Saturday, December 13, 2008

സിങ്കപ്പൂരം - ഭാഗം ഒന്ന്

കുറച്ചു കാലം ബ്ലോഗ്‌ ലോകത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു, (അതിനിപ്പോ ഞങ്ങള്‍ എന്നാ വേണം എന്നായിരിക്കും നിങ്ങള്‍ ആലോചിക്കുന്നത്‌, ചുമ്മ പറഞ്ഞെന്നേയുള്ളു ഷെമി), അതിനു കാരണം എനിക്ക്‌ കേരളം വിടേണ്ടി വന്നതോണ്ടാട്ടാ, (അവിടുന്നു പറഞ്ഞ്‌ വിട്ടതല്ലേടാ? സ്സ്സ്‌ പതുക്കെ ആരേലും കേള്‍ക്കും) ഞാനിപ്പൊ "മദ്യ"തിരുവിതാങ്കൂറിന്റെ ഇങ്ങേ സൈഡില്‍ ഉള്ള സിങ്കപ്പൂര്‍ എന്ന മഹാനഗരത്തിലാണ്‌ :) അമ്മച്ചിയാണെ തള്ളിയതല്ല.. ശെരിക്കും.. നിങ്ങളുടേയൊക്കെ കാത്തിരിപ്പിന്‌ വിരാമമിട്ടുകൊണ്ട്‌.. ഇതാ എന്റെ ഏറ്റവും ലേറ്റസ്റ്റ്‌ പോസ്റ്റ്‌

സിങ്കപ്പൂരം - ഭാഗം ഒന്ന്

സിങ്കപ്പൂര്‍ , നല്ല വൃത്തിയും വെടിപ്പുമുള്ള സ്ഥലം, നമ്മളെ പോലുള്ളവര്‍ക്ക്‌ അഡ്ജസ്റ്റ്‌ ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാ, എന്തായാലും വന്നെത്തിയില്ലെ, സോപ്പ്‌ തേച്ച സ്ഥിതിക്ക്‌ കുളിച്ചേച്ചും കേറാം, ഞാനും എന്റെ സുഹൃത്ത്‌ പന്നിയും.. ഛെ സോറി ബെന്നിയും ഈ സുന്ദരമായ സിങ്കപ്പൂരില്‍ പോകാന്‍ തീരുമാനിച്ചു, ബെന്നി അവനെ പറ്റി പറയുകയാണെങ്കില്‍.. well.. അവന്‍.. ആക്ച്വലി അവനെ പറ്റി ഒന്നും പറയാനില്ല.. US'ലുള്ള അവന്റെ മാമനെ സോപ്പിട്ട്‌ എറണാകുളത്ത്‌ ഒരു കമ്പനി നടത്തി പോരുവായിരുന്നു, കമ്പനി ഇനിയും തുടര്‍ന്ന്‌ നടത്തിയാല്‍ അവന്റെ മാമന്‍ അവനെ എണീച്ച്‌ നടത്തിക്കില്ല എന്ന സ്ഥിതി ആയപ്പൊ ഒരു "മാമാങ്കം" (മാമനെ അങ്കുലപ്പെടുത്തുക (വലിപ്പിക്കുക)) നടത്തി അവന്‍ സ്കൂട്ട്‌ ആയി.. പുതിയൊരു ജീവിതമാണ്‌ അവന്റെ ലക്ഷ്യം (കാത്തിരുന്നോണ്ടാ മതി ഇപ്പ കിട്ടും), എന്തായലും കൊച്ചീകാര്‍ക്ക്‌ അവന്‍ പോയതോടെ പുതിയൊരു ജീവിതം കിട്ടികാണണം. പക്ഷെ എന്റെ കാര്യം വളരെ വ്യത്യസ്തമാണ്‌ (തള്ള്‌ തുടങ്ങി), എന്റെ നാട്ടുകാര്‍ എന്നെ വല്ലാണ്ടു മിസ്സ്‌ ചെയ്യുന്നുണ്ടാവും (ഓ പിന്നേ), വരുന്നതിനു മുന്നെ എന്റെ പഴയ ആപ്പീസിലെ സുഹൃത്തുക്കള്‍ ഒരു മാസമാണ്‌ എന്റെ സീ ഓഫ്‌ (ഓഫ്‌ ആകും വരെ അടിക്കുക) അഘോഷിച്ചത്‌, ആദ്യമാദ്യം വലിയ സ്നേഹമായിരുന്നെങ്കിലും, അവസാനം ഇത്‌ നിന്റെ മുപ്പത്തി നാലാമത്തെ സീ ഓഫ്‌ ആണ്‌ ഇനി ഇവിടെ കണ്ട്‌ പോകരുത്‌ എന്ന്‌ പറഞ്ഞ്‌ വിടുകയായിരുന്നു. ഞാന്‍ പോയതിന്‌ ശേഷവും എന്നും എന്നെ ഓര്‍ത്ത്‌ (പിന്നെ ഇല്ലെങ്കില്‍ അടിക്കില്ലായിരിക്കും, ഒന്നു പോടെയ്‌) കൂടാറുണ്ടെന്ന്‌ കേട്ടപ്പൊ എന്റെ കണ്ണ്‌ നിറഞ്ഞ്‌ കവിഞ്ഞ്‌ പണ്ടാറടങ്ങിപ്പോയി (ഇവിടെ പുല്ല്‌ ഭയങ്കര വിലയാണ്‌ അവിടെ അവന്മാര്‍ ഡെയ്‌ലി അടി, ഇവനൊക്കെ സോഡ കിട്ടാണ്ടു ചാവും)

എന്തായാലും പലരുടേയും നൊമ്പരങ്ങള്‍ പിന്നിലാക്കി, കുറ്റവാളികളെ തേടി ഇറങ്ങിയ CID ദാസനേം വിജയനേം (ഞാന്‍ ദാസന്‍) പോലെ ജോലി തേടി(തെണ്ടി) പോകാന്‍ തീരുമാനിച്ചു, ഗഫൂര്‍ക്ക ഐര്‍പോര്‍ട്ടില്‍ വെയിറ്റ്‌ ചെയ്യാമെന്നു പറഞ്ഞിട്ടുണ്ട്‌, ഇനി എങ്ങാനും ഗഫൂര്‍ക വലിപ്പിക്കോ ?? ഉള്ള ജോലിയും കളഞ്ഞു പൊകുവാ.. ചോദിക്കുമ്പൊ സിങ്കപ്പൂരു പൊകുവാണെന്ന് പറയാന്‍ ഒരു ആഡംഭരമാണേലും.. വല്ല ചൈനീസുകാരന്റെ ഇടിയും കൊള്ളേണ്ടി വരുമൊ ഭഗവതി... ബെന്നി ആണെ എന്നും കാലത്ത്‌ വീടിന്റെ മുന്നില്‍ ഇറങ്ങി നിന്ന്, അമ്മേ എനിക്കു ചിലപ്പൊ സിങ്കപ്പൂരില്‍ നിന്നും ഒരു കാള്‍ വരും ഇനി കുറച്ച്‌ ദിവസം കൂടി അല്ലെ ഉള്ളു പോകാന്‍.. എന്ന് ഉറക്കെ വിളിച്ച്‌ പറയും.. അവനൊട്‌ ചോദിക്കുമ്പൊ..

"പ്രശ്നമൊന്നുമ്മില്ലെടാ, ഗഫൂര്‍ക്ക എത്രയൊ ആള്‍കാരെ രക്ഷിച്ചിരിക്കുന്നു, അദ്ധേഹം നല്ലൊരു മനുഷ്യനാണ്‌" എന്ന ഒരു ഡയലോഗ്‌ മാത്രം.

ചെന്നയില്‍ നിന്നാണ്‌ ഫ്ലൈറ്റ്‌, രണ്ടീസം മുന്നെ ആണ്‌ ഗഫൂര്‍ക്ക ഡേറ്റ്‌ ഫിക്സ്‌ ചെയ്തത്‌, അതോണ്ട്‌ ടിക്കറ്റ്‌ തത്കാലില്‍ എടുക്കേണ്ടി വന്നു, റയില്‍ വെ സ്റ്റേഷനില്‍ എത്തിയ ഞാന്‍ ബെന്നീനെ വിളിച്ചു,

ഞാന്‍: "അളിയ തത്കാലെ ഉള്ളു, അതും വളരെ കുറച്ച്‌ ടിക്കറ്റുകള്‍, നീ പെട്ടെന്ന് ബുക്ക്‌ ചെയ്യ്‌"

ബെന്നി: "തത്കാലത്തേക്കൊന്നും ശെരിയാവില്ല, പെര്‍മനന്റ്‌ ഉണ്ടോന്ന് നോക്ക്‌"

ഞാന്‍: "!@#@!#!@#"

ബെന്നി: (കാര്യം മനസിലായി) "ഡാ നി ഏതായാലും സ്റ്റേഷനില്‍ നില്‍കുവല്ലെ, ഞങ്ങള്‍ക്കും കൂടെ അങ്ങു എടുത്തേര്‌"

ഞാന്‍: "ശെരി, പേരും ഡീറ്റയില്‍സും sms ചെയ്താല്‍ മതി"

"ശെരി ഡണ്‍"

കുറച്ച്‌ കഴിഞ്ഞപ്പോ, sms വന്നു, രണ്ടെണ്ണം ഒന്നിച്ച്‌, message memory full എന്ന് കാണിക്കുന്നു, ഇതു ഹാരപ്പാ മൊഹഞ്ചിധാരൊ ഇത്രോം sms ഒന്നിച്ചയക്കുന്നെ, നൊക്കീപ്പൊ, എല്ലാം from: Benny തുറന്ന്‌ നൊക്കീപ്പൊ, passenger list ആണ്‌, ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വരുന്ന ഭര്‍ത്താവിന്‌ ഭാര്യ മേടിച്ചോണ്ട്‌ വരേണ്ട സാധനങ്ങളുടെ ലിസ്റ്റ്‌ ഉണ്ടാക്കിയപോലെ ഒരു നീണ്ട ലിസ്റ്റ്‌,

ബെന്നി
അപ്പന്‍
അമ്മ
അനിയത്തി
അപ്പന്റെ മാമന്‍
അപ്പന്റെ മാമി
അമ്മേടെ മാമന്‍
അമ്മേടെ മാമി
മാമന്റെ മാമന്‍
അപ്പുറത്തെ വീട്ടിലെ ചേച്ചി
ചേച്ചീടെ ജോലിക്കാരി
........ (തീര്‍ന്നിട്ടില്ല കൈ കഴച്ചതോണ്ട്‌ നിര്‍ത്തീതാ)

ഞാന്‍ അവനെ വിളിച്ചു

ഞാന്‍: "ഏന്തോന്നെടേയ്‌ ഇത്‌, ഞാന്‍ നിന്റെ കുടുമ്പക്കാരുടെ ലിസ്റ്റ്‌ അല്ല ചോദിച്ചെ, ചെന്നൈക്ക്‌ ആരൊക്കെ വരുന്നെന്നാ"

"ഏല്ലാരും ഉണ്ടളിയാ, ഇതൊക്കെ ജീവിതത്തില്‍ ഒരിക്കലല്ലെ നടക്കു"

"ഏത്‌ ? ഒരു കുടുമ്പം ഒന്നിച്ച്‌ ട്രെയിനില്‍ പോകുന്നതാ?"

"പോടേയ്‌ അവന്റെ ഒരു തമാശ"

എന്തായാലും ടിക്കറ്റ്‌ അവനോട്‌ സ്വയം എടുക്കാന്‍ പറഞ്ഞു, ഞാനും അച്ഛനും അമ്മയും യാത്ര തിരിച്ചു, ഒത്തിരി പേര്‍ യാത്ര അയക്കാന്‍ വന്നിരുന്നു, സാബുവിന്റേയും നടേശന്റേയും കണ്ണുകളില്‍ ഞാന്‍ ഒരു തിളക്കം കണ്ടു, ആദ്യം ഞാനോര്‍ത്തു എന്നെ പിരിയുന്നതിന്റെ വിഷമം കൊണ്ടു കണ്ണ്‌ നിറഞ്ഞു തിളങ്ങുന്നതായിരിക്കുമെന്ന്‌, പക്ഷെ ട്രെയിന്‍ എടുത്തതും സംഭവം മനസ്സിലായി, പണ്ടു കോളേജില്‍ സുമലതയെ അവള്‍ടെ അപ്പന്‍ (പട്ടാളക്കാരന്‍ മീശക്കാരന്‍ ജിമ്മന്‍ തെണ്ടി, മനുഷ്യനെ പേടിപ്പിക്കാന്‍)കൊണ്ടു ഇറക്കിയേച്ചും പോകുമ്പോ നമ്മള്‍ അനുഭവിച്ചിരുന്ന ആഹ്ലാദവും ആശ്വാസവും, റ്റാറ്റ കാണിച്ച്‌ നിന്ന നടേശന്റെയും സാബുവിന്റേയും മുഖത്ത്‌ ഞാന്‍ കണ്ടു, ഒരു മത്സരാര്‍ദ്ധി കുറഞ്ഞല്ലൊ. എടാ പഹയന്മാരെ, I will be back (ഞാന്‍ നിങ്ങടെ പുറകേ ഉണ്ട്‌)

അങ്ങനെ കൊച്ചി എത്തി, അതുവരെ ഷക്കീല പടം (കമ്പ്ലീറ്റ്‌ സയിലന്‍സ്‌) ഓടുന്ന തിയേറ്റര്‍ പോലെ ഇരുന്ന ട്രെയിന്‍ പെട്ടെന്നു ഷാജി കൈലാസ്‌ പടമായി മാറി, ബെന്നിയും നാട്ടുകാരും.. സോറി വീട്ടുകാരും എത്തി, ബോഗിയുടെ രണ്ട്‌ സൈഡില്‍ നിന്നും കേറുന്നുണ്ട്‌ എന്നിട്ടും തീരുന്നില്ല, രണ്ട്‌ കമ്പാര്‍ട്ട്‌മന്റ്‌ മുഴുവന്‍ അവരെ കൊണ്ട്‌ നിറഞ്ഞു.. അപ്പളേക്കും സമയം 11 മണി ആയിരുന്നു, എന്റെ അച്ഛനും അമ്മയും നല്ല ഉറക്കം, ബെന്നിയുടെ അപ്പന്റെ മാമീടെ മാമന്‌ എന്റെ അപ്പനെ കണ്ടേ പറ്റു, എത്ര പറഞ്ഞിട്ടും കേള്‍ക്കുന്നില്ല, അവസാനം ഞാന്‍ കാണിച്ച്‌ കൊടുത്തു, അപ്പളേക്കും പുള്ളി അപ്പനെ തോണ്ടി വിളിച്ച്‌ ഉണര്‍ത്തി, എന്നിട്ടൊരു ചോദ്യം

BAMM(ബ്ബെന്ന്യുടെ അപ്പന്റെ മാമീടെ മാമന്‍): "ഉറങ്ങിയായിരുന്നു അല്ലെ ?"

