍ പാടില്ലല്ലോ അതിനു മുന്‍ കൂട്ടി തള്ളിയതാ"

ഞാന്‍: "കൊള്ളാം അവര്‍ക്ക്‌ മനസിലായെ ഇല്ല"

ബെന്നി: "ഇല്ല അല്ലെ" :) ഞാന്‍ അവനെ സഹതാപത്തോടെ നോക്കി.. "വെല്‍ ... ആയി അല്ലെ.. ശെ.." :(

ഫ്ലൈറ്റ്‌ പറന്ന് സിങ്കപൂര്‍ എത്തി... ഗഫൂര്‍ക്ക എവിടെ ??

ധേ നില്‍ക്കുന്നു ഗഫൂര്‍ക്ക... എന്റെയും ബെന്നിയുടേയും മനസ്സ്‌ പൂവണിഞ്ഞു.. :)

ഇങ്ങേര്‍ വലിയ millionare എന്ന്‌ പറഞ്ഞിട്ട്‌ ഇതെന്താ ലുങ്കിയില്‌...

സുധീര്‍ഖമായ സംഭാഷണത്തിനൊടുവില്‍ ഞങ്ങള്‍ ആ നാറിയ സത്യം മനസ്സിലാക്കി, അങ്ങേര്‌ millionare അല്ല ഇവിടെ ഒരു മില്‍ ഇട്ടിരിക്കുന്ന നായര്‌ ആണെന്ന്, കൂട്ടിവായിക്കുമ്പൊ millionare ആകും പോലും...

ഞാന്‍ ബെന്നീടെ മുഖത്ത്‌ നോക്കി.. അവന്‍ അടിച്ച ഡയലോഗ്‌ അശരീരി പോലെ കേട്ടുകൊണ്ടേയിരുന്നു...

"ഗഫൂര്‍ക്ക എത്രയൊ ആള്‍ക്കാരെ രക്ഷിച്ചിരിക്കുന്നു, അദ്ധേഹം നല്ലൊരു മനുഷ്യനാണ്‌" !!

"പ്ഭാാാ!!"

(തുടരും..)

Copyright