കുറച്ചു കാലം ബ്ലോഗ് ലോകത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു, (അതിനിപ്പോ ഞങ്ങള്‍ എന്നാ വേണം എന്നായിരിക്കും നിങ്ങള്‍ ആലോചിക്കുന്നത്, ചുമ്മ പറഞ്ഞെന്നേയുള്ളു ഷെമി), അതിനു കാരണം എനിക്ക് കേരളം വിടേണ്ടി വന്നതോണ്ടാട്ടാ, (അവിടുന്നു പറഞ്ഞ് വിട്ടതല്ലേടാ? സ്സ്സ് പതുക്കെ ആരേലും കേള്‍ക്കും) ഞാനിപ്പൊ "മദ്യ"തിരുവിതാങ്കൂറിന്റെ ഇങ്ങേ സൈഡില്‍ ഉള്ള സിങ്കപ്പൂര്‍ എന്ന മഹാനഗരത്തിലാണ് :) അമ്മച്ചിയാണെ തള്ളിയതല്ല.. ശെരിക്കും.. നിങ്ങളുടേയൊക്കെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്.. ഇതാ എന്റെ ഏറ്റവും ലേറ്റസ്റ്റ് പോസ്റ്റ്
സിങ്കപ്പൂരം - ഭാഗം ഒന്ന്
സിങ്കപ്പൂര്‍ , നല്ല വൃത്തിയും വെടിപ്പുമുള്ള സ്ഥലം, നമ്മളെ പോലുള്ളവര്‍ക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാ, എന്തായാലും വന്നെത്തിയില്ലെ, സോപ്പ് തേച്ച സ്ഥിതിക്ക് കുളിച്ചേച്ചും കേറാം, ഞാനും എന്റെ സുഹൃത്ത് പന്നിയും.. ഛെ സോറി ബെന്നിയും ഈ സുന്ദരമായ സിങ്കപ്പൂരില്‍ പോകാന്‍ തീരുമാനിച്ചു, ബെന്നി അവനെ പറ്റി പറയുകയാണെങ്കില്‍.. well.. അവന്‍.. ആക്ച്വലി അവനെ പറ്റി ഒന്നും പറയാനില്ല.. US'ലുള്ള അവന്റെ മാമനെ സോപ്പിട്ട് എറണാകുളത്ത് ഒരു കമ്പനി നടത്തി പോരുവായിരുന്നു, കമ്പനി ഇനിയും തുടര്‍ന്ന് നടത്തിയാല്‍ അവന്റെ മാമന്‍ അവനെ എണീച്ച് നടത്തിക്കില്ല എന്ന സ്ഥിതി ആയപ്പൊ ഒരു "മാമാങ്കം" (മാമനെ അങ്കുലപ്പെടുത്തുക (വലിപ്പിക്കുക)) നടത്തി അവന്‍ സ്കൂട്ട് ആയി.. പുതിയൊരു ജീവിതമാണ് അവന്റെ ലക്ഷ്യം (കാത്തിരുന്നോണ്ടാ മതി ഇപ്പ കിട്ടും), എന്തായലും കൊച്ചീകാര്‍ക്ക് അവന്‍ പോയതോടെ പുതിയൊരു ജീവിതം കിട്ടികാണണം. പക്ഷെ എന്റെ കാര്യം