അച്ഛന്‍: "ഏയ്‌.. ഇല്ല ഞാന്‍ പത്രം വായികുകയായിരുന്നു, എന്തേ ?"

BAMM: "ശൊ സോറി, ബുദ്ധിമുട്ടായൊ ?"

അച്ഛന്‍: "ആയെങ്കില്‍ ?"

കലിപ്പ്‌.. ഞാന്‍ ഇടപെട്ടു

ഞാന്‍: "ആച്ഛാ ഇത്‌ ബെന്നിയുടെ അങ്കിള്‍ ആണ്‌"

അച്ഛന്‍: (അങ്കിള്‍ കുങ്കിള്‍) "അതുകൊണ്ട്‌ ?"

ഞാന്‍: "ഒന്നുമില്ല അച്ഛന്‍ ഉറങ്ങിക്കൊ ഗുഡ്‌ നൈറ്റ്‌"

BAMM ശശി ആയി, ഞാന്‍ അങ്ങേരെ നോക്കി ഒരു ഭീഭല്‍സ ചിരി പാസ്സാക്കി, എല്ലാം വിധിയാണ്‌, ആരും അറിയണ്ടാട്ടാ..

അന്ന് രാത്രി അവിടെ പൊങ്കാല ആയിരുന്നു, ആക്ച്വലി എല്ലാരെയും പരിചയപ്പെട്ട്‌ വന്നപ്പോള്‍ തന്നെ നേരം വെളുത്തു, ചെന്നൈ എത്തി, ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ ഒരു ഓട്ടോയിലും, അവര്‍ രണ്ട്‌ ബസ്സിലുമായി പോയി, രാത്രി എയര്‍ പോര്‍ട്ടിലും അവസ്ഥ അതായിരുന്നു, ഷാ രുഖ്‌ ഖാന്‍ ഫാന്‍സിനെ നോക്കി കൈ കാണിക്കും പോലെ ബെന്നി ഇടക്കിടക്ക്‌ വീട്ടുകാരെ നോക്കി കൈ കാണിക്കും, തിരിച്ച്‌ അവരും, ഞാന്‍ കൈ കാണിക്കുമ്പൊ പാവം എന്റെ അപ്പനും അമ്മയും മാത്രം, എനിക്ക്‌ കോമ്പ്ലെക്സ്‌ അടിക്കാണ്ടിരിക്കനാണെന്ന് തോന്നുന്നു, അച്ചനും അമ്മയും രണ്ടു കയ്യും പൊക്കി റ്റാറ്റ കാണിക്കാന്‍ തുടങ്ങി, ഡബ്ബിള്‍ ധമാക്ക, മാത്രമല്ല അവിടെ ഉണ്ടായിരുന്ന ആരാണ്ടെയൊക്കെയൊ ഭീഷണിപ്പെടുത്തി, അവരെ കൊണ്ടും റ്റാറ്റ കാണിപ്പിച്ചു, അങ്ങനെ നമ്മുടെ കുടുമ്പത്തിന്റെ മാനം എയറില്‍ പറത്താതെ അച്ഛന്‍ രക്ഷിച്ചു. അപ്പോഴാണ്‌ അത്‌ ഞാന്‍ ശ്രദ്ധിച്ചത്‌ ബെന്നിയുടെ പെട്ടി, വളരെ ചെറിയ പെട്ടി, ഒരു നാലുപേര്‍ക്ക്‌ സുഖമായി കിടന്നുറങ്ങാം, അതില്‍ ഒരു ഓറഞ്ച്‌ റിബ്ബണ്‍, അതും പോരാഞ്ഞിട്ട്‌, അതിന്റെ മുകളില്‍, അവന്റെ പേരും, പേര്‌ വായിച്ച്‌ ഞാന്‍ പൊട്ടിച്ചിരിച്ചു

ബെന്നി: "എന്താടാ കിണിക്കുന്നെ?"

ഞാന്‍: "എന്തോന്നെടേയ് ഇതില്‍ എഴുതി വെച്ചിരിക്കുന്നെ?"

ബെന്നി: "എന്റെ പേര്‌.."

ഞാന്‍: "ബെന്നി ആല്‍ബര്‍ട്ട്‌ ചവറാ, ഹ ഹ, നി ചവറാണെന്ന് നാട്ടുകാരെ മുഴുവന്‍ അറിയിക്കണൊ?"

ബെന്നി: "ഡേയ്‌ അതെന്റെ സ്ഥലപ്പെരാണ്‌, ഇനി എങ്ങാനും ആ പെട്ടി മിസ്സ്‌ ആയി പോയാലൊ, ഒരു ഉറപ്പിന്‌ ഇരിക്കട്ടെ"

ഞാന്‍: "ആ പെട്ടിയാ ?? അതു ആരേലും എടുത്തോണ്ട്‌ പോകാനാ ? ഉത്സവം കാണാന്‍ വരുന്ന ആരെങ്കിലും ഇതുവരെ ആനയെ അടിച്ചോണ്ട്‌ പോയ ചരിത്രം ഉണ്ടോ അളിയാ ?"

ബെന്നി ഒരു മ്ലേച്ച ചിരി പാസ്സാക്കി..

ഞങ്ങള്‍ ഫ്ലൈറ്റില്‍ കയറി, ഇന്ത്യന്‍ എയര്‍ലൈന്‍സ്‌, അര മണിക്കൂര്‍ ലേറ്റ്‌, കേറിയപ്പൊ സ്വീകരിക്കന്‍ ഒരു ചേച്ചി നില്‍പ്പുണ്ടായിരുന്നു, എന്തൊരു സ്ട്ട്രക്ചറെന്റമ്മച്ചീ.. അമ്മച്ചീ അമ്മച്ചീ അമ്മച്ചീ.. എക്കൊ അല്ല, അകത്ത്‌ നോക്കിയപ്പൊ മൊത്തം അമ്മച്ചിമാര്‌, റിട്ടയര്‍ ആകുന്നതിന്‌ മുന്നത്തെ അവസാന ആഗ്രഹമായി ഹൊസ്റ്റസ്സ്‌ ആകി അയച്ചതാണെന്ന് തോന്നുന്നു.. പറഞ്ഞിട്ടെന്ത്‌ കാര്യം പാപി ചെല്ലുന്നിടം പാതാളം, അപ്പളാണ്‌ അത്‌ സംഭവിച്ചത്‌, ബെന്നി കേരി ഒരു അമ്മച്ചിയോട്‌ ചോദിച്ചു, "ഈ ഫ്ലൈറ്റ്‌ സിങ്കപൂരിനു പോകില്ലെ ?" നല്ല ബെസ്റ്റ്‌ കരം, അമ്മച്ചി ഒരു പുച്ഛ ഭാവത്തോട്‌ കൂടി അവനെ നോക്കി, ഇവനിതെവിടുന്നെടാ...

ഞാന്‍: "നി എന്തോന്നാടെയ്‌ ഈ കാണിക്കുന്നെ, വില കളയോ"

ബെന്നി: "അളിയാ ഞാന്‍ ആദ്യമായാണ്‌ ഫ്ലൈറ്റില്‍ കേറിയതെന്ന് അവര്‍ക്ക്‌ തോന്നാന്‍ പാടില്ലല്ലോ അതിനു മുന്‍ കൂട്ടി തള്ളിയതാ"

ഞാന്‍: "കൊള്ളാം അവര്‍ക്ക്‌ മനസിലായെ ഇല്ല"

ബെന്നി: "ഇല്ല അല്ലെ" :) ഞാന്‍ അവനെ സഹതാപത്തോടെ നോക്കി.. "വെല്‍ ... ആയി അല്ലെ.. ശെ.." :(

ഫ്ലൈറ്റ്‌ പറന്ന് സിങ്കപൂര്‍ എത്തി... ഗഫൂര്‍ക്ക എവിടെ ??

ധേ നില്‍ക്കുന്നു ഗഫൂര്‍ക്ക... എന്റെയും ബെന്നിയുടേയും മനസ്സ്‌ പൂവണിഞ്ഞു.. :)

ഇങ്ങേര്‍ വലിയ millionare എന്ന്‌ പറഞ്ഞിട്ട്‌ ഇതെന്താ ലുങ്കിയില്‌...

സുധീര്‍ഖമായ സംഭാഷണത്തിനൊടുവില്‍ ഞങ്ങള്‍ ആ നാറിയ സത്യം മനസ്സിലാക്കി, അങ്ങേര്‌ millionare അല്ല ഇവിടെ ഒരു മില്‍ ഇട്ടിരിക്കുന്ന നായര്‌ ആണെന്ന്, കൂട്ടിവായിക്കുമ്പൊ millionare ആകും പോലും...

ഞാന്‍ ബെന്നീടെ മുഖത്ത്‌ നോക്കി.. അവന്‍ അടിച്ച ഡയലോഗ്‌ അശരീരി പോലെ കേട്ടുകൊണ്ടേയിരുന്നു...

"ഗഫൂര്‍ക്ക എത്രയൊ ആള്‍ക്കാരെ രക്ഷിച്ചിരിക്കുന്നു, അദ്ധേഹം നല്ലൊരു മനുഷ്യനാണ്‌" !!

"പ്ഭാാാ!!"

(തുടരും..)

Friday, October 3, 2008

ലഹരി സാബു

സഹൃദയരേ ചുള്ളന്‍ ടാക്കീസ്‌ നിങ്ങള്‍ക്കായി സ്നേഹപൂര്‍വം അവതരിപ്പിക്കുന്നു.. പല സ്റ്റേജുകളിലും മാറി മാറി ഓടിയ (ഓട്ടിച്ച) ബാലെ..

ലഹരി സാബു

വ്യത്യസ്തനായൊരു.. മൂര്‍ഖനാം സാബുവിനെ..
സത്യത്തില്‍ അവന്റെ വീട്ടുകാര്‍ പോലും തിരിച്ചറിഞ്ഞില്ലാ...

അതെ സുഹൃത്തുക്കളേ ഈ കഥ നമ്മുക്കേവര്‍ക്കും പ്രിയങ്കരനായ, അഖില കേരളാ പമ്പാട്ടി അസോസിയേഷന്റെ പ്രസിഡന്റായ സാക്ഷാല്‍ ശ്രീമാന്‍ ലഹരി സാബുവിനെ കുറിച്ചുള്ളാതാണ്‌

സാബു കോളേജില്‍ പഠിക്കുന്ന കാലം.. ഒന്നുകില്‍ രാത്രി രണ്ടെണ്ണം അടിക്കണം അല്ലെങ്കില്‍ രണ്ടടി കൊള്ളണം എന്ന പോളിസിയില്‍ ഉറച്ച്‌ വിശ്വസിച്ചിരുന്ന കാലം.. അന്ന് ഉച്ച തിരിഞ്ഞു രാത്രി ഒരു ഒമ്പതര പത്തു മണി ആയിക്കാണും .. മാസാവസാനം.. കാശില്ലാണ്ട്‌ അവാര്‍ഡ്‌ പടങ്ങളില്‍ കാണുന്ന പോലെ മുഖത്തോട്‌ മുഖം നോക്കി "ഊഞ്ഞാലാ ഊഞ്ഞാലാ" എന്ന് പാട്ടും പാടി ഇരുന്നപ്പോഴാണ്‌ .. ദൈവത്തെ പോലെ സുഗുണന്‍ വന്നത്‌, അന്ന് പിരിച്ച 300 രൂപക്ക്‌ 4 ഫുള്ളും 12 പറോട്ടയും 3 ബീഫ്‌ കറിയുമായാണ്‌ വരവ്‌.. സ്വന്തമായി ബാര്‍ നടത്തിയാല്‍ പോലും ഇത്രോം റിബേറ്റ്‌ റേറ്റില്‍ സാധനം കിട്ടുകേല .. ഇനി ഇവന്‍ എവിടുന്നേലും മോഷ്ട്റ്റിച്ചതാണോ.. ഏയ്‌ അതിനുള്ള കഴിവുണ്ടായിരുന്നെ അവനെന്നേ രക്ഷപെട്ടു പോയേനെ.. പൊതി അഴിച്ചപ്പളാണ്‌ ആ നഗ്ന സത്യം മനസിലായത്‌.. പൊതിയില്‍ ഒളിച്ചിരുന്ന വിവിധതരം ബ്രാണ്ടുകള്‍...

1. ടൈഗര്‍ - "യെവന്‍ പുലിയാണ്‌ കേട്ടാ" എന്ന് ഇടക്കിടക്ക്‌ പറയാന്‍ തോന്നും
2. രാജാ രവി വര്‍മ്മ - സ്വയം രജാവാണെന്ന ഒരു ഫീല്‍ ഉണ്ടാകും, ആത്മവിശ്വാസം കൂട്ടാന്‍ ഉത്തമം
3. കിംഗ്‌ കോബ്ര - പ്രത്യേകിച്ച്‌ പറയേണ്ട കാര്യമില്ലല്ലോ

*ആള്‍ ബ്രാണ്ട്സ്‌ എക്സ്ക്ലൂസീവിലി മെയ്ഡ്‌ ഇന്‍ പരപ്പനങ്ങാടി

ബ്രാണ്ടേതായാലും പരിപാടി ഗ്രാന്റാവേണം എന്നാണല്ലൊ ചൊല്ല്.. അങ്ങനെ ടൈഗറായി തുടങ്ങി രജാവിനെ പോലെ വാഴ്‌ന്ന് അവസാനം കിംഗ്‌ കോബ്രയായി ഇഴഞ്ഞിഴഞ്ഞ്‌ പോകുമ്പോളാണ്‌ നമ്മുടെ സാബുവിനോരു മോഹം പൂത്ത്‌ വിടര്‍ന്നത്‌.. അവന്‌ അപ്പത്തന്നെ "കല്ലുമേക്കായ" കഴിക്കണം.. ആരും കൂടെ വരില്ലെന്നായപ്പോള്‍, ഒറ്റക്ക്‌ പോകാനൊരുങ്ങിയ സാബു ലൈസെന്‍സ്‌ ടെസ്റ്റിന്‌ വന്ന കുരു വന്ന ഛെ കുരുന്നു ബാലനെ പോലെ എട്ടും Hഉം ഒക്കെ എടുത്ത്‌ നേരെ ഫ്രിഡ്ജ്‌ തുറന്ന് അനങ്ങാണ്ട്‌ നിന്നു.. ആശ്ചര്യത്തോടെ സുഗുണന്‍ അവനോട്‌ ചോദിച്ചു..

നി എന്തൂട്ടാട ഈ ഫ്രിഡ്ജും തുറന്നിങ്ങനെ നില്‍ക്ക്ണേ ?? അതില്‍ ഒന്നൂല്ലാ...

സാബു അതു കേട്ട്‌ ഒന്ന് സൂക്ഷിച്ച്‌ നോക്കി...

സ്തള്ളേ.. ഇത്‌ ഫ്രിഡ്ജ്‌ ആയിരുന്നാ... ഞാന്‍ ആലൊചിക്കുവായിരുന്നു ബാത്രൂമില്‍ എപ്പ ഏ സി ഫിറ്റ്‌ ചെയ്തെന്ന്.. .. പണ്ടാറടങ്ങാന്‍ രണ്ടിനും ഒരേ പോലത്തെ ലൈറ്റ്‌.. സ്സെ.. മോശമായി പോയി..

സാബ്ബുവിന്റെ ഈ ശോചനീയാവസ്ഥ കണ്ട്‌ എല്ലാരും അവന്റെ കൂടെ പോകാന്‍ തീരുമാനിച്ചു.. റോടിലെത്തിയ ആ പാമ്പിന്‍ കൂട്ടം കല്ലുമേക്കായ തേടി നടപ്പായി.. പെട്ടെന്നാണ്‌ ആ അന്ധകാരത്തിന്റെ പകല്‍ വെട്ടത്തില്‍ അവരത്‌ കണ്ടത്‌.. ആര്‍കോ വേണ്ടി കാത്തിരിക്കുന്ന പൗലോസ്‌ അങ്കിള്‍സ്‌... ജീപ്പ്പിനകത്ത്‌ എല്ലാരും നല്ല ഉറക്കം.. നമ്മുടെ പാമ്പിന്‍ കൂട്ടം.. പൂച്ചകളെ പോലെ മന്ദം മന്ദം സ്ലോ മോഷനില്‍ നടന്നു..

പെട്ടെന്നാണ്‌ അത്‌ സംഭവിച്ചത്.. ജീപ്പിന്റെ അടുത്തെതിയതും നമ്മുടെ ലഹരി സഡന്‍ ബ്രേക്കിട്ടു.. എന്ന്ട്ടൊരു ഡയലോഗ്‌..

"ടേയ്‌.. രണ്ട്‌ കല്ലുമേക്കായ.."

എങ്ങും നിശബ്ദദ.. സ്ലോമോഷനില്‍ പോയ എല്ലാവരും ഇടി വീണു കരിഞ്ഞു പുകയുന്ന തെങ്ങിന്റെ ഷെയിപ്പില്‍ നിന്നു പോയി..

ഉറങ്ങി കിടന്ന പൗലോസ്‌ ചേട്ടന്‍ പയ്യെ കണ്ണ്‍ തുറന്നു.. ഫ്രണ്ടില്‍ ഫ്രീ കിക്ക്‌ എടുക്കാന്‍ വെയ്റ്റ്‌ ചെയ്യുന്ന ഫുട്ട്ബോള്‍ പ്ലേയറെ പോലെ ആടി ആടി നില്‍ക്കുന്ന സാബുവിനോട്‌ അങ്ങോര്‍ ചോദിച്ചു..

നി എന്തുവാടാ ചോദിച്ചെ ??

സാബു: "രണ്ട്‌ കല്ലുമ്മെ... സ്സെ.. സോറി സാര്‍.. ആളു മാറി പോയി.. "

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു...

"@@@@@@ പ്ലച്ചെ @@@@@@"

ഒരു ഡോള്‍ബി ടിജിറ്റല്‍ സൗണ്ട്‌ കേട്ടു.. പൗലോസ്‌ ചേട്ടനെ നോക്കി നിന്ന സാബു എബൗട്ടേണ്‍ അടിച്ച്‌ ഭൂമിയില്‍ പിറന്ന് വീണ കുഞ്ഞിനെ പോലെ കണ്ണു മിഴിച്ച്‌ നില്‍ക്കുന്ന കണ്ടപ്പളാണ്‌ മനസിലായത്‌.. പൗലോസ്‌ ചേട്ടന്‍ സാബുവിനിട്ട്‌.. നല്ലൊരു "കല്ലുമെക്കായ" കൊടുത്തതാണെന്ന്..

പാവം സാബു അപ്പോഴാണ്‌ അവന്‌ ബോധം വന്നത്‌.. അടി കൊണ്ട ദിശയിലേക്ക്‌ നോക്കിയ സാബു കണ്ടത്‌ ക്രിക്കറ്റ്‌ കമന്റ്രി പോലെ വായിട്ടലക്കുന്ന പൗലോസ്‌ ചേട്ടനെയാണ്‌.. അവന്‍ മിഴിച്ചു നിന്നു.. ഒന്നും കേട്ടൂട.. അടിയുടേ ആഘാദത്തില്‍ ആകപ്പാടെ ഒരു മൂളല്‍ മാത്രം കേള്‍ക്കാം.. പണ്ട്‌ ദൂരദര്‍ശന്‍ റിലെ അവസാനിക്കുമ്പൊ ഇടുന്ന പോലത്തെ സൗണ്ട്‌..

"-------------കൂ-------------"

എന്നാലും സാബു തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല.. വായുടെ ആക്ഷന്‍ വെച്ച്‌ പൗലോസ്‌ ചേട്ടന്‍ പറയുന്നത്‌ മനസിലാക്കാന്‍ അവന്‍ ശ്രമിച്ചു.. യെസ്സ്‌ മനസ്സിലായി..

"ജപ്പാനില്‍ നിന്ന് കൊറിയയില്‍ പോയവര്‍ക്ക്‌ പനിയുണ്ടോ മോനെ" എന്നാണ്‌ അങ്ങോര്‍ ചോദിക്കുന്നത്‌..

സാബു മറുപടി പറഞ്ഞു: "അറിയില്ല സാര്‍ !!"

"@@@@@@ പ്ലച്ചെ @@@@@@"

വണ്‍ മോര്‍ കല്ലുമേക്കായ.. ഇപ്പൊ കാത്‌ ഓപണ്‍ ആയി..

അപ്പോഴാണ്‌ സാബുവിന്‌ മനസ്സിലായത്‌ അത്‌ ജപ്പാന്‍ കാരെ പറ്റി ചോദിച്ചതല്ല.. മറിച്ച്‌..

"ജീപ്പില് കേറടാ പന്നീന്റെ മോനെ" എന്ന് പറഞ്ഞതാണെന്ന്

അങ്ങനെ ലഹരിയും കൂട്ടരും സ്റ്റേഷനില്‍ എത്തി.. കല്ലുമേക്കായ വാങ്ങി കൂട്ടിയ സാബുവിന്റെ മുഖത്ത്‌ നോക്കി എസ്സ്‌ ഐ ഏമാന്‍ ചോദിച്ചു..

"ഇതെന്താടാ നെറ്റിയില്‍ നിന്ന് ചോര പൊടിയുന്നത്‌ ?? നി തല്ലുണ്ടാക്കിയൊ ?"

സാബു: "അയ്യൊ അല്ല സാര്‍.. അത്‌ ജനിച്ചപ്പളെ ഉള്ളതാ, ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് ഡോക്ട്ടര്‍ പറഞ്ഞു"

എസ്സ്‌ ഐ: "നിന്റെ വീടെവിടാടാ ?"

സാബു: "ആറ്റിങ്ങല്‍"

എസ്സ്‌ ഐ: "അപ്പനും അമ്മയും എന്ത്‌ ചെയ്യുന്നു ?"

സാബു: (വിഷാദ ഭാവത്തോട്‌ കൂടി) "അവര്‍ കൂലിപണിക്കാരാണ്‌ സാര്‍, ഒരു നേരത്തെ ആഹാരത്തിന്‌ വേണ്ടി കഷ്ടപ്പെടുന്ന പാവം കൂലിപ്പണിക്കാര്‍"

എസ്‌ ഐയുടെ കണ്ണുകള്‍ നിറഞ്ഞു.. അപ്പോഴാണ്‌ സാബുവിന്റെ പോക്കറ്റില്‍ നിന്നും പെട്ടെന്ന് ഒരു അലര്‍ച്ച

"ദൂം മചാലെ ദൂം മചാലെ ദൂം... ദൂം മചാലെ ദൂം മചാലെ ദൂം"

നല്ല റിലയബിള്‍ മോബൈല്‍ എന്ന് പറഞ്ഞപ്പൊ ഇത്രോം പ്രതീക്ഷിച്ചില്ല..

എസ്സ്‌ ഐ: "നിന്റെ അപ്പനും അമ്മയും എന്തിന്‌ കഷ്ടപ്പെടുന്നെന്നാ പറഞ്ഞെ ??"

വെടി കൊണ്ടോടിയ പന്നി റസ്റ്റ്‌ എടുക്കാനായി നിന്നപ്പോള്‍ തലയില്‍ ചക്ക വീണ മുഖഭാവത്തോടെ സാബു പറഞ്ഞു...

"എന്നെ ഒന്നും ചെയ്യരുത്‌ സാര്‍, ഇനി മേലാല്‍ ഞാന്‍ വെള്ളമടിച്ചിട്ട്‌ കല്ലുമേക്കായ കഴിക്കാന്‍ ഇറങ്ങൂലേ !!"

"@@@@@@ പ്ലച്ചെ @@@@@@"

"-------------കൂ-------------"

അപ്പളും ആ മൊബൈല്‍ നിര്‍ത്താതെ അടിച്ചു...

"ദൂം മചാലെ ദൂം മചാലെ ദൂം... ദൂം മചാലെ ദൂം മചാലെ ദൂം"

അടി കൊണ്ട് വിരണ്ട് നിന്ന സാബുവിനോട് എസ് ഐ ഏമാന്‍ വീട്ടിലറിയിക്കാന്‍ ഫോണ്‍ നമ്പര്‍ ചോദിച്ചു..

ചോദിച്ച പാടെ ഒരു ഉളുപ്പുമില്ലാണ്ട് സാബു പറഞ്ഞു.. 233445 (ആര്‍ടേ നമ്പര്‍ ആണോ ആവൊ)

അവരോട് എസ് ഐ അന്ന് പോയ്ക്കോളാ‍നും പറഞ്ഞു.. എസ് ഐയെ പറ്റിച്ച ആഹ്ലാദത്തില്‍ സാബു സ്വയം മറന്നു.. അടുത്ത് ദിവസം കാലത്തെ തന്നെ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാനും പറഞ്ഞു..

കാലത്തെ പതിവു തെറ്റിച്ച് കുളിച്ച് ഫ്രഷ് ആയി സാബു സ്റ്റേഷനില്‍ ഹാജരായി.. വന്ന പാടെ എസ് ഐ ഒരൊറ്റ ചോദ്യം.. വീട്ടിലെ നമ്പര്‍ പറയെടാ..

സാര്‍.. അത്.. 22.. 33.. സാര്‍.. ഇന്നലെ പറഞ്ഞ അതേ നമ്പര്‍ തന്നെ.. മാറീട്ടില്ല..


"@@@@@@ പ്ലച്ചെ @@@@@@"

"-------------കൂ-------------"

വ്യത്യസ്തനായൊരു.. മൂര്‍ഖനാം സാബുവിനെ..
സത്യത്തില്‍ എസ് ഐ ഏമാന്‍ പോലും തിരിച്ചറിഞ്ഞില്ലാ...
:)

Wednesday, September 3, 2008

ഒരു ഓണം വീരഗാഥ !!

ഓണം വന്നാല്‍ നാണം മറന്നും പോണം എന്നാണല്ലൊ.. ചൊല്ല് അല്ലെ ?? അങ്ങനാരും പറഞ്ഞിട്ടില്ലാ?? ശെരി എന്നാല്‍ വേണ്ട..

ഫ്ലാഷ്‌ ബാക്ക്‌... പ്യോം പ്യോം പ്യോം (മൂസിക്ക്‌ മൂസിക്ക്‌)