വളരെ വ്യത്യസ്തമാണ് (തള്ള് തുടങ്ങി), എന്റെ നാട്ടുകാര്‍ എന്നെ വല്ലാണ്ടു മിസ്സ് ചെയ്യുന്നുണ്ടാവും (ഓ പിന്നേ), വരുന്നതിനു മുന്നെ എന്റെ പഴയ ആപ്പീസിലെ സുഹൃത്തുക്കള്‍ ഒരു മാസമാണ് എന്റെ സീ ഓഫ് (ഓഫ് ആകും വരെ അടിക്കുക) അഘോഷിച്ചത്, ആദ്യമാദ്യം വലിയ സ്നേഹമായിരുന്നെങ്കിലും, അവസാനം ഇത് നിന്റെ മുപ്പത്തി നാലാമത്തെ സീ ഓഫ് ആണ് ഇനി ഇവിടെ കണ്ട് പോകരുത് എന്ന് പറഞ്ഞ് വിടുകയായിരുന്നു. ഞാന്‍ പോയതിന് ശേഷവും എന്നും എന്നെ ഓര്‍ത്ത് (പിന്നെ ഇല്ലെങ്കില്‍ അടിക്കില്ലായിരിക്കും, ഒന്നു പോടെയ്) കൂടാറുണ്ടെന്ന് കേട്ടപ്പൊ എന്റെ കണ്ണ് നിറഞ്ഞ് കവിഞ്ഞ് പണ്ടാറടങ്ങിപ്പോയി (ഇവിടെ പുല്ല് ഭയങ്കര വിലയാണ് അവിടെ അവന്മാര്‍ ഡെയ്‌ലി അടി, ഇവനൊക്കെ സോഡ കിട്ടാണ്ടു ചാവും)
എന്തായാലും പലരുടേയും നൊമ്പരങ്ങള്‍ പിന്നിലാക്കി, കുറ്റവാളികളെ തേടി ഇറങ്ങിയ CID ദാസനേം വിജയനേം (ഞാന്‍ ദാസന്‍) പോലെ ജോലി തേടി(തെണ്ടി) പോകാന്‍ തീരുമാനിച്ചു, ഗഫൂര്‍ക്ക ഐര്‍പോര്‍ട്ടില്‍ വെയിറ്റ് ചെയ്യാമെന്നു പറഞ്ഞിട്ടുണ്ട്, ഇനി എങ്ങാനും ഗഫൂര്‍ക വലിപ്പിക്കോ ?? ഉള്ള ജോലിയും കളഞ്ഞു പൊകുവാ.. ചോദിക്കുമ്പൊ സിങ്കപ്പൂരു പൊകുവാണെന്ന് പറയാന്‍ ഒരു ആഡംഭരമാണേലും.. വല്ല ചൈനീസുകാരന്റെ ഇടിയും കൊള്ളേണ്ടി വരുമൊ ഭഗവതി... ബെന്നി ആണെ എന്നും കാലത്ത് വീടിന്റെ മുന്നില്‍ ഇറങ്ങി നിന്ന്, അമ്മേ എനിക്കു ചിലപ്പൊ സിങ്കപ്പൂരില്‍ നിന്നും ഒരു കാള്‍ വരും ഇനി കുറച്ച് ദിവസം കൂടി അല്ലെ ഉള്ളു പോകാന്‍.. എന്ന് ഉറക്കെ വിളിച്ച് പറയും.. അവനൊട് ചോദിക്കുമ്പൊ..
"പ്രശ്നമൊന്നുമ്മില്ലെടാ, ഗഫൂര്‍ക്ക എത്രയൊ ആള്‍കാരെ രക്ഷിച്ചിരിക്കുന്നു, അദ്ധേഹം നല്ലൊരു മനുഷ്യനാണ്" എന്ന ഒരു ഡയലോഗ് മാത്രം.