ഓണപരിപാടികള്‍ കോളേജില്‍ തകൃതിയായി നടക്കുകയാണ്‌, വികൃതമായി എന്ന് വേണേലും പറയാം, ഇന്ന് എല്ലാവരും പ്രാദേശിക വേഷമണിയാന്‍ തീരുമാനിച്ചു, ഞാനും മുണ്ടും ജുബ്ബായും ഒക്കെ ഇട്ട്‌ ഇറങ്ങി, കഴിഞ്ഞ പ്രവ്ശ്യത്തെ പോലെ റിസ്ക്‌ എടുക്കാന്‍ മേല.. ബ്ലഡി കണ്ട്രി ഫെല്ലോസ്‌.. നാണമില്ലാത്തവള്‍മാര്‍.. കഴിഞ്ഞ ഓണത്തിന്‌ കുളിച്ച്‌ കുട്ടപ്പനായി മുണ്ടും ജുബ്ബായുമൊക്കെ ഇട്ട്‌ ക്ലാസില്‍ ആറാം തമ്പുരാന്‍ സ്റ്റെയിലില്‍ "ഹെല്ലോ മോളേ ദിനേശിനി.. സാരി കീറി കീറി" എന്നൊക്കെ ഡയലോഗ്‌ അടിച്ച്‌ ഷൈന്‍ ചെയ്യുവായിരുന്നു.. അപ്പോഴാണ്‌ എതോ ഒരു മാവേലിക്ക്‌ പിറന്ന മോന്‍ എന്നെ വിളിച്ച്‌ പറഞ്ഞത്‌.. "അളിയാ ദേ മേരിക്കുട്ടി ഇന്‍ സാരി" ഓ നോ ബാക്ക്‌ ബെഞ്ചില്‍ പഞ്ചാര അടിച്ചോണ്ടിരുന്ന ഞാന്‍ ഒരു ആകസ്മരണീയമായ ജാക്കി ചാന്‍ ഡൈവിലൂടെ ഫ്രണ്ട്‌ ബെഞ്ചില്‍ എത്തി.. അപ്പൊ ബാക്കിലിരുന്ന പെമ്പിള്ളേര്‍ ഒന്നടങ്കം കൂട്ട നിലവിളി.. ലേശം റിസ്ക്‌ എടുത്തോന്ന് ഒരു സംശയം.. ഓ മേരിക്കുട്ടിക്ക്‌ വേണ്ടി അല്ലെ സഹിക്ക തന്നെ... എന്നാലും ഇവളുമാര്‍ക്ക്‌ ഇത്ര സ്നേഹമൊ.. അപ്പോഴാണ്‌ ആ നഗ്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്‌.. നിലവിളിച്ച പെമ്പിള്ളേരെ ഒരു ആകാംഷയോടെ തിരിഞ്ഞ്‌ നോക്കിയ ഞാന്‍ അത്‌ കണ്ടു.. ബാക്ക്‌ ബെഞ്ചില്‍ ഇരുന്ന് എന്നെ നോക്കി കൊല ചിരി ചിരിക്കുന്ന എന്റെ സ്വന്തം വെള്ള ഡബില്‍ മുണ്ട്‌.. പിന്നെ സാറ്റ്‌ കളിക്കുമ്പോള്‍ നമ്പര്‍ എണ്ണുന്നത്‌ പോലെ നാല്‌ പേര്‍ കണ്ണും പൊത്തി ഇരുന്ന് കുലുങ്ങി കുലുങ്ങി ചിരിക്കുന്നു അഭാസിമാര്‍.. ഇവളുമാര്‍ക്കൊന്നും അച്ചനും ആങ്ങളമാരും ഇല്ലെ.. അപ്പുറത്ത്‌ രണ്ടെണ്ണം ഷോക്കടിച്ച പോലെ കണ്ണ്‌ ഇപ്പൊ തെറിച്ച്‌ പോകും എന്ന ഒരു സെറ്റപ്പില്‍ ഇരിക്കുന്നു.. ഒരുത്തി ആണെ ഹാന്‍ഡ്സ്‌ അപ്പ്‌ സ്റ്റയിലില്‍ .. പാവം പേടിച്ചിട്ടാ തോന്നുന്നു .. ജുബ്ബക്ക്‌ ആവിശ്യത്തിലും അതില്‍ കൂടുതലും നീളമുള്ളത്‌ എന്റേയും അവളുമാര്‍ടേം ഫാഗ്യം.. "പളനി ആണ്ടവാ എന്തിനാണെന്നോടീ ചതി, ഇതുവരെ ലേശം ക്രൂഡ്‌ ഇമേജ്‌ ആയിരുന്നു ഇപ്പൊ ന്യൂഡ്‌ ഇമേജ്‌ ആയി" ഇനി ദുഖിച്ചിട്ടെന്ത്‌ കാര്യം.. ഞാന്‍ മന്തം മന്തം വിവസ്ത്രധാരിയായി പടികള്‍ കയറി.. "അവളുടെ രാവുകള്‍" എന്ന ചിത്രത്തില്‍ സീമ ചേച്ചി നടന്നത്‌ പോലെ രണ്ട്‌ കൈകള്‍ കൊണ്ടും ജുബ്ബ മുറുക്കെ പിടിച്ച്‌ തല കുനിച്ച്‌ നാണത്തോടെ മന്തം മന്തം... പണ്ടാരടങ്ങാന്‍ ഈ ജുബ്ബേടെ സൈഡ്‌ ആരാ ഇത്രേം കീറി വെച്ചിരിക്കുന്നെ.. ഞാനൊരു സൈഡ്‌ ചേര്‍ന്ന് നടന്ന് എന്റെ സ്വന്തം മുണ്ട്‌ സ്വന്തമാക്കി.. വില്ലന്റെ റേപ്പ്‌ അറ്റംറ്റില്‍ നിന്നും രക്ഷപ്പെട്ട നായികയുടെ ഫീലിങ്ങോട്‌ കൂടി ഞാന്‍ വസ്ത്രധാരി ആയി.. ഹൊ ഈ പാഞ്ചാലീനെ ഒക്കെ സമ്മതിക്കണം.. 10-100 മീറ്റര്‍ സാരീ വലിച്ചൂരീട്ടും പുള്ളികാരത്തി കല്ല് പോലെ നിക്കുവല്ലായിരുന്നൊ.. ഇത്‌ അഫ്റ്റര്‍ ആള്‍ ഒരു ഡബിള്‍ മുണ്ട്‌.. എന്നാലും എന്റെ പളനി ആണ്ടവാ.. ആറാം തമ്പുരാനായി വന്ന എന്നെ നീ ആട്‌ തോമ ആക്കി കളഞ്ഞല്ലൊ ഭഗവാനെ.. അപ്പോഴും അവളുമ്മാരുടെ ഒന്നും ചിരി അടങ്ങീട്ടില്ല കക്ക കക്ക കക്ക...

"എന്താടി ഇത്ര ചിരിക്കാന്‍ മുണ്ടാകുമ്പൊള്‍ ചിലപ്പൊ ഊരി ഒക്കെ പോകും.. പോകുമ്പോള്‍ അറിയാം അതിന്റെ വിഷമം.. ഹൊ.."

അപ്പൊ ഒരുത്തീടെ വക ഒരു കമന്റ്‌...
(ഭാഷക്ക്‌ ത്രിശൂര്‍ ടച്ചുണ്ട്‌)
"ന്നാലും ന്റെ സൂരജെ ഇത്രോം സ്റ്റയിലില്‍ മുണ്ടൂരി പറക്കുന്നെ ന്നെ വരെ കണ്ടിട്ടില്യാട്ടൊ"

ചെറുതായി ചമ്മിയൊ എന്നൊരു സംശയം... ഏയ്‌ ഇതിലും വലുത്‌ എന്തൊക്കെ സംഭവിച്ചിരിക്കുന്നു..

"ഓ വലിയ കാര്യമായിപ്പോയി ഫ്രീ ആയിട്ട്‌ സീന്‍ കണ്ടതും പോര ഇരുന്ന് ഡയലോഗ്‌ അടിക്കുന്നൊ അസത്തെ.."

"ടി മേരികുട്ടി പോയൊ ??"

"നിക്കറില്ല്യാ"

"നിക്കറില്ലാന്നാ... പ്പ്ഫാ .. നിക്കറൊക്കെ ഉണ്ട്‌"

"യ്യൊ നിക്ക്‌ അറിയില്ല്യാന്ന്"

"ഹൊ.. അവള്‍ടെ കോപ്പിലെ ഒരു ഭാഷ"

മേരിക്കുട്ടീം പോയി മാനവും പോയി.. ആരാണൊ ആവൊ ഈ മുണ്ടൊക്കെ കണ്ട്‌ പിടിച്ചത്‌.. അവനെയൊക്കെ ചാടി ചവിട്ടണം.. യ്യൊ ചാടണ്ട റിസ്ക്‌ ആണ്‌.. ഒന്നു ചാടിയതിന്റെ ക്ഷീണം മാറീട്ടില്ല്യാ..

അങ്ങനെ ക്ലാസ്സില്‍ ഒരു വന്‍ വിഷ്വല്‍ ഇമ്പാക്റ്റ്‌ നടത്തിയ ശേഷം ഞാന്‍ മെല്ലെ അത്തപ്പൂക്കളം ഇടുന്ന സ്തലത്തേക്ക്‌ പോയി.. ദേ അവിടെ പൂവും പറിച്ചൊണ്ട്‌ ഇരിക്കുന്നു മേരികുട്ടി .. എന്നെ കണ്ടതും ഒരു ചമ്മിയ ചിരി.. ദൈവമെ എന്റെ ആട്‌ തോമ ജമ്പ്‌ അവള്‍ കണ്ടെന്നാ തോന്നുന്നെ.. ഛെ.. "ഭഗവാന്‍ തേരി മായ" ഞാന്‍ സ്വയം പറഞ്ഞു..

"എന്താ അളിയാ ? "

"എവിടെ എന്തെന്ന്‍ ?"

"നി അല്ലെ ഇപ്പൊ കോയ കോയ എന്ന്‍ വിളിച്ചെ ??"

"ഞാന്‍ ഭഗവാനെ വിളിച്ചതാടാ "

"തള്ളെ കോയ എന്ന ഭഗവാനൊ, ഹൊ ഈ ഭഗവാന്റെ ഒക്കെ ഒരു കാര്യം"

"എടാ കോപ്പേ നി ഒന്നു പോയെ"

"നി പോടാ നായെ" (എന്ത് റൈമിന്ഗ് )

ത്രിപ്തിയായി....

ഒരു ഭീഭത്സ മുഖഭാവത്തോട്‌ കൂടി ഒന്നും സംഭവിക്കാത്ത്‌ പോലെ ഞാന്‍ മേരിക്കുട്ടിയുടെ അരികിലേക്ക്‌ നടന്ന് പോയി, പോകുന്ന വഴിക്ക്‌ സുഗുണനെ ഒരു കാര്യം പറഞ്ഞ്‌ ഏല്‍പ്പിച്ചിട്ടാണ്‌ പോന്നത്‌, ഇമ്പ്രഷന്‍ ഉണ്ടാക്കാന്‍ ഒരു ചെറിയ നമ്പര്‍.

"ഹായ്‌ മേരി അത്തം ഇടുവായിരിക്കും അല്ലെ ?" (എന്തോന്ന് ചോദ്യമാടേയ്)

"അല്ല തിരുവാതിര കളിക്കുവ" (ത്രിപ്തി ആയല്ലൊ ?)

"ഹൊ യു ആര്‍ സോ ഫണ്ണി, മേരിക്കുട്ടീടെ ഒരു തമാശ, ഹ ഹ ഹ.." (വേറെ ആരും ചിരിക്കുന്നില്ല.. എല്ലാവരും എന്നെ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്‌.. ശശി ആയാ?? ഏയ്‌..)

അപ്പോളാണ്‌ രായപ്പന്‍ ഓടി വന്നത്‌.. "അളിയ നി അങ്ങടൊന്ന് വന്നെ.. നി ഇല്ലെങ്കില്‍ അവിടെ ഒന്നും ശരി ആകില്ല.. എല്ലാം നിന്റെ ഐഡിയ അല്ലെ എന്നിട്ട്‌ നീ മാറി നിന്നാലൊ.. മേരിക്കുട്ടി ഇവനോടൊന്ന് വരാന്‍ പറഞ്ഞെ.. നി പറഞ്ഞാലെ ഇവന്‍ കേള്‍ക്കു.."

ഹൊ കറക്ട്‌ സമയത്ത്‌ തന്നെ പഹയന്‍ എത്തി.. ആളിയാ നിയാണളിയാ അളിയന്‍ ..

"ചെയ്യുന്നതിന്റെയൊന്നും ക്രെഡിറ്റ്‌ അവനു വേണ്ട പോലും, നി ഇത്ര നല്ലവനായി പോയല്ലോടാ സൂരജേ"

ടേയ്‌ ഓവറാക്കണ്ടാട്ടാ... പോയെ പോയെ (മുഖഭാവം)

"പ്ളീസ് രായാ.. ഞാന്‍ ഇവിടെ അതിലും വലിയ ഇമ്പോര്‍ട്ടന്റ്‌ കാര്യത്തിലാണ്‌ എന്ന് പറയു, ഞാന്‍ വരാം.. നി ഇപ്പൊ പൊ" (ഒന്ന് പോടേയ്‌ അണ്ണാ) നിഷ്കളങ്കതയോടെ ഞാന്‍ ..

മേരിക്കുട്ടി ഇമ്പ്രസ്സ്ട്‌ ആയീന്നാ തോന്നുന്നെ.. ഒരു പൈങ്കിളി ചിരി ഞാന്‍ ആ മുഖത്ത്‌ കണ്ടു.. എന്റെ മനസ്‌ അവളെ നോക്കി പാടി...

(ഓണ പൂവെ പൂവെ എന്ന ട്യൂണ്‍ ആണേ..)
"മേരി കുട്ടി കുട്ടി കുട്ടി...
മേരി കുട്ടി കുട്ടി കുട്ടി....
നി പൂവിടും ആ അത്തം....
എന്റെ മനസ്സ്‌ ആണ്‌ ആ അത്തം...
ഇടൂ.. ഇടൂ.. അത്തം ഇടൂ..."

"ആളിയാ ടേയ്‌.. " പെട്ടെന്ന് പുറകില്‍ നിന്നൊരു വിളി.. സുഗുണന്‍ .. ഇവനിപ്പൊ എന്തിനാ ഇങ്ങട്‌ കെട്ടി എടുത്തത്‌..

"ടാ നീ ആര്‍ടൂടെ സംസാരിച്ചോണ്ടിരിക്കുമ്പളാ നിന്നെ പുകഴ്ത്തി പറയണമെന്ന് പറഞ്ഞെ ?? ഞാന്‍ രായനോട്‌ പറഞ്ഞിട്ടുണ്ടേട്ടാ.. അവനാണല്ലൊ സാധാരണ നിനക്ക് വേണ്ടി ഇത്തരം ഫ്രാഡ്‌ പരിപാടികള്‍ ചെയ്യുന്നത്‌.. പോരെ ?? അപ്പൊ എല്ലാം പറഞ്ഞപോലെ, ആള്‍ ദ ബെസ്റ്റ്‌"

അവിടെ ആകെ മൊത്തം സയിലന്‍സ്‌.. (അതോ എനിക്കു തൊന്നീതാണൊ ??)

നിന്നെ ഒക്കെ എന്ത്‌ ചെയ്യാന്‍ എന്ന മുഖഭാവത്തോടെ മേരിക്കുട്ടി...

ഓട്ടൊ കാശും കൊടുത്ത്‌.. പട്ടീടെ കടീം കൊണ്ട്‌.. അട മഴയത്ത്‌ കഷ്ട്ടപ്പെട്ട്‌ മതില്‍ ചാടിയവന്‍ ചാണക കുഴിയില്‍ ലാന്‍ഡ്‌ ചെയ്ത മുഖ്ഭാവത്തോടെ ഞാന്‍..

അപ്പൊ അവന്റെ അടുത്ത ഡയലോഗ്‌.. "അളിയാ.. പറയാന്‍ മറന്നുപോയി.. ഹാപ്പി ഓണം !!"

എന്റെ തൊണ്ടയില്‍ നിന്ന് ഡബിള്‍ സൗണ്ടില്‍ ചെറിയ ശബ്ധം വന്നു.. "താങ്ക്സ്‌.." (എല്ലാത്തിനും)..

ഹൊ.. എത്ര മനോഹരമായ ആചാരങ്ങള്‍, ഇതുപോലെ ഇനിയും കാണുമൊ എന്തോ !!

Monday, August 25, 2008

മമ്മിയാണ് താരം !!

ജീവിതതില്‍ കുറച്ച്‌ കോമഡി ഒക്കെ ഇല്ലെങ്കില്‍ എന്ത്‌ രസം അല്ലെ ?? പക്ഷെ ജീവിതം തന്നെ കോമഡി ആയാലൊ ?? എന്നാലും ഒരു രസക്കുറവും ഇല്ലാട്ടൊ ;) ഡിഗ്രീ ആദ്യ വര്‍ഷം, വളരെ പങ്ങ്ച്വല്‍ ആയിരുന്നത്‌ കൊണ്ട്‌ 6 ദിവസമെ അറ്റണ്ടന്‍സ്‌ ഉണ്ടായിരുന്നുള്ളു.. എന്നും വെച്ച്‌ ക്ലാസില്‍ കെറാണ്ടിരിക്കുവല്ല കേട്ടൊ, എല്ലാ ബ്രേക്കിനും വരാറുണ്ടായിരുന്നു, ക്ലാസ്‌ തുടങ്ങാറാവുമ്പൊ മുങ്ങാറുണ്ടായിരുന്നു !! ഇതെല്ലാം കണ്ട്‌ കൊണ്ട്‌ മുകളില്‍ ഒരാളുണ്ട്‌ എന്ന് കൂടെയുള്ളവര്‍ പറഞ്ഞപ്പോ, പുള്ളിക്ക്‌ (ദൈവം) അതിനെവിടാ സമയം എന്ന് ഞാനോര്‍ത്തു!! പക്ഷെ അവന്മാര്‍ പറഞ്ഞത്‌ ദൈവതിനെ അല്ല എന്റെ ക്ലാസ്‌ സാറിനെ ആണെന്ന് (അങ്ങേര്‍ മുകളിലത്തെ റൂമിലാത്രെ ഇരിക്കുന്നെ, ശൊ :( ) അറിഞ്ഞപ്പളേക്കും വളരെ വൈകിപോയിരുന്നു !!

പണി കിട്ടി.. പാരെന്റ്സിനെ വിളിചൊണ്ട്‌ വരാന്‍ പറഞ്ഞു.. ഞാന്‍ അമ്മേനെം വിളിച്ചൊണ്ട്‌ പോയി, നോ നോ, അമ്മ പാവവും അച്ഛന്‍ കലിപ്പും ആണെന്ന് തെറ്റ്ദ്ധരിക്കരുതെ, അച്ഛന്‍ അപ്പൊ ഒരു ആക്സിടന്റുമായി ബന്ധപെട്ട്‌ ഹോസ്പിറ്റലില്‍ ആയിരുന്നു അതോണ്ടാ അമ്മയെ കൊണ്ടുപൊകാനുള്ള റിസ്ക്‌ എനിക്ക്‌ എടുക്കേണ്ടി വന്നത്‌

ഞാനും അമ്മയും കോളേജില്‍ എത്തി.. പാവം അമ്മ ആദ്യമായി കോളേജില്‍ വരുന്നത്‌ (ടാഷ്‌) മോനെ പരീക്ഷക്കിരുത്തണമെന്ന് പറയാന്‍ , സങ്കതി കലിപ്പാണേലും എനിക്കതിന്റെ യാതൊരു വിധ ടെന്‍്ഷനും ഇല്ലായിരുന്നു, പാവം ഞാന്‍ , അങ്ങനെ ഞാനും മാതാശ്രീയും കൂടെ സ്റ്റാഫ്‌ റൂമില്‍ കയറി, സാര്‍ ഇല്ല,

"എന്റെ പളണി ആണ്ടവാ നീ എന്നെ കൈ വിട്ടില്ലാലെ ഗൊച്ച്‌ ഗള്ളാ, എന്നെ പേടിപ്പിച്ചുകളഞ്ഞൂട്ടോ", എന്തായാലും സാര്‍ ഇല്ല, ഞാന്‍ മുഖത്ത്‌ മാക്സിമം വിഷാദം അഭിനയിച്ച്‌ അവിടെ നിന്ന ഒരു ടീച്ചറോട്‌ ചോദിച്ചു

ഞാന്‍: "ടീച്ചറെ, മാത്യു സാര്‍ ഇല്ലല്ലേ ?? :("

ടീച്ചര്‍: "ഇല്ലല്ലൊ, സാര്‍ ഊണ്‌ കഴിക്കാന്‍ പോയീന്നാ തോന്നുന്നെ" (എന്റെ ട്ടൈമിംഗ്‌ തെറ്റീല, ഹൊ.. എന്നെ കൊണ്ട്‌ ഞാന്‍ തോറ്റു)

ഞാന്‍: "ശ്ശൊ, ഞങ്ങള്‍ സാറിനെ കാണാന്‍ വന്നതാ, ഇനീപ്പൊ എന്നാ ചെയ്യും, പോയിട്ടാണെ അത്യാവിശവുമുണ്ട്‌"

ടീച്ചര്‍: "അയ്യോ ആണൊ, എന്താ കാര്യം ന്യു അട്മിഷന്‍ ആണൊ ??"

ദേ കിടക്കുന്നു.. അതുവരെ ഞാന്‍ കെട്ടിപ്പടുത്തുയര്‍ത്തിയ കമ്പ്ലീറ്റ്‌ ഇമേജും ഒറ്റ ഡയലോഗില്‍ പറപറപ്പിച്ച്‌ കളഞ്ഞിരിക്കുന്നു, ഇതിനെ ആവും ഡയലോഗ് ടെലിവെറി ഡയലോഗ് ടെലിവെറി എന്ന് പറയുന്നത്‌.. അല്ലെ ?? പണ്ടാരം..

ഞാന്‍: "അയ്യൊ !! ടീച്ചറെ ഞാന്‍ ഫസ്റ്റ്‌ ഇയര്‍ ക്ലാസില്‍ ഉള്ളതാ, ടീച്ചെറിനെന്നെ മനസിലാവാഞ്ഞിട്ടാ.." (എന്തൊരു നിഷ്കളങ്കത)

ടീച്ചര്‍: "ഇല്ല ഞാന്‍ ഇതുവരെ ഇയാളെ ക്ലാസില്‍ കണ്ടിട്ടില്ല, ഉറപ്പ്‌"

അമ്മക്ക്‌ ഏകദേശം കര്യങ്ങളൊക്കെ മനസിലായി തുടങ്ങി, ഇടക്കിടക്ക്‌ ഒരു ഷിഫ്റ്റട്‌ ഫോക്കസ്സിലൂടെ എന്നെ നൊക്കാന്‍ ശ്രമിക്കുന്നുണ്ട്‌, തെറി പറയാനാണെന്ന് അറിഞ്ഞത്‌ കൊണ്ട്‌ ഞാന്‍ ആ ഭാഗത്തേക്ക്‌ നൊക്കാനെ പോയില്ല..പിന്നല്ല.. ഞാനാരാ മോന്‍ !!

ഞാന്‍: (അഭിനയം continued)"വയ്യാണ്ട്‌ കിടക്കുന്ന പ്രായപൂത്ത്രി.. ചെ.. പ്രായപൂര്‍ത്തിയായ ഒരച്ഛനെ തനിച്ചാകീട്ടാന്‌ ടീച്ചര്‍ ഞങ്ങല്‍ ഇവിടെ സാറിനെ കാണാന്‍ വന്നത്‌, എന്നിട്ടിപ്പൊ സാറിനെ കാണാണ്ടു മടങ്ങേണ്ടി വരുന്നതില്‍ സങ്കടം ഉണ്ട്‌, സാര്‍ വരുമ്പോ ഞങ്ങള്‍ ഇത്രോം നെരം കാത്ത്‌ നിന്നിട്ട്‌ ദേ ഇപ്പം അങ്ങട്‌ ഇറങ്ങിയതെ ഉള്ളൂന്ന് പറഞ്ഞേക്കണേ"

ടീച്ചര്‍: "അത്‌ പിന്നെ ഞാന്‍.."

ഞാന്‍: "പിന്നെയോ ഇപ്പളോ അതൊക്കെ ടീച്ചറിന്റെ സൗകര്യം പോലെ പറഞ്ഞാ മതി, വരു അമ്മെ, പാവം അച്ഛന്‍ അവിടെ ഒറ്റക്കല്ലെ.. വരൂ"

സന്തോഷപുളകിതനായ ഞാന്‍ അവേശതോടെ പുറതേക്കിറങ്ങാനായി വാതില്‍ തുറന്നു.. പക്ഷെ ആ കാഴ്ച കണ്ട്‌ ഞാന്‍ ഞെട്ടി പോയി !! ദേ വരണ്‌ കൂളിംഗ്‌ ഗ്ലാസ്സും വെച്ച്‌ എന്റെ പ്രിയപ്പെട്ട സാര്‍... എല്ലാം ശുഭം..

നല്ല തിളച്ച്‌ പുകവരുന്ന കാപ്പി എടുത്ത്‌ കോള്‍ട്‌ കോഫീ ആണെന്നും കരുതി അണ്ണാക്കിലോട്ട്‌ കമ്മഴ്ത്തിയവന്റെ മുഖഭാവവുമായി ഞാന്‍ സ്തംബിച്ച്‌ നിന്ന് പോയി !! എന്റെ പളണി ആണ്ടവാ നീ പിന്നേം എന്നെ ശശി ആക്കി അല്ലെ?? എന്തിനാണീ പരീക്ഷണം ??

സാര്‍: യെസ്സ്‌ !!

ഞാന്‍: യെസ്സ്‌ !!

സാര്‍: എഹ്‌.. എന്താ താന്‍ ഇവിടെ?

ഞാന്‍: അത്‌.. ഞാന്‍ പിന്നെ വെറുതെ.. അത്‌ പിന്നെ അമ്മ സാറിനെ വിളിച്ചോണ്ട്‌ വരാന്‍ പറഞ്ഞപ്പൊ.. വിളിക്കാന്‍ വേണ്ടി പുറത്തിറങ്ങിയപ്പൊ.. സാര്‍ വന്നപ്പൊ.. ഞാന്‍ കണ്ടപ്പൊ.. ഞാനൊരു പാവമാണ്‌ സാര്‍ !!

ടയലൊഗ്‌ സീക്വന്‍സ്‌ കമ്പ്ലീറ്റ്‌ കൊളമായി...

സാര്‍ സീറ്റിലിരുന്നു, എന്നിട്ട്‌ അങ്ങേര്‍ എന്റെ അമ്മേടെ മുഖത്ത്‌ നോക്കി ഒരു വന്‍ ഡയലോഗ്

"യു നോ?, ഹി ഈസ്‌ ധ ട്ടോപ്പ്‌ മോസ്റ്റ്‌ കട്ടര്‍ ഓഫ്‌ ധ ക്ലാസ്‌" (കട്ടര്‍ നല്ല പ്രയോഗം.. കട്ടര്‍ സൂരജ്‌.. ഹായ്‌ ഹായ്‌..)

ഇത്‌ കേട്ടതും ഞാന്‍ എന്ന മകന്‍ അമ്മയില്‍ ഉണ്ടാക്കിയ അഭിമാനം അമ്മയുടെ കണ്ണുകളില്‍ നിന്ന് തിളങ്ങുന്നത്‌ കണ്ടിട്ടു എന്റെ കണ്ണടിച്ച്‌ പൊകുമോ എന്ന് വരെ എനിക്ക്‌ തോന്നി പോയി.. അമ്മയുടെ ആ ജ്വലിക്കുന്ന കണ്ണുകളില്‍ നോക്കാന്‍ കഴിയാണ്ട്‌, ഫസ്റ്റ്‌ ട്ടൈം പെണ്ണു കാണാന്‍ വരുമ്പൊ പെണ്ണിനുണ്ടാവുന്ന ആ നാണം പോലെ, ഞാന്‍ മുഖം കുനിച്ച്‌ ഫ്ലോര്‍ ട്ടെയില്‍സിലെ കോളങ്ങള്‍ എണ്ണി തുടങ്ങിയായിരുന്നു..

സാര്‍: "ഇയാള്‍ എത്ര നല്ല ഭാവിയുള്ള കുട്ടി ആണെന്നൊ (പിന്നെ കോപ്പാ), പ്രീ ഡിഗ്രീ മാര്‍ക്സ്‌ നോക്കു (അതൊപ്പിക്കാന്‍ പെട്ട പാട്‌ എനിക്കല്ലെ അറിയൂ, അപ്പുറത്തവന്റെ പേപര്‍ നോക്കി നോക്കി എന്റെ കണ്ണിന്റെ ഫോക്കസ്‌ വരെ പോയി, പണ്ടാരക്കാലന്‌ ഒന്ന് വലുതാക്കി എഴുതിക്കൂടെ..), ഇയാള്‍ ഒരു റാങ്ക്‌ പ്രതീക്ഷ ആയിരുന്നു (ആഹാ.. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം), എന്നിട്ടിപ്പൊ ക്ലാസിലും കേറാണ്ട്‌.. ടാന്‍സും പാട്ടും പാര്‍ട്ടിയും ആയി നടക്കുന്നു.. കഷ്ടം"

അമ്മ: "സാര്‍ ഇപ്രാവിശ്യത്തേക്ക്‌ ഒന്ന് ക്ഷമിക്കണം സാര്‍, ഇനി ഇവന്‍ ഇങ്ങനെ ആവര്‍ത്തിക്കാതെ നൊക്കികോളാം" (മമ്മി ടോണ്ട്‌ ടേക്ക്‌ റിസ്ക്കേ !!)

സാര്‍: "നോ വേയ്‌.. ഈ വര്‍ഷം ഇയാള്‍ പരീക്ഷ എഴുതണ്ട എന്നാലെ പടിക്കത്തുള്ളു" (ഇയാളിതെവിടുന്ന് വന്നപ്പാ, പരീക്ഷ എഴുതണമെങ്കില്‍ തന്നെ പടിക്കാറില്ല അപ്പളാ പരീക്ഷ എഴുതീലെങ്കില്‍ പടിക്കുമെന്നു പറയുന്നെ... മണ്ടന്‍.. )

ദൈവമേ ഇനീപ്പൊ പരീക്ഷ എഴുതാണ്ടിരിക്കേണ്ടി വരുമോ ?? എന്റെ ഇമേജ്‌.. മേരികുട്ടി അല്ലെങ്കില്‍ തന്നെ ചെറുതായെ ചിരിക്കാറുള്ളു.. ഇനീപ്പൊ ഇതൂടെ ആയാല്‍.. ഒഹ്‌ നോ.. പളണി ആണ്ടവാ കാപാത്തുങ്കോ..

പെട്ടെന്നാണ്‌ അത്‌ സമ്പവിച്ചത്‌.. എന്റെ വ്യാകുലത മാത.. ഒറ്റ കരച്ചില്‍..ഇതിനു മുന്നെ അമ്മ കരഞ്ഞ്‌ കണ്ടത്‌ ഏഷ്യാനെറ്റിലെ "സ്ത്രീ ജന്മം പാഴ്‌ ജന്മം" എന്ന സീരിയല്‍ കാണുമ്പോളാണ്‌..ഇനീപ്പൊ അതോര്‍ത്തിട്ടാണൊ?? ഇതിപ്പൊ എന്നാ പറ്റി സാറിന്റേം എന്റേം മുഖത്ത്‌ ഒരു പോലെ ശുഷ്കാന്തി..