ചെന്നയില്‍ നിന്നാണ് ഫ്ലൈറ്റ്, രണ്ടീസം മുന്നെ ആണ് ഗഫൂര്‍ക്ക ഡേറ്റ് ഫിക്സ് ചെയ്തത്, അതോണ്ട് ടിക്കറ്റ് തത്കാലില്‍ എടുക്കേണ്ടി വന്നു, റയില്‍ വെ സ്റ്റേഷനില്‍ എത്തിയ ഞാന്‍ ബെന്നീനെ വിളിച്ചു,
ഞാന്‍: "അളിയ തത്കാലെ ഉള്ളു, അതും വളരെ കുറച്ച് ടിക്കറ്റുകള്‍, നീ പെട്ടെന്ന് ബുക്ക് ചെയ്യ്"
ബെന്നി: "തത്കാലത്തേക്കൊന്നും ശെരിയാവില്ല, പെര്‍മനന്റ് ഉണ്ടോന്ന് നോക്ക്"
ഞാന്‍: "!@#@!#!@#"
ബെന്നി: (കാര്യം മനസിലായി) "ഡാ നി ഏതായാലും സ്റ്റേഷനില്‍ നില്‍കുവല്ലെ, ഞങ്ങള്‍ക്കും കൂടെ അങ്ങു എടുത്തേര്"
ഞാന്‍: "ശെരി, പേരും ഡീറ്റയില്‍സും sms ചെയ്താല്‍ മതി"
"ശെരി ഡണ്‍"
കുറച്ച് കഴിഞ്ഞപ്പോ, sms വന്നു, രണ്ടെണ്ണം ഒന്നിച്ച്, message memory full എന്ന് കാണിക്കുന്നു, ഇതു ഹാരപ്പാ മൊഹഞ്ചിധാരൊ ഇത്രോം sms ഒന്നിച്ചയക്കുന്നെ, നൊക്കീപ്പൊ, എല്ലാം from: Benny തുറന്ന് നൊക്കീപ്പൊ, passenger list ആണ്, ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വരുന്ന ഭര്‍ത്താവിന് ഭാര്യ മേടിച്ചോണ്ട് വരേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കിയപോലെ ഒരു നീണ്ട ലിസ്റ്റ്,
ബെന്നി
അപ്പന്‍
അമ്മ
അനിയത്തി
അപ്പന്റെ മാമന്‍
അപ്പന്റെ മാമി
അമ്മേടെ മാമന്‍
അമ്മേടെ മാമി
മാമന്റെ മാമന്‍
അപ്പുറത്തെ വീട്ടിലെ ചേച്ചി
ചേച്ചീടെ ജോലിക്കാരി
........ (തീര്‍ന്നിട്ടില്ല കൈ കഴച്ചതോണ്ട് നിര്‍ത്തീതാ)
ഞാന്‍ അവനെ വിളിച്ചു
ഞാന്‍: "ഏന്തോന്നെടേയ് ഇത്, ഞാന്‍ നിന്റെ കുടുമ്പക്കാരുടെ ലിസ്റ്റ് അല്ല ചോദിച്ചെ, ചെന്നൈക്ക് ആരൊക്കെ വരുന്നെന്നാ"
"ഏല്ലാരും ഉണ്ടളിയാ, ഇതൊക്കെ ജീവിതത്തില്‍ ഒരിക്കലല്ലെ നടക്കു"
"ഏത് ? ഒരു കുടുമ്പം ഒന്നിച്ച് ട്രെയിനില്‍ പോകുന്നതാ?"