അമ്മ: "എന്ത്‌ നല്ല പയ്യനായിരുന്നു സാര്‍ ഇവന്‍.. എല്ലാ ടീച്ചര്‍മാരും എന്നെ വിളിച്ച്‌ അഭിനന്ദിച്ചിട്ടെ ഉള്ളു (എപ്പാ ?? ഇങ്ങനൊക്കെ ആളെ പറ്റിച്ചാ പാപം കിട്ടും മാതാശ്രീ).. ഇതിപ്പൊ ആദ്യമായിട്ടാ ഇങ്ങനെ കേള്‍ക്കേണ്ടി വരുന്നെ..(പഷ്ട്‌ പഷ്ടേ) നല്ല വിഷമം ഉണ്ട്‌ സാര്‍.. (ഓ സങ്കതി.. അമ്മ എന്നെ ടീഫെണ്ട്‌ ചെയ്യാന്‍ ശ്രമിക്കുവാണ്‌.. യൂസിംഗ്‌ സെന്റിമെന്റ്സ്‌.. കൊള്ളാം... മമ്മി ആണ്‌ താരം)"

അപ്പൊ അറിയാണ്ട്‌ ഞാന്‍ അമ്മേടെ കാലില്‍ ചവിട്ടി..

ഞാന്‍: "സോറി അമ്മെ"

അമ്മ: "എന്നോടെന്തിനാ സോറി പറയുന്നെ, സാറിനോട്‌ പറ സോറി, നി ഇത്രയും കാട്ടികൂട്ടീട്ടും നിന്നെ കുറിച്ച്‌ എന്ത്‌ പ്രതീക്ഷയാന്ന് കണ്ടൊ ??"

ങെ.. ഇതിപ്പൊ അമ്മേടെ കാലില്‍ ചവിട്ടിയതിന്‌ സാറിനോട്‌ എന്നാതിനാ സോറി പറയുന്നെ.. എന്തായലും പറഞ്ഞേക്കാം..

ഞാന്‍: "സോറി സാര്‍"

സാര്‍: "ഹ്മ്മ് ഇറ്റ്സ്‌ ഓകെ.. ഇനി ഇത്‌ ആവര്‍ത്തിക്കരുത്‌ ഒകെ (എന്ത്‌ അമ്മയെ ചവിട്ടുന്നതൊ? ഇയാളെന്തുവാ ഈ പറയുന്നെ..) ഇനീം ഷോര്‍ട്ടേജ്‌ വന്നാല്‍ ഒരു സോറി പറഞ്ഞ്‌ രക്ഷപെടാമെന്ന് കരുതണ്ടാ (ഓ അപ്പൊ അതിനായിരുന്നല്ലെ സോറി.. അത്‌ ശെരി), ഒരു ലെറ്റര്‍ എഴുതി തന്ന് പോയി ഫീസ്‌ അടച്ചൊളു, ഇനിയും അമ്മയെ ഇങ്ങനെ വിഷമിപ്പിക്കരുത്‌ ഒകെ"

ഞാന്‍: "ഒകെ സാര്‍"

ഫീസ്‌ അടച്ച്‌ തിരിച്ച്‌ പോകും വഴി.. ഞാന്‍ അമ്മയോട്‌ ചോദിച്ചു.. ശെരിക്കും വിഷമമായൊ അമ്മേന്ന്.. അപ്പൊ അമ്മ പറയുവ ..

"പിന്നേ .. ഇതിപ്പൊ അദ്യമായിട്ട്‌ കേക്കുമ്പോലല്ലെ നി പറയുന്നെ.. ഇതൊക്കെ ഒരു നമ്പര്‍ അല്ലെടാ മോനെ.. ഞാനാരാ അമ്മ !!"

ഞാന്‍ അപ്പൊ അഭിമാനപൂര്‍വം പറഞ്ഞു "മേരാ ഭാരത്‌ മഹാന്‍ .. മനസിലായില്ലെ ?? അമ്മേ അമ്മയാണമ്മെ എന്റെ അമ്മാന്ന് :P !!"

Thursday, August 7, 2008

കൊക്കരകോകൊ !!

കഥാസാരം: ഒരു മനുഷ്യനും കോഴി ആയി ജനിക്കുന്നില്ല..
സാഹചര്യങ്ങളും ചരക്കുകളും ആണു അവനെ കോഴി ആക്കുന്നത്‌ !!!

"കുട്ടി കുട്ടിക്കറിയാമൊ അവന്‍ കുട്ടിയെ ചതിക്കുകയാണെന്നു, ഇങ്ങനെ എത്ര എത്ര പെണ്‍കുട്ടികളെ അവന്‍ ചതിച്ചിരിക്കുന്നെന്നോ, അവന്റെ കണ്ണൊന്നു പെട്ടാല്‍ മതി 5 പ്രസവിക്കാന്‍ (ഹെയ്‌.. അതെന്തു technology കണ്ണ് പെട്ടാല്‍ പ്രസവിക്കും പോലും, കൊള്ളാലൊ വീടിയോണ്‍), കുട്ടി ചീത്ത എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്‌, ചീത ആകരുത്‌ എന്നു എനിക്കാഗ്രഹമുള്ളതുകൊണ്ടാണു ഇതൊക്കെ ഞാന്‍ കുട്ടിയൊടു പറഞ്ഞത്‌, ഇനിയൊക്കെ കുട്ടിയുടെ ഇഷ്ടം, ഇല്ലെങ്കിലും ആത്മാര്‍ഥ സ്നേഹതിനു ഇവിടെ എന്തു വില !! എന്തു വില !! എന്തു വില !! (echo)"

പറഞ്ഞതു വേറെ ആരുമല്ല എന്റെ ഒരു അടുത്ത സുഹൃത്താണ്‌, അപ്പുക്കുട്ടന്‍ , പെണ്‍കുട്ടികള്‍ക്കു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ച തെണ്ടി.. അല്ലെങ്കില്‍ അതു വേണ്ട പാവം.. പന്ന്ന്ന്ന്നീീന്നു വിളിക്കാം അതു മതി.. ഹാ.. സ്വന്തം കൂട്ടുകാരെ വഞ്ചിചും അവന്‍ പെണ്ണിനെ വളക്കാന്‍ ശ്രമിക്കും (ശ്രമം മാത്രെ ഉള്ളു കേട്ടൊ), കാലത്തെ തന്നെ കുളിച്ച് .. സോറി.. കുളിക്കാറില്ല.. ഒരു കൂറ പാന്റ്സും ഒരു കൂറ ഷര്‍ട്ടും ഇട്ടു "പഞ്ചാര മുക്കില്‍" (കോളേജിലെ ഒട്ടുമുക്കാലും പ്രേമങ്ങള്‍ വിരിയുന്നതും വാടുന്നതും പിന്നേം വിരിയുന്നതും ഇവിടെ ആണ്‌) വന്നു കുറ്റിയടിക്കും, ചോദിച്ചാല്‍ മറുപടി ഇതാണ്

"എന്താ സിമ്പിള്‍ ഡ്രസ്സ്‌ ഇട്ട പുരുഷന്മാരെ പെണ്‍കുട്ടികള്‍ക്കു ഇഷ്ട്ടമല്ലേ ?? ഡോണ്ട്‌ ദെ ലൈക്ക്‌ ?"

അപ്പൊ തുടങ്ങി ക്ലാസ്സ്‌ വിട്ട് പിള്ളേരൊക്കെ വീട്ടില്‍ ചെല്ലുന്നിടം വരെ അപ്പുകുട്ടനു ഇത് തന്നെ പണി, പ്രെമം കലക്കുക, അടി മേടിക്കുക, കലക്കുക മേടിക്കുക.. കലക്കുക മേടിക്കുക.. മേടിക്കുക കലക്കുക ..

അവനെ പറ്റി പറയുവാണെങ്കില്‍ അങ്ങു തെക്കു കേരളത്തിന്റെ കിഴക്കു പടിഞ്ഞാറാം ഭാഗത്തെ തൊട്ടി-യൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന.. സോറി വളര്‍ന്നെന്നു പറയാന്‍ പറ്റില്ല ശരീരവും മനസ്സും രണ്ടിനു രണ്ടു മെച്ചം.. പേരു അപ്പുക്കുട്ടന്‍ , വയസു 40 (എല്ലാം കൂട്ടി പറയുന്നത്‌ അവന്‌ ഇഷ്ട്ടമാണ്‌), 4 അടി (രണ്ട്‌ അടീടെ കുറവുണ്ട്‌) 6 ഇഞ്ച്‌, ഇരു നിറം (ചാണക പച്ച + കറുപ്പ്‌), കുളിക്കില്ല, പല്ലു തേക്കില്ല, മലയാളി... ചിലപ്പൊ കൊലയാളി ആവാം.

എന്തുകൊണ്ട്‌ അപ്പുകുട്ടന്‍ വഞ്ചനയുടെ പാതയിലോട്ടു പോയി?? എന്തിന് സ്വന്തം കൂട്ടുകാരെ ഇവന്‍ വഞ്ചിച്ച് തുടങ്ങി ?? ഇപ്പോഴും പലര്‍ക്കും കിട്ടാത്ത ഉത്തരത്തിന്റെ ചോദ്യങ്ങളാണിവ..

തോളിലിരുന്നു ചെവി കടിക്കുക...
പാമ്പിനെ ആണല്ലൊ മില്‍ക്‌ കൊടുത്ത്‌ വളര്‍ത്തിയതു എന്നു തോന്നിപ്പിക്കുക...
കള്ളന്‍ കപ്പലില്‍ തന്നെ എന്നു പറയിപ്പിക്കുക...

ഇവന്റെ കൂട്ടുകാര്‍കൊക്കെ ചിന്തകള്‍ മനസില്‍ ഇടക്കിടക്ക്‌ ഫ്ലാഷ്‌ അടിച്ചു പോയി കാണും... കൊച്ചിലെ മുതല്‍ക്കെ ഇവന്റെ ഉള്ളില്‍ ദുശ്ശീലങ്ങള്‍ ഉണ്ടെങ്കിലും .. ഈയിടക്കാണു അതു പുറത്ത്‌ അറിഞ്ഞ്‌ തുടങ്ങിയത്‌...

അപ്പുക്കുട്ടന്‌ എന്തിനു എവിടെ വെച്ച്‌ പ്രകോഭനം ഉണ്ടായി ... ഇതറിയാന്‍ അപ്പുക്കുട്ടന്‍ പണ്ടു പടിച്ചിരുന്ന സ്കൂള്‍ മുതല്‍ കോളേജ്‌ വരെ നമ്മള്‍ അന്വേഷിച്ചു... സ്കൂളില്‍ ഇങ്ങനെ ഒരു കാപറക്കി പയ്യന്‍ പടിച്ചിരുന്നതായി ആരും ഓര്‍ക്കുന്നു പോലുമില്ല... പക്ഷെ അവിടുത്തെ വാച്ചമ്മാവന്‍.. സോറി.. വാച്ച്‌ മാന്‍ അവനെ ഓര്‍ക്കുന്നതായി പറഞ്ഞു... വള്ളി നിക്കറും ഇട്ടോണ്ട്‌ മൂക്കുമൊലിപ്പിച്ച്‌ നടന്നിരുന്ന കൂറ പയല്‌.. സോറി.. പയ്യന്‍ ... എന്നും സ്കൂള്‍ വിടുമ്പോള്‍ ഗേറ്റിനരികില്‍ വന്നു ഇളിചോണ്ടു നില്‍ക്കും (ധാറ്റ്‌ സെയിം വളിച്ച ചിരി).... ആര്‍ക്കും അതിന്റെ കാരണം മനസിലായില്ല.. പക്ഷെ വാച്ച്‌ മാന്‍ സത്യം മനസിലാക്കിയിരുന്നു... തൊട്ടടുത്തുള്ള ഗേള്‍സ്‌ സ്കൂളിലോട്ടായിരുന്നു അവന്റെ നോട്ടം(കുറുക്കന്‍സ്‌ ഐസ്‌ തിയറി) .. അവിടുന്നു ഇറങ്ങി പോകുന്ന സുമലതയെ ആണു അവന്‍ നോക്കി ചിരിച്ചിരുന്നത്‌.. പക്ഷെ സുമലത അവനെ മൈന്റ്‌ ചെയ്തിരുന്നില്ല.. അവഗണന അവനു തേങ്ങ വാങ്ങുന്നതിലും.. ഛെ.. താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.. ഒരു ദിവസം അവന്‍ മൂന്നും കല്‍പിച്ച്‌ അവളോടു കാരണം ചോദിച്ചു,

സുമു.. why dont you overlooking me (ഓവര്‍ ആയി) ?? എന്നെ ഒന്നു നൊക്കികൂടെ നിനക്ക്‌ ??

അവള്‍ടേതു instant മറുപടി ആയിരുന്നു:

പ്ഫാാ!! നിന്നെ പോലുള്ള ഒരു കാപറക്കിയെ ആര്‍ക്ക്‌ വേണം ...

അത്‌ അവനെ വല്ലാണ്ട്‌ തളര്‍ത്തി.. അന്നു തെറ്റിയതാണു അവന്റെ മനസിന്റെ താളം... അതിനു ശേഷം അവന്‍ 1 വര്‍ഷം ഊളമ്പാറയില്‍ ചികില്‍സയിലായിരുന്നു... മനോധൈര്യം വീണ്ടെടുത്ത അപ്പുക്കുട്ടന്‍ പിന്നെ വന്നെത്തിയതു മാര്‍ ഇവാനിയോസ്‌ കോളേജില്‍ ആണ്‌... പഴയ കാര്യങ്ങളേയെല്ലാം മറന്ന അപ്പുക്കുട്ടന്‌ ഇവാനിയോസ്‌ ഒരു പുതിയ അനുഭവമായിരുന്നു... മാത്രമല്ല അവന്‌ നല്ല കൂറ.. ഛെ.. കുറേ സുഹ്ര്ത്തുക്കളേയും കിട്ടി... പെട്ടെന്നാണു അപ്പുക്കുട്ടന്‍ അതിനടിമപ്പെട്ടതു... മയക്കു മരുന്നാണൊ ??? അല്ല വെള്ളമടി ?? നോ നോ ?? പുകവലി ?? നോ വേ ... അതു സീരിയലുകള്‍ ആയിരുന്നു.. മെഗാ സീരിയലുകള്‍... അതു അവന്റെ മനസ്സിന്റെ താളം പിന്നെയും തെറ്റിച്ചു... പ്രണയത്തിന്റെ തൂവല്‍ സ്പര്‍ശം അവനില്‍ ഉണ്ട ആയി... ഛെ.. ഉണ്ടായി പഴയ കാര്യങ്ങള്‍ പിന്നെയും അവന്‍ ഓര്‍ത്തു... അടുത്ത ദിവസം മുതല്‍ അപ്പുക്കുട്ടന്‍ "പഞ്ചാര മുക്കില്‍" ഇളിച്ച മോന്തയും വളിച്ച ചിരിയുമായി പെണ്ണുങ്ങളെ സമീപിക്കാന്‍ തുടങ്ങി... പക്ഷെ പിന്നെയും അവനെ എതിരേറ്റതു തോല്‍്വികളായിരുന്നു .. അവിടുതെ സുഷമയും, ശ്യമളയും, എന്തിനു ശാന്ത വരെ അവനെ തള്ളി പറഞ്ഞു.... ആര്‍ട്ട്സ്‌ ക്ലബ്ബ്‌ സെക്രട്ടറി ആയിട്ടും... മയിലാഞ്ചി ഇട്ടു കൊടുത്തിട്ടും... ചിലവു തുടരെ തുടരെ നടത്തിയിട്ടും... ആര്‍ക്കും അവനോടു പുല്ലു വില പോലുമില്ലായിരുന്നു... പിന്നെയും പിന്നെയും അപ്പുക്കുട്ടന് കിട്ടിയത് ഒരേ മറുപടി മാത്രം !!!

നിന്നെ പോലുള്ള ഒരു കാപറക്കിയെ ആര്‍ക്ക്‌ വേണം ...
നിന്നെ പോലുള്ള ഒരു കാപറക്കിയെ ആര്‍ക്ക്‌ വേണം ...
നിന്നെ പോലുള്ള ഒരു കാപറക്കിയെ ആര്‍ക്ക്‌ വേണം ...


ഇതായിരിക്കണം യുവാവിനെ വഞ്ചനയുടെ പാതയില്‍ എത്തിച്ചത് .. അവനു വേണ്ടി കോഴി ദൈവങ്ങളോടു നമുക്കു പ്രാര്‍ത്ഥിക്കാം

കോഴിയൊം കാ സിന്ദഗി കഭി ഖതം നഹീ ഹോ ജാതാ ഹെയ്‌ !! ശംഭോ മഹാദേവ !!


Tuesday, August 5, 2008

സര്‍പ്പക്കാവ്‌ - The real story

ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങളില്‍ പറയുന്ന വ്യക്തികളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുനില്‍ക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തൊന്നുന്നുവെങ്കില്‍ അതു കരുതിക്കൂട്ടി ചെയ്തതാണെന്നു അറിയിച്ചു കൊള്ളട്ടെ

കഥാസാരം: "വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം"

സ്രദ്ധിക്കുക റോഡില്‍ അല്ല വയറ്റില്‍ കിടക്കണം...

ഒരിടത്തൊരിടത്തു ഒരു മദ്യപാനി ആയ ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു... വര്‍ഷങ്ങള്‍ക്കു മുന്നെ അവനും ഒരു പാവമായിരുന്നു.. കലാലയ ജീവിതം കഴിഞ്ഞ്‌ അവനൊരു ജോലി കിട്ടി... അങ്ങു തെലുങ്ക്‌ ദേശത്തില്‍ ( വേറെ പലയിടത്തും തെണ്ടി തിരിഞ്ഞു അവസാനം എത്തിപ്പെട്ടതാണ്‍).. അങ്ങനെ ഈ ചെറുപ്പക്കാരന്‍ ഒറ്റക്കുള്ള ജീവിതം ആരംഭിച്ചു.. കൂട്ടിനു മദ്യ കുപ്പികള്‍ മാത്രം (മിക്കവാറും എല്ലാര്‍ടേം സ്ത്ഥിതി അതു തന്നായിരുന്നു )... അങ്ങനെ ഇരിക്കവെ ആണു ആ ചെറുപ്പക്കാരന്റെ ഒരു അടുത്ത സുഹൃത്തിന്റെ കല്യാണം വന്നത്‌.... അപ്പോള്‍ ആ സുഹൃത്ത്‌ ബാകി സുഹൃതുക്കളേയും കൂട്ടി സുഹൃത്ബന്ധം പുലര്‍ത്താന്‍ സുഹൃത്തുക്കളെ... ഛെ പണ്ഠാരം.. .ആക്ച്വലി ഒരു പാര്‍ട്ടി നടത്തി അതാണു ഉദ്ധേശിച്ചത്‌.. ഹാ... യാ.. അപ്പൊ പര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നമ്മള്‍ടെ മറ്റേ ലവനും ഉണ്ടായിരുന്നു...

വെള്ളമടി തുടങ്ങി.... ബ്ലും ബ്ലും ബ്ലും (സൗണ്ട്‌ എഫ്ഫെക്റ്റ്‌)

ഒഴിക്കും അടിക്കും.. ഒഴിക്കും അടിക്കും.. അടിക്കും അടിക്കും അടിക്കും... അങ്ങനെ ഒന്നല്ല രണ്ടല്ല മൂന്നല്ല നാലല്ല... (സോറി അതു വരെ എണ്ണാനെ എനിക്കും കഴിഞ്ഞുള്ളു) അങ്ങനെ എത്രയെന്നില്ലാതെ അടിച്ചു... ഓസിനു കിട്ടുന്നതല്ലെ മുതലാക്കാമെന്നു തന്നെ തീരുമാനിച്ചു... അടികഴിഞ്ഞതും മദ്യപാനി ആയ ചെറുപ്പക്കാരന്‍ ആടാന്‍ തുടങ്ങി... ഇതിനു മുന്നെ പാമ്പു വേലായുധന്റെ exhibitionല്‍ ആണു അങ്ങനൊരു ആട്ടം ഞാന്‍ കണ്ടിട്ടുള്ളത്‌... കൊത്തീ കൊത്തീല കൊത്തീ കൊത്തീല അവസാനം കുഴപ്പമൊന്നുമില്ല എന്നും പറഞ്ഞ്‌ എല്ലാരും പിരിഞ്ഞു.... പൊകുന്ന വഴിക്കു ഞാന്‍ ചെറുപ്പക്കാരനോടു ചൊദിച്ചു

ഞാന്‍: സ്കളിയാ..... സ്കലിപ്പുണ്ടോ... സ്സെ.. ടേയ്‌.. സ്കിങ്ങോട്ടൊന്നു സ്നോക്കിയെ.... സ്സെ.. ടേയ്‌...

ലവന്‍: സ്കില്ലളിയാ.... സ്കടിച്ചതു സ്വല്‍പ്പം സ്കൂടി പോയി... സ്സെ.. സ്കിപ്പൊ സ്കെരിയാവും... സ്കൊന്നു സ്നോര്‍മലാീട്ടു... സ്ഞ്ഞാന്‍ വീട്ടില്‍ സ്പോകും.. ssgudnight...

ഞാന്‍: ശെരി സ്കളിയ... ssgudnight.. (ഞാന്‍ പോയി)

നേരം ഒത്തിരി വൈകീട്ടും ചെറുപ്പക്കാരന്റെ വിളി വന്നില്ല... ഞാന്‍ നമ്മുടെ സ്പോന്‍സര്‍ സുഹൃത്തിനെ വിളിച്ചു...

ഞാന്‍:സ്കളിയാ... സ്കവന്‍ സ്സ്‌..വീട്ടില്‍ സ്പോയോടേയ്‌... സ്സെ... ??

സുഹൃത്ത്‌: അളിയോാ ഒന്നും പറയണ്ട... അതു പടമായി.. ഇപ്പൊ എന്നെ വിളിച്ചിരുന്നു അനങ്ങാന്‍ വയ്യെന്ന്... അവന്‍ വിളിച്ചിട്ടു പറയുവ ... ഞാന്‍ പഴയ സ്പോട്ടില്‍ തന്നെ ഉണ്ട്‌... ഒരു മാറ്റവും ഇല്ല എന്ന്.. ഞാന്‍ അങ്ങോട്ടു പോകുവാണ്‍ അവനെ കൊണ്ടോയി വിട്ടേച്ചും വരാം...

ഞാന്‍:സ്കോകെ.. നല്ല ഠമാാര്‍ സാധനം... നീ അവനെ വിട്ടെച്ചും വിളിക്കു ഓകെ ??

സുഹൃത്‌: sure ...

ഫോണ്‍ വെച്ച്‌ കിടക്കയില്‍ കിടന്ന ഞാന്‍ കണ്ടതു മുഴുവന്‍ ദുസ്വപ്നങ്ങളായിരുനു.... സ്വപ്നത്തില്‍...

ക്ലാസ്സ്‌ കട്ട്‌ ചെയ്തു ക്യാന്റീനില്‍ ഇരുക്കുന്ന ഞാന്‍... പെട്ടെന്നു എന്റെ, ഞാന്‍ അങ്ങേ അറ്റം ബഹുമാനിക്കുകയും... എന്നെ അന്യായമായി സ്നേഹിക്കുകയും ചെയ്തിരുന്ന എന്റെ സ്നേഹ സം-പന്നനായ ക്ലാസ്സ്‌ സാര്‍ വന്നു.. ഞാന്‍ പതുക്കെ പതുക്കെ ശബ്ദമുണ്ടാക്കാതെ പുറത്തു ചാടാന്‍ തുടങ്ങുവായിരുന്നു... പെട്ടെന്നൊരു മണി മുഴങ്ങി.. ഞാന്‍ ഞെട്ടി... ക്ലാസ്സ്‌ വിട്ടതാണൊ.. സാര്‍ എന്നെ കണ്ടു... ഞാന്‍ ഞെട്ടി ഉണര്‍ന്നു... അമ്മേ !!!

പണ്ഠാരം മണി അടിചതല്ല മൊബൈല്‍ അടിച്ചതാണ്‍... എനിക്കറിയാവുന്ന തെറിയൊക്കെ മനസ്സില്‍ വിളിച്ചു കൊണ്ടു ഞാന്‍ ആ കോള്‍ എടുത്തു.. അതു നമ്മുടെ സ്പോന്‍സര്‍ സുഹൃത്തായിരുന്നു...

സുഹൃത്ത്‌: ടായ്‌ .. അവന്റെ കാര്‍ ബാറ്ററി ഡൌണ്‍ ആണു... അവനും ഡൌണ്‍ ആണു.. അതുകൊണ്ടു ഞാന്‍ അവനെ എന്റെ വീട്ടില്‍ കൊണ്ടു വന്നു... എന്തു ചെയ്യാനളിയ... നാറി എന്നു പറഞ്ഞാല്‍ മതിയല്ലൊ.. അവനാണെ ഒടുക്കത്തെ ഇംഗ്ലീഷ്‌... പണ്ഠാരവടങ്ങാന്‍ എനിക്കൊന്നും മനസിലാകുന്നുമില്ലാ.....

ഞാന്‍:സ്ച്ശയേ (ഛെ)!!! അവനത്രക്കു കലിപ്പാണൊ ?? വണ്ടിക്കൊന്നും പറ്റീലല്ലൊ അല്ലെ ??

സുഹൃത്ത്‌: ഒന്നും പറയണ്ട അളിയ... ഫസ്റ്റ്‌ ഗിയര്‍ ഇട്ടേച്ച്‌ തിരിഞ്ഞിരുന്നു നോക്കിയാല്‍ വണ്ടി പുറകോട്ടു പൊകുമെന്നും വെച്ച്‌ വണ്ടി എടുത്തു അവിടുത്തെ മതിലില്‍ കൊണ്ടിടിച്ചു... രണ്ടു ലൈറ്റും പൊട്ടി... നാളെ വല്ല മെക്കാനിക്കിനേം വിളിചു ശെരി ആക്കാം..

ഞാന്‍:ശ്ശ്ച്സെരി (ശെരി)!! അളിയാ... ഗുഡ്നൈറ്റ്‌...

സുഹൃത്ത്‌:ഗുഡ്നൈറ്റ്‌ !!

അങ്ങനെ സ്പോന്‍സര്‍ ചെയ്ത സുഹൃത്ത്‌ ശശിയായി.. രാത്രി മൊത്തം ചെറുപ്പക്കാരന്റെ കൂര്‍ഖവും കേട്ടു... തെറിയും (english) കേട്ടു ഉറങ്ങേണ്ടി വന്നു...

അടുത ദിവസം ആ ചെറുപ്പക്കാരനെ കണ്ടപ്പൊള്‍.. അവന്റെ മുഖത്ത്‌ ഒട്ടും ചമ്മലില്ലായിരുന്നു... എന്തായാലും അന്നു ഞാന്‍ ഒരു പാഠം പടിച്ചു...

വ്വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം.. ഇല്ലെങ്കില്‍ കാറില്‍ കിടന്നുറങ്ങണം.

നമോവാകം !!