"പോടേയ് അവന്റെ ഒരു തമാശ"
എന്തായാലും ടിക്കറ്റ് അവനോട് സ്വയം എടുക്കാന്‍ പറഞ്ഞു, ഞാനും അച്ഛനും അമ്മയും യാത്ര തിരിച്ചു, ഒത്തിരി പേര്‍ യാത്ര അയക്കാന്‍ വന്നിരുന്നു, സാബുവിന്റേയും നടേശന്റേയും കണ്ണുകളില്‍ ഞാന്‍ ഒരു തിളക്കം കണ്ടു, ആദ്യം ഞാനോര്‍ത്തു എന്നെ പിരിയുന്നതിന്റെ വിഷമം കൊണ്ടു കണ്ണ് നിറഞ്ഞു തിളങ്ങുന്നതായിരിക്കുമെന്ന്, പക്ഷെ ട്രെയിന്‍ എടുത്തതും സംഭവം മനസ്സിലായി, പണ്ടു കോളേജില്‍ സുമലതയെ അവള്‍ടെ അപ്പന്‍ (പട്ടാളക്കാരന്‍ മീശക്കാരന്‍ ജിമ്മന്‍ തെണ്ടി, മനുഷ്യനെ പേടിപ്പിക്കാന്‍)കൊണ്ടു ഇറക്കിയേച്ചും പോകുമ്പോ നമ്മള്‍ അനുഭവിച്ചിരുന്ന ആഹ്ലാദവും ആശ്വാസവും, റ്റാറ്റ കാണിച്ച് നിന്ന നടേശന്റെയും സാബുവിന്റേയും മുഖത്ത് ഞാന്‍ കണ്ടു, ഒരു മത്സരാര്‍ദ്ധി കുറഞ്ഞല്ലൊ. എടാ പഹയന്മാരെ, I will be back (ഞാന്‍ നിങ്ങടെ പുറകേ ഉണ്ട്)
അങ്ങനെ കൊച്ചി എത്തി, അതുവരെ ഷക്കീല പടം (കമ്പ്ലീറ്റ് സയിലന്‍സ്) ഓടുന്ന തിയേറ്റര്‍ പോലെ ഇരുന്ന ട്രെയിന്‍ പെട്ടെന്നു ഷാജി കൈലാസ് പടമായി മാറി, ബെന്നിയും നാട്ടുകാരും.. സോറി വീട്ടുകാരും എത്തി, ബോഗിയുടെ രണ്ട് സൈഡില്‍ നിന്നും കേറുന്നുണ്ട് എന്നിട്ടും തീരുന്നില്ല, രണ്ട് കമ്പാര്‍ട്ട്‌മന്റ് മുഴുവന്‍ അവരെ കൊണ്ട് നിറഞ്ഞു.. അപ്പളേക്കും സമയം 11 മണി ആയിരുന്നു, എന്റെ അച്ഛനും അമ്മയും നല്ല ഉറക്കം, ബെന്നിയുടെ അപ്പന്റെ മാമീടെ മാമന് എന്റെ അപ്പനെ കണ്ടേ പറ്റു, എത്ര പറഞ്ഞിട്ടും കേള്‍ക്കുന്നില്ല, അവസാനം ഞാന്‍ കാണിച്ച് കൊടുത്തു, അപ്പളേക്കും പുള്ളി അപ്പനെ തോണ്ടി വിളിച്ച് ഉണര്‍ത്തി, എന്നിട്ടൊരു ചോദ്യം
BAMM(ബ്ബെന്ന്യുടെ അപ്പന്റെ മാമീടെ മാമന്‍): "ഉറങ്ങിയായിരുന്നു അല്ലെ ?"
അച്ഛന്‍: "ഏയ്.. ഇല്ല ഞാന്‍ പത്രം വായികുകയായിരുന്നു, എന്തേ ?"
BAMM: "ശൊ സോറി, ബുദ്ധിമുട്ടായൊ ?"
അച്ഛന്‍: "ആയെങ്കില്‍ ?"
കലിപ്പ്.. ഞാന്‍ ഇടപെട്ടു
ഞാന്‍: "ആച്ഛാ ഇത് ബെന്നിയുടെ അങ്കിള്‍ ആണ്"
അച്ഛന്‍: (അങ്കിള്‍ കുങ്കിള്‍) "അതുകൊണ്ട് ?"
ഞാന്‍: "ഒന്നുമില്ല അച്ഛന്‍ ഉറങ്ങിക്കൊ ഗുഡ് നൈറ്റ്"
BAMM ശശി ആയി, ഞാന്‍ അങ്ങേരെ നോക്കി ഒരു ഭീഭല്‍സ ചിരി പാസ്സാക്കി, എല്ലാം വിധിയാണ്, ആരും അറിയണ്ടാട്ടാ..