Sunday, August 3, 2008

പരിപ്പുവട !! :)

കഥ നടക്കുന്നതു ഞാന്‍ Mar Ivanios Collegeല്‍ degreeക്കു പടിക്കുന്ന കാലത്താണു, വളരെ brilliant students ആയിരുന്നതിനാല്‍, ഞങ്ങല്‍ കുറച്ചു പെരെ ക്ലാസ്സിലുള്ളവര്‍ക്കും കോളേജിലുള്ളവര്ക്കും നല്ല ബഹുമാനം ആയിരുന്നു, അതു പൊലെ തന്നെ സ്നേഹ സമ്പന്നനായിരുനു ഞങ്ങള്‍ടെ ക്ലാസ്സ്‌ സാറും, ഇടക്കിടക്കു സ്നേഹം കൂടുമ്പൊ പുള്ളി വീട്ടില്‍ നിന്നും അച്ഛനേം അമ്മയേയും വിളിപ്പിക്കുമായിരുന്നു, just for horror, ഫസ്റ്റ്‌ ഇയറില്‍ ഞാന്‍ ഒരു ദിവസം പൊലും വിടാതെ collegeല്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു, എന്നാലും ക്ലാസ്സില്‍ കയറിയതു ആകപ്പാടെ 6 ദിവസം മാത്രം, ഫസ്റ്റ്‌ ഇയറില്‍ attendance എടുക്കില്ല എന്ന വിശ്വാസമായിരുന്നു എനിക്കു, പക്ഷെ പതിവു പൊലെ എന്റെ വിശ്വാസങ്ങള്‍ തെറ്റുകയും, എന്റെ സ്നേഹ സം-പന്നനായ class sir attendance എടുക്കുകയും ചെയ്തു, ഒരു സമാധാന പറവയെ പൊലെ പറന്നു കൊണ്ടിരുന്ന എന്നെ കൂട്ടിലടക്കാന്‍ പുള്ളി ശ്രമങ്ങള്‍ തുടങ്ങി, parentsനെ വിളിപ്പിച്ചു, എന്റെ imageല്‍ അങ്ങേരു കരി വാരി തേച്ചു, പരീക്ഷ എഴുതാന്‍ പറ്റില്ലാന്നു വരെ പറഞ്ഞു, ഞാന്‍ പതറിയില്ല, ഞാന്‍ ഓര്‍ത്തു അങ്ങനെ തോറ്റു കൊടുക്കേണ്ട കാര്യമൊന്നുമില്ല, ഇതെന്താ വെള്ളരിക്കാ പട്ടണമോ ??, പിന്നെ ഒരു നിമിഷം പോലും വൈകിയില്ല നെരെ പോയി സാറിന്റെ കാലില്‍ വീണു, ഒരു വിധം അങ്ങേരെ കൊണ്ട്‌, പരീക്ഷ എഴുതാന്‍ സമ്മതം മൂളിപ്പിച്ചു, ( പരീക്ഷ എഴുതിയിട്ടും വലിയ ഗുനമൊന്നും ഇല്ലായിരുനു.. അതു പൊട്ടെ.. പറയുന്ന കേട്ടാല്‍ തോന്നും ബാക്കി പരീക്ഷകള്‍ എഴുതിയപ്പൊ ഗുണം ഉണ്ടായിരുന്നെന്ന്), എന്തായലും അങ്ങനെ ഫസ്റ്റ്‌ ഇയര്‍് അവസാനിച്ചു, സെക്കണ്ട്‌ ഇയര്‍് ആയപ്പൊ എനിക്കു മനസ്സിലായി ക്ലാസ്സില്‍ കയറിയില്ലെങ്കില്‍ സങ്ങതികള്‍ വഷളാകുമെന്ന്, അതു കൊണ്ട്‌ ഞാന്‍ മുടങ്ങാതെ ക്ലാസ്സില്‍ കയറി തുടങ്ങി എന്നായിരിക്കും നിങ്ങല്‍ കരുതുക but actually പഴയ പരിപാടി തന്നയിരുനു, ചെറിയ modification, attendance book മേടിച്ച്‌ എന്നും അതു തിരുത്തുമായിരുന്നു, ഇത്രയൊക്കെ പറഞ്ഞാലും ക്ലാസ്സില്‍ എന്തെങ്കിലും പരിപാടി നടത്തണമെങ്കില്‍ ഞങ്ങള്‍ കുറച്ചുപേരില്ലാതെ പറ്റില്ല (പറ്റിക്കത്തുമില്ല) അങ്ങനെ ഇരിക്കുമ്പൊളാണു ജൂനിയര്‍് പിള്ളേരു വന്നതു, അപ്പൊ association day എന്ന ഒരു day ഉണ്ട്‌, നമ്മുടെ Departmentലെ പിള്ളേരു മാത്രം പങ്കെടുക്കുന്ന, നമ്മുടെ പിള്ളേര്‍ടെ പരിപാടികള്‍ മാത്രമുള്ള day, ഞങ്ങളുടെ സീനിയേറ്ര്‍സ്‌ അതു നടത്തിയപ്പൊ അതില്‍ ഞങ്ങളുടെ (നേരതെ പറഞ്ഞ ഞാനുള്ള്പടേയുള്ള brilliant studentsന്റെ) ഡാന്‍സ്‌ ഉള്ള്പെടുത്തീല എന്ന simple കാര്യത്തിന്റെ പേരില്‍ ഞങ്ങള്‍ അതു അലൊങ്കോലപ്പെടുത്തിയിരുന്നു, അതുകൊണ്ട്‌ ഇപ്രാവിശ്യം "കലാ പരിപാടികള്‍" ഒന്നും വേണ്ട എന്ന് HOD (വലിയ പുള്ളിയാാ) പ്രത്യെകം നിര്‍ദേശിച്ചിരുന്നു, എന്തേലും കഴിക്കാന്‍ മാത്രം arrange ചെയ്യുക പിന്നെ technical talk (കൊപ്പു) ഒരെണ്ണം വെക്കാം. അതെങ്കില്‍് അത്, ഞങ്ങല്‍ നേത്രുത്വം ഏറ്റെടുത്തു പരിപാടികള്‍ അസൂത്രണം ചെയ്തു തുടങ്ങി, അപ്പോളാണു HOD ഇതിനെ പറ്റി discuss ചെയ്യാന്‍ എന്നെയും എന്നെ പോലെ Brilliant ആയ വെറൊരുത്തനെയും റൂമിലൊട്ടു വിളിപ്പിച്ചതു, ഒരു കാര്യം പറയാന്‍ മറന്നു പൊയി, ഞങ്ങളുടെ HODടെ ഇരട്ടപേരാണു "പരിപ്പുവട", ഇനി സംഭാഷണം ശ്രദ്ധിക്കുക:

HOD: hello സൂരജ്‌, എന്തായി plannings ഒക്കെ ?

ME: എന്താവാന്‍ സാര്‍ എന്നും discussion നടക്കുന്നുണ്ടു, ബിരിയാണി കൊടുക്കാം എന്നാണു ഇപ്പൊള്‍ നമ്മള്‍ തീരുമാനിചിരിക്കുന്നതു, സാര്‍ എന്തു പറയുന്നു ?

HOD: എന്ത്‌... !!, ഞാന്‍ guestനെ വിളിക്കുന്ന കാര്യം എന്തായി എന്നാണു ഉദ്ദേശിചതു, why are you concentrating on food,that is not the important thing, technical talk ആണു പ്രധാനം, do you understand?

ME: എന്നാ പിന്നെ food വേണ്ടെന്നു വെക്കാം എന്തേ ? (അല്ല പിന്നെ)

HOD: I dint mean that, food വേണം, പിന്നെ ബിരിയാണി ഒന്നും വേണ്ട, ഇവിടെ കല്യാണം ഒന്നും അല്ലല്ലൊ നടക്കുന്നതു, വല്ല snacksഉം മതി.

ME: സ്നാക്ക്സാാാ!! സര്‍ എന്താണു പറയുന്നതു :( സാര്‍..

HOD: പറഞ്ഞതു കേട്ടാല്‍ മതി

കൂടെ വന്നവന്‍ : എന്നാല്‍ നമ്മുക്കു ചായയും biscuitഉം ആക്കാം എന്താ സാര്‍ ?

ME: അതു വെണ്ടാ ചായയും "പരിപ്പുവടയും" മതി, അതാണു correct combination, എന്താ സാര്‍

പരിപ്പുവട എന്നു കെട്ടതും HODടെ മുഖം കാറ്റു പോയ ബല്ലൂണ്‍ പോലെ ആയി, സത്യം പറഞ്ഞാല്‍, ഞാന്‍ വെറെ ഒന്നും ഉദ്ദേശിച്ചില്ലായിരുന്നു

HOD: നിങ്ങടെ ഇഷ്ട്ടം പോലെ ചെയ്യു !!

ME: അപ്പൊ ബിരിയാണി ആക്കാനൊ സാര്‍ ?

HOD: No No ചായയും, പരി.. ഹ്‌ .. snacksഉം മതി !!

ME: സാര്‍ ചായയും പരിപ്പുവടയും ഫിക്സ്‌ ചെയ്യാം അല്ലെ ?

HOD: പറഞ്ഞില്ലെ ആയിക്കോളു !!

ME: ok സാര്‍ അപ്പൊ ചായയും പരിപ്പുവടയും, പരിപ്പുവട കാന്റീനില്‍ നിന്നു എടുക്കണോ ? അതൊ പുറത്തു നിന്നോ ?

സത്യാമായിട്ടും ഇപ്പളും ഞാന്‍ മനസാ വാചാ ഒന്നും ഉദ്ദെശിചിട്ടില്ലായിരുന്നു

HOD: will you please leave now, i have more important things to do. നമുക്കു പിന്നെ discuss ചെയ്യാം

ME: അല്ല സാര്‍ കാന്റീനിലെ പരിപ്പുവട അത്ര പോര അതോണ്ടാ ചോദിച്ചെ, sorry !!

HOD: ok ok whatever, അപ്പോ ബാക്കി കാര്യങ്ങള്‍ ഒക്കെ എങ്ങനാ ?

ME: സാര്‍ ബാക്കി കാര്യങ്ങള്‍ അതിപ്പൊ, കാന്റീനില്‍ നിന്നും ആണു പരിപ്പുവട എടുക്കുന്നതെങ്കില്‍ തലേന്നു പറഞ്ഞാ മതി അല്ല പുറതു നിന്നും ആണു പരിപ്പുവട എടുക്കുന്നതെങ്കില്‍ നേരത്തെ പറയണം

HOD: oh god, പരി.. ഹ്‌.., snacks വെണ്ടാ, ബിരിയാണി മതി, you may please go now

ME: Thank you sir, thank you very much, അല്ലേലും പരിപ്പുവട ഒക്കെ വെറും തറ അല്ലേ, നമ്മുക്കു ബിരിയാണി തന്നെ മതി, അതാകുംബൊ ഒരു standard ഉണ്ട്‌, ok then sir, thanks !!

സത്യമായിട്ടും ഇതു പറഞ്ഞപ്പളും ഞാന്‍ ഒന്നും ഉദ്ദെശിചിരുന്നില്ല ;)

ഇതേ കഥ, പിന്നീടൊരിക്കല്‍ ഒരു പെണ്‍കുട്ടിയോടു പറഞ്ഞായിരുന്നു, അവള്‍ടെ dad, Mar Ivaniosല്‍ ആണു ജൊലി ചെയ്യുന്നതെന്നു പിന്നീടാണു അറിഞ്ഞതു, പറഞ്ഞ്‌ വന്നപ്പൊള്‍ അതു മറ്റാരുമല്ല.. നമ്മുടെ സ്വന്തം.... പരിപ്പുവട ;) !!


Saturday, July 19, 2008

YESS ഞാനൊരു സംഭവമാണ്


YESS ഞാനൊരു സംഭവമാണ് , ഒരു വന്‍ സംഭവം, എന്ന് ഞാന്‍ തന്നെ എപ്പളും പറയാറുണ്ട് , കൂടാണ്ട് ചുറ്റുമുള്ളവര്‍ വല്ലപോഴും പറയാറുണ്ട്, so ഞാന്‍എങ്ങനെ ഒരു സംഭവമായി? അത് പറയനാണെ ഒത്തിരി ഉണ്ട് അതോണ്ട് അത് പറയുന്നില്ല പിന്നെ വേറെ എന്ത് പറയാം ? വേറെ പലതും പറയാം, അപ്പൊ നിങ്ങള്‍ ചോദിക്കും എന്തൊക്കെ പറയാമെന്നു, അപ്പൊ ഞാന്‍ പറയേണ്ടതൊക്കെ പറയും, അപ്പൊ... ഛെ.. പണ്ടാരം ഇച്ചിരി കാവ്യ മനോഭാവം ഉള്‍കൊള്ളിക്കാന്‍ നോക്കിയതാ കൊളമായി, അപ്പൊ നമ്മള്‍.. അല്ലെങ്ങില്‍ വേണ്ട.. നമുക്കു നേരിട്ടു കാര്യങ്ങളിലേക്ക് കടക്കാം, ഞാന്‍ ഇവിടെ എനിക്ക് തോന്നുന്ന തോന്ന്യാസങ്ങളൊക്കെ (തോന്നാത്തതെങ്ങനെ തോന്ന്യാസം ആകുമെന്നാണ് ചോദ്യമെന്കില്‍, ചോദിക്കാനുള്ള അവസരം പിന്നീട് തരുന്നതായിരിക്കും) എഴുതി പിടിപ്പിക്കും, ഇച്ചിരി humour sense കൂടി പൊയ് എന്നല്ലാണ്ട് എനിക്ക് വേറെ കുഴപ്പം ഒന്നുമില്ല കേട്ടോ, humour sense ആവിശ്യതിലും അതില്‍ കൂടുതലും ഉള്ളവര്‍ തുടര്‍ന്ന് വായിക്കുക, അല്ലാത്തവര്‍ തുടരാതെയോ അല്ലാണ്ടോ നിങ്ങളുടെ സൗകര്യം പോലെ വായിക്കുക !!

പണ്ടു കോളേജില്‍ സ്ക്റ്റൂകളില് സ്ക്രിപ്റ്റ് എഴുതി എഴുതി എഴുതി, കുറെ കയ്യ്അടി മേടിച്ചിടുണ്ട് , അങ്ങനെ ഇരികുംബോളാണ് ഇവിടെ അടുത്ത് തന്നെ വേറൊരു ബ്ലോഗില്‍ സ്ക്രിപ്റ്റ് എഴുതിയത് അപ്പോളാണ് ഞാന്‍ ഓര്‍ത്തത്‌ എനിക്കും സ്വന്തമായി ഒരു ബ്ലോഗ് ആയികുടെ എന്ന്, അത് ചോദിച്ചപ്പോള്‍ എന്റെ ചില സുഹൃത്തുകള്‍ എന്നെ പ്ര്രോള്‍ .. പ്രൊ.. ല്സ .. ഛെ.. encourage ഉം ചെയ്തു, അവര്‍ എനിക്ക് വേണ്ടി ഇത്രേം വലിയ റിസ്ക് എടുക്കുംമെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല, എന്റെ പോസ്റ്റുകള്‍ എല്ലാം ചളു (ചളി) നിറഞ്ഞു നില്കുന്നവ ആയിരിക്കും, പണ്ടൊക്കെ ഈ ചളു അടിക്കുന്നവന്മാരെ കണ്ടാല്‍ എനിക്ക് പുച്ഛം ആയിരുന്നു, പിന്നെ ആണ് മനസിലായത് അവന്മാര്കെല്ലാം വന്‍ ആരാധികമാരാണെന്ന് , പിന്നെ ഒന്നും നോക്കീല ഞാനും ചളു അടിക്കാന്‍ തുടങ്ങി, അങ്ങനെ ചളു അടിച്ചടിച്ച് അടി കിട്ടുമെന്ന് വരെ ആയി, എന്നിട്ടും ഞാന്‍ നിര്‍ത്തീല, ഇപ്പളും തുടരുന്നു, എന്റെ Humour Sense നെ എതിര്കുന്ന ആ ഭാലിശമായ സമൂഹത്തോട് എനിക്കെന്നും പുച്ഛ്മാണ് , എന്റെ ചളു ദൈവങ്ങളായ ദാസനെയും വിജയനെയും ശശിയേയും മനസ്സില്‍ ദ്യനിച്ച് അങ്ങട് തുടങ്ങാന്‍ പോകുവാണ്‌, ജയ് ചിന്ച്ചോ !!

Copyright