അന്ന് രാത്രി അവിടെ പൊങ്കാല ആയിരുന്നു, ആക്ച്വലി എല്ലാരെയും പരിചയപ്പെട്ട് വന്നപ്പോള്‍ തന്നെ നേരം വെളുത്തു, ചെന്നൈ എത്തി, ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ ഒരു ഓട്ടോയിലും, അവര്‍ രണ്ട് ബസ്സിലുമായി പോയി, രാത്രി എയര്‍ പോര്‍ട്ടിലും അവസ്ഥ അതായിരുന്നു, ഷാ രുഖ് ഖാന്‍ ഫാന്‍സിനെ നോക്കി കൈ കാണിക്കും പോലെ ബെന്നി ഇടക്കിടക്ക് വീട്ടുകാരെ നോക്കി കൈ കാണിക്കും, തിരിച്ച് അവരും, ഞാന്‍ കൈ കാണിക്കുമ്പൊ പാവം എന്റെ അപ്പനും അമ്മയും മാത്രം, എനിക്ക് കോമ്പ്ലെക്സ് അടിക്കാണ്ടിരിക്കനാണെന്ന് തോന്നുന്നു, അച്ചനും അമ്മയും രണ്ടു കയ്യും പൊക്കി റ്റാറ്റ കാണിക്കാന്‍ തുടങ്ങി, ഡബ്ബിള്‍ ധമാക്ക, മാത്രമല്ല അവിടെ ഉണ്ടായിരുന്ന ആരാണ്ടെയൊക്കെയൊ ഭീഷണിപ്പെടുത്തി, അവരെ കൊണ്ടും റ്റാറ്റ കാണിപ്പിച്ചു, അങ്ങനെ നമ്മുടെ കുടുമ്പത്തിന്റെ മാനം എയറില്‍ പറത്താതെ അച്ഛന്‍ രക്ഷിച്ചു. അപ്പോഴാണ് അത് ഞാന്‍ ശ്രദ്ധിച്ചത് ബെന്നിയുടെ പെട്ടി, വളരെ ചെറിയ പെട്ടി, ഒരു നാലുപേര്‍ക്ക് സുഖമായി കിടന്നുറങ്ങാം, അതില്‍ ഒരു ഓറഞ്ച് റിബ്ബണ്‍, അതും പോരാഞ്ഞിട്ട്, അതിന്റെ മുകളില്‍, അവന്റെ പേരും, പേര് വായിച്ച് ഞാന്‍ പൊട്ടിച്ചിരിച്ചു
ബെന്നി: "എന്താടാ കിണിക്കുന്നെ?"
ഞാന്‍: "എന്തോന്നെടേയ് ഇതില്‍ എഴുതി വെച്ചിരിക്കുന്നെ?"
ബെന്നി: "എന്റെ പേര്.."
ഞാന്‍: "ബെന്നി ആല്‍ബര്‍ട്ട് ചവറാ, ഹ ഹ, നി ചവറാണെന്ന് നാട്ടുകാരെ മുഴുവന്‍ അറിയിക്കണൊ?"
ബെന്നി: "ഡേയ് അതെന്റെ സ്ഥലപ്പെരാണ്, ഇനി എങ്ങാനും ആ പെട്ടി മിസ്സ് ആയി പോയാലൊ, ഒരു ഉറപ്പിന് ഇരിക്കട്ടെ"
ഞാന്‍: "ആ പെട്ടിയാ ?? അതു ആരേലും എടുത്തോണ്ട് പോകാനാ ? ഉത്സവം കാണാന്‍ വരുന്ന ആരെങ്കിലും ഇതുവരെ ആനയെ അടിച്ചോണ്ട് പോയ ചരിത്രം ഉണ്ടോ അളിയാ ?"
ബെന്നി ഒരു മ്ലേച്ച ചിരി പാസ്സാക്കി..
ഞങ്ങള്‍ ഫ്ലൈറ്റില്‍ കയറി, ഇന്ത്യന്‍ എയര്‍ലൈന്‍സ്, അര മണിക്കൂര്‍ ലേറ്റ്, കേറിയപ്പൊ സ്വീകരിക്കന്‍ ഒരു ചേച്ചി നില്‍പ്പുണ്ടായിരുന്നു, എന്തൊരു സ്ട്ട്രക്ചറെന്റമ്മച്ചീ.. അമ്മച്ചീ അമ്മച്ചീ അമ്മച്ചീ.. എക്കൊ അല്ല, അകത്ത് നോക്കിയപ്പൊ മൊത്തം അമ്മച്ചിമാര്, റിട്ടയര്‍ ആകുന്നതിന് മുന്നത്തെ അവസാന ആഗ്രഹമായി ഹൊസ്റ്റസ്സ് ആകി അയച്ചതാണെന്ന് തോന്നുന്നു.. പറഞ്ഞിട്ടെന്ത് കാര്യം പാപി ചെല്ലുന്നിടം പാതാളം, അപ്പളാണ് അത് സംഭവിച്ചത്, ബെന്നി കേരി ഒരു അമ്മച്ചിയോട് ചോദിച്ചു, "ഈ ഫ്ലൈറ്റ് സിങ്കപൂരിനു പോകില്ലെ ?" നല്ല ബെസ്റ്റ് കരം, അമ്മച്ചി ഒരു പുച്ഛ ഭാവത്തോട് കൂടി അവനെ നോക്കി, ഇവനിതെവിടുന്നെടാ...
ഞാന്‍: "നി എന്തോന്നാടെയ് ഈ കാണിക്കുന്നെ, വില കളയോ"
ബെന്നി: "അളിയാ ഞാന്‍ ആദ്യമായാണ് ഫ്ലൈറ്റില്‍ കേറിയതെന്ന് അവര്‍ക്ക് തോന്നാന്‍ പാടില്ലല്ലോ അതിനു മുന്‍ കൂട്ടി തള്ളിയതാ"
ഞാന്‍: "കൊള്ളാം അവര്‍ക്ക് മനസിലായെ ഇല്ല"
ബെന്നി: "ഇല്ല അല്ലെ" :) ഞാന്‍ അവനെ സഹതാപത്തോടെ നോക്കി.. "വെല്‍ ... ആയി അല്ലെ.. ശെ.." :(
ഫ്ലൈറ്റ് പറന്ന് സിങ്കപൂര്‍ എത്തി... ഗഫൂര്‍ക്ക എവിടെ ??
ധേ നില്‍ക്കുന്നു ഗഫൂര്‍ക്ക... എന്റെയും ബെന്നിയുടേയും മനസ്സ് പൂവണിഞ്ഞു.. :)
ഇങ്ങേര്‍ വലിയ millionare എന്ന് പറഞ്ഞിട്ട് ഇതെന്താ ലുങ്കിയില്...
സുധീര്‍ഖമായ സംഭാഷണത്തിനൊടുവില്‍ ഞങ്ങള്‍ ആ നാറിയ സത്യം മനസ്സിലാക്കി, അങ്ങേര് millionare അല്ല ഇവിടെ ഒരു മില്‍ ഇട്ടിരിക്കുന്ന നായര് ആണെന്ന്, കൂട്ടിവായിക്കുമ്പൊ millionare ആകും പോലും...
ഞാന്‍ ബെന്നീടെ മുഖത്ത് നോക്കി.. അവന്‍ അടിച്ച ഡയലോഗ് അശരീരി പോലെ കേട്ടുകൊണ്ടേയിരുന്നു...
"ഗഫൂര്‍ക്ക എത്രയൊ ആള്‍ക്കാരെ രക്ഷിച്ചിരിക്കുന്നു, അദ്ധേഹം നല്ലൊരു മനുഷ്യനാണ്" !!
"പ്ഭാാാ!!"
(തുടരും..)